ക്രിസ്ത്യാനി അല്ലേ നീ.. എന്നിട്ട് ജപമാല അണിയാത്തത് എന്താണ്?ചോദ്യം കേട്ട് അറിയാതെ കഴുത്തില്‍ ഒന്ന് പരതി നോക്കി.ശ്ശോ.. ജപമാല ഇല്ലല്ലോ. കുറച്ചുവര്‍ഷങ്ങള്‍ പിന്നിലേയ്ക്ക് പോയിക്കഴിഞ്ഞാല്‍ കൊന്തയൊക്കെകഴുത്തിലണിഞ്ഞു ഒരിക്കല്‍ പോലുമത് ചൊല്ലാതെ, എവിടെയെങ്കിലുംവച്ച് ജപമാല പ്രാര്‍ഥനയില്‍ പങ്കുചേരേണ്ടിവന്നാല്‍ അസ്വസ്ഥമായിരുന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു. കേവലമൊരു അലങ്കാര വസ്തുവായി കൊന്തയെ പ്രതിഷ്ഠിച്ചിരുന്ന ഒരു ക്രിസ്ത്യാനി. എന്തൊരു വിരോധാഭാസം അല്ലേ… കഴുത്തില്‍ നിന്നും ഹൃദയത്തിലേക്കുകൂടി നമ്മുടെ ജപമാലഭക്തി വളര്‍ത്തേണ്ടതില്ലേ? ഒക്ടോബര്‍ ജപമാലമാസമായി സഭ ആചരിക്കുന്ന അവസരത്തില്‍ ജപമാലയെക്കുറിച്ച് അത്യാവശ്യം കുറച്ചു കാര്യങ്ങള്‍ അറിഞ്ഞിരിക്കണമല്ലോ.. അതിനുള്ള ഒരു ചെറിയ ഉദ്യമമാണ് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്.

കത്തോലിക്ക സഭയില്‍ ഈ ഭക്തമുറ എങ്ങനെയാണു വന്നത്?

ആദിമക്രിസ്തീയ സന്യാസസമൂഹങ്ങളില്‍ പ്രാര്‍ഥനകള്‍ ജപച്ചരടുകളുടെ സഹായത്തോടെ ചൊല്ലിയിരുന്നതായി ചരിത്രം രേഖപെടുത്തുന്നു. ജപമാല ക്രമപ്പെടുത്തിയിരിക്കുന്നത് മുഖ്യമായും കര്‍തൃപ്രാര്‍ഥനയും (സ്വര്‍ഗസ്ഥനായ പിതാവേ..) മാലാഖയുടെയും എലിസബത്തിന്റെയും അഭിവാദനവും (നന്മ നിറഞ്ഞ മറിയമേ സ്വസ്തി) അടിസ്ഥാനമാക്കിയാണല്ലോ. തന്മൂലം അത് വിശ്വാസികളുടെപ്രഥമ പ്രാര്‍ഥനയും പ്രഥമഭക്തിയും ആയിരുന്നു. എന്നിരുന്നാലും നാം ഇന്നുപയോഗിക്കുന്ന രീതിയില്‍ ജപമാല തിരുസഭയ്ക്കു ലഭിച്ചത് 1214-ല്‍ വി. ഡൊമിനിക്കിലൂടെയാണ്. അല്‍ബിജെന്‍സിയന്‍സിനെയും മറ്റു പാഷണ്ഡികളെയും മാനസാന്തരപ്പെടുത്തുന്നതിനുള്ള ശക്തമായ ഒരുപാധിയായി പരിശുദ്ധ കന്യാമറിയത്തില്‍ നിന്നാണ് അദ്ദേഹത്തിന് ജപമാല ലഭിച്ചത്. പരിശുദ്ധ അമ്മയുടെ നിര്‍ദേശമനുസരിച്ചു വി. ഡൊമിനിക് അനേകരെ ജപമാല പ്രാര്‍ഥനയിലൂടെ
പാഷണ്ഡതയില്‍ നിന്നും രക്ഷിക്കുകയും ചെയ്തു. കാലക്രമേണജപമാല ഭക്തിയെ ലോകത്തിന്റെ നാനാഭാഗങ്ങളിലും എത്തിച്ചതും ഡൊമിനിക്കന്‍ സന്യാസസമൂഹമാണ്. വാഴ്ത്തപ്പെട്ട അലന്‍ ഡി ലാറോഷ് എഴുതിയ ‘പരിശുദ്ധ ജപമാലയുടെപ്രാധാന്യവും മനോഹാരിതയും’ എന്ന പുസ്തകത്തില്‍വി. ഡൊമിനിക്കിന് ജപമാല ലഭിച്ച സംഭവത്തെ മനോഹരമായി വിവരിച്ചിട്ടുണ്ട്.

