പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളില്‍ കേരള സമൂഹത്തില്‍നിലനിന്നിരുന്ന ജാതീയമായ വേര്‍തിരിവുകളും, കീഴ്ജാതിക്കാര്‍ അനുഭവിച്ചിരുന്ന സാമ്പത്തികവും, സാമൂഹികവുമായ ഉച്ചനീചത്വങ്ങളും ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ വിവരിക്കുന്ന അനില്‍ അയ്യപ്പന്റെ ഒരു പ്രഭാഷണം സാമൂഹിക സമ്പര്‍ക്ക മാധ്യമത്തിലൂടെ കേള്‍ക്കാന്‍ ഇടയായി. ക്രൈസ്തവ മിഷണറിമാരുടെ തീവ്രവും ഇച്ഛാശക്തിയുളള പ്രവര്‍ത്തനങ്ങളാണ് ഈ സാഹചര്യങ്ങളില്‍ നിന്ന് കാതലായമാറ്റങ്ങള്‍ വരുത്താന്‍ സഹായകരമായതെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. ചരിത്രാവബോധം ഉണര്‍ത്താന്‍, യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കാന്‍ ഇത്തരം മാധ്യമ ഇടപെടലുകള്‍ വഴിതെളിക്കുന്നു.

നവോത്ഥാനത്തെ കുറിച്ചുളള ചര്‍ച്ചകളില്‍ തമസ്‌കരിക്കപെടുന്ന ക്രൈസ്തപാരമ്പര്യത്തെക്കുറിച്ചുളള ചിന്തകളാണ്വരാപ്പുഴ രൂപതക്കാരനായ സച്ചിനെ ‘കാത്തലിക്ക് വൈബ്‌സ്’ (catholic vibes)എന്ന യൂറ്റിയൂബ് ചാനല്‍ തുടങ്ങാന്‍പ്രേരിപ്പിച്ചത്. സമകാലീന ചോദ്യങ്ങള്‍ക്കുളള കത്തോലിക്ക ഉത്തരങ്ങളാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. നിങ്ങള്‍ചോദ്യങ്ങള്‍ ചോദിക്കൂ അതിനുളള ക്രൈസ്തവ ഉത്തരങ്ങള്‍ ഞാന്‍ നല്‍കാമെന്നാണ് സച്ചിന്റെ നിലപാട്.

സഭയെന്നും ശാസ്ത്രത്തിന് എതിരാണെന്ന രീതിയിലുള്ള കാതലില്ലാത്ത പ്രസ്താവനകളെ പൊലിപ്പിച്ചുകാട്ടി, ചെറുപ്പക്കാരെ വിശ്വാസത്തില്‍ നിന്നുംവ്യതിചലിപ്പിക്കുന്നതിനെതിരെയുള്ളപ്രതികരണമായാണ് സിന്റോ തന്റെഫെയ്‌സ്ബുക് പേജില്‍, ശാസ്ത്രത്തിന് സംഭാവന ചെയ്ത ക്രൈസ്തവ വിശുദ്ധരെക്കുറിച്ചുള്ള പോസ്റ്ററുകള്‍ ഷെയര്‍ ചെയ്തു തുടങ്ങിയത്. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിലെ ജോലിക്കിടയിലും കത്തോലിക്കാ വിശുദ്ധര്‍ ശാസ്ത്രത്തിനു നല്‍കിയ സംഭാവനകളെക്കുറിച്ച് ഇതിനകം 60-ഓളംപോസ്റ്ററുകള്‍ നിര്‍മിച്ചു കഴിഞ്ഞു. സഭ എക്കാലത്തും ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളു എന്നദ്ദേഹം ഇതുവഴി സമൂഹത്തിനു സന്ദേശം നല്‍കുന്നു.

ക്രൈസ്തവ വിശ്വാസത്തെ സംബന്ധിച്ച് ചില പ്രസ്ഥാനങ്ങള്‍ നടത്തുന്ന തെറ്റായ പ്രബോധങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നിലകൊണ്ടതിന്റെ പേരില്‍ ശാരീരികമായ ആക്രമണവും, കള്ളക്കേസുകളിലും പ്രതിയാകേണ്ടി വന്ന വ്യക്തിയാണ് ഷിജു തങ്കപ്പന്‍എന്ന മിഷണറി പ്രവര്‍ത്തകന്‍. ആശുപത്രി കിടക്കയില്‍ വച്ച് അദ്ദേഹം പറഞ്ഞു:”നിങ്ങള്‍ക്കെന്റെ ശരീരത്തിന് ക്ഷതമേല്‍പിക്കാം, പക്ഷേ എന്റെ നിലപാടുകളെ മാറ്റാനാകില്ല. ഇതിനെ സംബന്ധിക്കുന്ന വീഡിയോകള്‍ ഞാനിനിയുമിറക്കും.”

കാമ്പസ് മിനിസ്ട്രിയിലെ റോഷന്റെയും കൂട്ടുകാരുടടെയും മനസ്സില്‍ മുളപൊട്ടിയ ആശയമായിരുന്നു ബൈബിള്‍ ട്രോളുകള്‍. ചെറുപ്പക്കാര്‍ക്ക് അവര്‍ക്ക് സ്വീകാര്യമായ രീതിയില്‍ ബൈബിളിലെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ റോഷനുംകൂട്ടുകാരും ശ്രമിക്കുന്നു.

സമയവും സാഹചര്യവും ആവശ്യപ്പെടുന്നതുപോലെ പ്രേഷിതത്വത്തിന്റെ എല്ലാതുറകളിലും ആശയവിനിമയ മാധ്യമങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സഭാമക്കളെല്ലാവരും ഒറ്റക്കെട്ടായി ഉത്സാഹപൂര്‍വം ശ്രമിക്കണമെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിശ്വാസ സമൂഹത്തോട് ആഹ്വാനംചെയ്യുന്നു. സമൂഹ മാധ്യമങ്ങളിലൂടെപടച്ചുവിടുന്ന, മനുഷ്യത്വത്തെ ഹനിക്കുന്നതും വിദ്വേഷം ജനിപ്പിക്കുന്നതുമായ സന്ദേശങ്ങള്‍ക്കെതിരെ വേണ്ടരീതിയിലും ശക്തമായ ഭാഷയിലും പ്രതികരിക്കാന്‍ നമ്മളിനിയും പഠിക്കണം. ഒപ്പം സോഷ്യല്‍ മീഡിയയുടെ അനന്ത സാധ്യതകള്‍ കണ്ടറിഞ്ഞ് സമൂഹത്തിന്റെ നന്മയ്ക്കായി അവ ഉപയോഗിക്കാനും.


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here


 

എഡിറ്റര്‍-ഇന്‍-ചീഫ്
jjadvocatesjy@gmail.com