പൈശാചിക തന്ത്രങ്ങളില്‍ നിന്നും സംരക്ഷണം തേടി ജപമാല ചൊല്ലുന്നത് വളരെ ഫലപ്രദമാണ്. ഇത് നാരകീയ ശക്തികളുടെ മേല്‍ പ. അമ്മയ്ക്കുള്ള അധികാരം തെളിയിക്കുന്നു. വത്തിക്കാനിലെ മുഖ്യ ഭൂതോച്ചാടകനായിരുന്ന ഫാ. ഗബ്രിയേല്‍ അമോര്‍ത്ത് ഉച്ചാടനകര്‍മത്തിനിടയ്ക്ക് പിശാചുമായുണ്ടായ സംവാദത്തില്‍ പിശാച് ഇപ്രകാരം പറഞ്ഞതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: ”മറിയത്തിന്റെ നാമം ഉച്ചരിച്ചുകേള്‍ക്കുമ്പോള്‍ ഞാന്‍ വളരെ ഭയപ്പെടുന്നു കാരണം, സൃഷ്ടാവിന്റെ പ്രഹരത്തെക്കാളധികമായി ഒരു സൃഷ്ടിയായ മറിയത്തിന്റെ പ്രഹരം എന്നെ ലജ്ജിതനാക്കുന്നു.”

മരിയ ഭക്തിയില്‍ ചില തെറ്റിധാരണകള്‍ അടുത്തകാലത്തുപ്രചരിക്കുന്ന സാഹചര്യത്തില്‍ ജപമാലയെക്കുറിച്ചു മനസ്സിലാക്കുമ്പോള്‍ പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ അടിസ്ഥാനപരമായ പ്രബോധനങ്ങള്‍ കൂടി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

ദൈവത്വത്തിന്റെ പൂര്‍ണത മുഴുവന്‍ ശാരീരികമായി ആരില്‍ വസിക്കുന്നുവോ അവനെ ഗര്‍ഭം ധരിക്കാനാണ് പ. മറിയം ക്ഷണിക്കപ്പെട്ടത്. പരിശുദ്ധാത്മാവിന്റെ ദൗത്യം എപ്പോഴുംപുത്രന്റെ ദൗത്യത്തോടു ബന്ധപ്പെട്ടിരിക്കുന്നതും അതിനായിനിയോഗിക്കപ്പെട്ടിരിക്കുന്നതുമാണ്. കന്യാമറിയത്തിന്റെ ഉദരത്തെ പവിത്രീകരിക്കുവാനും അവളില്‍ നിന്ന് എടുക്കപ്പെട്ട മനുഷ്യ പ്രകൃതിയില്‍ പിതാവിന്റെ നിത്യ സുതനെ ഗര്‍ഭം ധരിക്കുവാനായി അവളെ സജ്ജീകരിച്ചുകൊണ്ടു ദൈവികമായി ഗര്‍ഭധാരണം സാധ്യമാക്കുവാനുമാണ് കര്‍ത്താവും ജീവദാതാവുമായ പരിശുദ്ധാത്മാവ് അയക്കപ്പെട്ടത് (CCC 484-485).. ദൈവകൃപയാല്‍ മറിയം തന്റെ ജീവിതകാലം മുഴുവന്‍ വ്യക്തിപരമായ എല്ലാ പാപങ്ങളില്‍ നിന്നും വിമുക്തയായിരുന്നു. മനുഷ്യപ്രകൃതി മുഴുവന്റെയും നാമത്തില്‍ സമ്മതമറിയിച്ചപ്പോള്‍ നമ്മുടെ രക്ഷയിലും പ. അമ്മ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. അതായതു രക്ഷയിലേക്കുള്ള യാത്രയില്‍ പ. അമ്മ നമുക്കു തുണയുണ്ട്. അതിനാല്‍ നാം അമ്മയോടൊന്നിച്ചു യേശുവിലേക്ക് യാത്ര ചെയ്യണം.

മറിയം നമ്മുടെ ആത്മീയമാതാവ് ആകുന്നത് എങ്ങനെ?

മറിയത്തിന്റെ ഏകപുത്രന്‍ യേശുവാണ്; എങ്കിലും മറിയത്തിന്റെ ആധ്യാത്മിക മാതൃത്വം യേശു രക്ഷിക്കാന്‍ വന്ന സര്‍വ മനുഷ്യരെയും ആശ്ലേഷിക്കുന്നതാണ്. മറിയം ലോകത്തിനു പ്രധാനം ചെയ്ത പുത്രന്‍ അനേകം സഹോദരന്മാരില്‍ പ്രഥമ ജാതനായിദൈവം നിയോഗിച്ചവന്‍ തന്നെയാണ്. മാതൃസഹജമായ സ്‌നേഹത്തോടെ അവരുടെ ജനനത്തിലും രൂപീകരണത്തിലും അവള്‍ സഹകരിക്കുന്നു (CCC 501, LG-63) തന്റെ അനുസരണം മൂലംമറിയം ജീവിക്കുന്ന എല്ലാവരുടെയും അമ്മയായ നവീന ഹവ്വാആയി. കാരുണ്യവാനായ പിതാവിന്റെ തിരുഹിതം ഇപ്രകാരമായിരുന്നു: മനുഷ്യാവതാരത്തിനു മുന്‍പായി, മുന്‍കൂട്ടി തിരഞ്ഞെടുക്കപ്പെട്ട അമ്മയുടെ സമ്മതം ലഭിക്കണം. അങ്ങനെ ഒരു സ്ത്രീ മരണത്തിനു പങ്കുവഹിച്ചതുപോലെഒരു സ്ത്രീ ജീവനും പങ്കു വഹിക്കണം (LG 56)

സൃഷ്ടികളില്‍ വച്ചേറ്റവും പരിപൂര്‍ണയായവള്‍ പ. മറിയം മാത്രമാണ്.രക്ഷാകര പദ്ധതിക്കുവേണ്ടി പാപക്കറ കൂടാതെ അമലോത്ഭവയായി പിറന്നവള്‍. ക്രിസ്തുവിന്റെ ജനനത്തിനുവേണ്ടി ഇത്രയധികം വിശുദ്ധീകരിക്കപ്പെട്ട പ. മറിയം അതിനാല്‍തന്നെ ക്രിസ്തുവിനെ ഹൃദയത്തില്‍ സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്ന നമുക്ക് ഏറ്റവും ഉറപ്പുള്ള മധ്യസ്ഥയാണ്. ലോകദൃഷ്ടിയില്‍ ദുഃഖങ്ങള്‍ ഏറ്റുവാങ്ങിയപ്പോഴും ഉദരത്തില്‍ മാത്രമല്ല ഹൃദയത്തിലും മറിയം ക്രിസ്തുവിനെ വഹിച്ചിരുന്നു. പരസ്യ ജീവിതത്തിനു മുന്‍പ് വരെയുള്ള കാലത്തു പുത്രന്റെ ദൈവത്വം ലോകത്തിനു മുന്നില്‍ ദൈവഹിതപ്രകാരം മറയ്ക്കുകയുംകാനായിലെ കല്യാണ വിരുന്നില്‍ മഹത്വം അനാവൃതമാക്കുവാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. പുത്രന്‍ എത്രത്തോളം ഉയര്‍ത്തപ്പെട്ടുവോ അത്രത്തോളം മറിയം സ്വയം താഴ്ത്തപ്പെട്ടു.

ജപമാല പ്രാര്‍ഥന കാര്യസാധ്യത്തിനു വേണ്ടി മാത്രമോ?

ദൈവഹിതം തന്നില്‍ നിറവേറട്ടെ എന്നുപറഞ്ഞു സ്വയം കീഴടങ്ങിയ ദൈവമാതാവിനെ നമ്മുടെ ജീവിതത്തിലെ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രം സമീപിക്കുന്നത് യഥാര്‍ഥത്തില്‍ അമ്മഅര്‍ഹിക്കുന്ന ആധ്യാത്മിക അധികാരത്തിന്റെ വിലകുറയ്ക്കലല്ലേ? ഓരോ വിശുദ്ധജീവിതവും നമുക്കു പാഠപുസ്തകങ്ങളാണ്. സഹനത്തിലും സ്‌നേഹത്തിലും ദൈവത്തോട് സമരസപ്പെട്ടതാണവരെ അള്‍ത്താര വണക്കത്തിന് യോഗ്യരാക്കിയത്. ഏതൊരു വിശുദ്ധന്റെയോ വിശുദ്ധയുടെയോ മാധ്യസ്ഥം യാചിച്ചു പ്രാര്‍ഥിക്കുമ്പോഴും അവര്‍ പരിശീലിച്ച പുണ്യജീവിതത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും അങ്ങനെ ആ മാതൃക പിന്തുടര്‍ന്ന് ക്രിസ്തുവില്‍ ഐക്യപ്പെടുകയും വേണം. ആകുലതകളിലും ദുഃഖങ്ങളിലും ഒരു ക്രിസ്ത്യാനി മാതൃകയാക്കേണ്ടത് മറിയത്തിന്റെ ജീവിതമാണ്. സഹനങ്ങള്‍ ഒഴിവാക്കാനുള്ള എളുപ്പവഴിയായി ജപമാലയെ നാം കരുതിയിട്ടുണ്ടെങ്കില്‍ സഹനങ്ങളില്‍ വെളിപ്പെടാനുള്ള ദൈവകൃപയെ സ്വീകരിക്കാനും അപ്രകാരംവിശുദ്ധിയുടെ പടവുകള്‍ കയറുവാനുമായി ഇനി ഓരോജപമാലയെയും കാഴ്ചവയ്ക്കാം. കാലിത്തൊഴുത്തു മുതല്‍ കാല്‍വരി വരെ യേശുവിനെ തുണച്ച പ. മറിയത്തോടു മാധ്യസ്ഥം യാചിക്കുമ്പോള്‍ നമ്മുടെ ജീവിതങ്ങളെ ദൈവത്തിനു പ്രീതികരമായ വാസസ്ഥലമാക്കുവാനുള്ള ദൈവമാതാവിന്റെ ഈ ക്ഷണം സ്വീകരിക്കാം.

”സ്വര്‍ഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന വലിയ ചങ്ങലയാണ് ജപമാല” എന്നാണ് ലിസ്യുവിലെ വി. കൊച്ചുത്രേസ്യ പറഞ്ഞിട്ടുള്ളത്. അമ്മയുടെ കൈ പിടിച്ചു രക്ഷാകര രഹസ്യങ്ങളിലേക്ക് നാം നടത്തുന്ന ഒരു യാത്ര തന്നെയാണത്. ഒരു സമ്പൂര്‍ണ ജപമാല ചൊല്ലി സമര്‍പ്പിക്കുമ്പോള്‍ ഇപ്രകാരം ഒരു റൗണ്ട് നമ്മള്‍ പൂര്‍ത്തിയാക്കുന്നു. സഭ ക്രിസ്തുവിന്റെ മൗതിക ശരീരമാണെങ്കില്‍ പ. അമ്മയെ അതിലെ ഹൃദയമായി കരുതാവുന്നതാണ്. ശിരസ്സാകുന്ന ക്രിസ്തുവിനെയും മറ്റുഅവയവങ്ങളാകുന്ന നാമേവരെയും ഒന്നിച്ചു നിര്‍ത്തുന്ന മാതൃഹൃദയം. ചൊല്ലുന്ന ഓരോ ജപമാലയും നമ്മുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേയ്ക്കുയര്‍ത്തുന്ന നിശ്വാസങ്ങളാക്കി മാറ്റും. അങ്ങനെ വിശുദ്ധീകരണത്തിനുള്ള മാര്‍ഗമായി ഓരോ ജപമാലയും ഉയരട്ടെ.

ചൊല്ലിത്തീര്‍ക്കുന്ന ജപമാലകളുടെ എണ്ണത്തില്‍ അല്ല, ജപമാലയില്‍ നമ്മുടെ ഹൃദയങ്ങളെ ചേര്‍ത്തുവയ്ക്കുന്നതില്‍ ആവട്ടെ നമ്മുടെ ശ്രദ്ധ. സ്വന്തം ആത്മാവിനെയും മറ്റുള്ളവരുടെ ആത്മാക്കളെയും ക്രിസ്തുവിലേക്ക് അടുപ്പിക്കുന്ന ഒരുപരിമളധൂപം പോലെയാവട്ടെ നാം ഇനി മുതല്‍ അര്‍പ്പിക്കുന്ന ജപമാലകള്‍. കഴുത്തില്‍ ജപമാല ധരിക്കുന്നവരില്‍നിന്നും ഹൃദയത്തില്‍ ക്രിസ്തുവിനെ വഹിക്കുന്നവരിലേക്ക് അധികദൂരമില്ലല്ലോ.LG- Lumen Gentium


Are you inspired by this article?

Subscribe : Print Edition | Audio Edition| | Apple podcast | Google podcast | Sound Cloud

Donate Now : Click here

Send Feedback : Click here


 

രസതന്ത്ര ഗവേഷക & കാത്തലിക് ബ്ലോഗര്‍