“വളരെ ഡിപ്രഷനിലൂടെ കടന്നു പോയപ്പോളാണ് നീ ഇന്നലെ ഫേയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്ത ലേഖനം വായിച്ചത്; അത് സൂപ്പറായിരുന്നു, ഞാന്‍ ഉഷാറായി''

പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയിലെ ജീസസ്യൂത്ത് ഹൗസിലെ നിത്യാരാധന പ്പലില്‍ വച്ചാണ് കാവിയുടുത്ത ഒരു കത്തോലിക്കാ സന്യാസിയെ ജീവിതത്തിലാദ്യമായി ഞാന്‍ കാണുന്നതും പരിചയപ്പെടുന്നതും. കമ്പൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദത്തിനുശേഷംഡല്‍ഹിയില്‍ ഒരു സോഫ്റ്റ്വെയര്‍ സ്ഥാപനത്തില്‍ ജോലിയാണെന്നും ആറുമാസത്തിനുള്ളില്‍ അമേരിക്കയിലേക്ക് പോകുമെന്നും പറഞ്ഞപ്പോള്‍ അദ്ദേഹമെന്നെ ഇങ്ങനെ ഉപദേശിച്ചു: ”അനന്ത സാധ്യതകളുള്ള ഇന്റര്‍നെറ്റിലൂടെ ഒരു നവ സുവിശേഷവത്ക്കരണം സ്വപ്നം കാണുക. അതിനായി തീക്ഷ്ണമായി പ്രവര്‍ത്തിക്കുക”. ഇന്നത്തെപോലെ Instagram, Twitter, WhatsApp മുതലായവയോ എന്തിനു YouTub പോലും ഇല്ലാതിരുന്ന കാലത്ത് ഒരു വെബ്‌സൈറ്റ് ഉണ്ടാക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നിനും എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയുംകിട്ടിയില്ല. ഇനി വെബ്‌സൈറ്റ് ഉണ്ടാക്കിയാല്‍ തന്നെ പോസ്റ്റ് ചെയ്യാന്‍ ലേഖനങ്ങള്‍ എവിടുന്നു കിട്ടും, ലേഖനങ്ങള്‍ ആരാണ് എഡിറ്റ് ചെയ്യുക ആരിതൊക്കെ കോ-ഓര്‍ഡിനേറ്റു ചെയ്യും എന്നൊക്കെയുള്ള ചിന്തകളായി. എടുത്താല്‍ പൊങ്ങാത്ത പ്രൊജക്റ്റാണിതെന്ന് അന്നെനിക്ക് തോന്നി.

ഇന്ന് ഇന്റര്‍നെറ്റില്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും സുലഭമാണ്. പരിശുദ്ധാത്മാവ് കൂടെക്കൂടെ ആ സന്യാസിയുടെ വാക്കുകള്‍ എന്നെ ഓര്‍മപ്പെടുത്തിയിരുന്നതിനാല്‍,സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ എങ്ങനെ നവ സുവിശേഷവത്ക്കരണം സാധ്യമാകും എന്നായി എന്റെ ചിന്തകള്‍. ഫേയ്‌സ്ബുക്കിലൂടെ ശാലോം, സെഹിയോന്‍ മുതലായ മിനിസ്ട്രികളുടെ വീഡിയോകളും ലേഖനങ്ങളും മറ്റും എല്ലാ ദിവസവും ഷെയര്‍ ചെയ്യാന്‍ തുടങ്ങി. അത് കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരുവാന്‍ വേണ്ടി അറിയാവുന്നവരെയും അറിയാത്തവരേയുമെല്ലാം ഫെയ്‌സ്ബുക് ഫ്രണ്ട്‌സാക്കി. കൂടാതെ വാട്‌സാപ്പില്‍ പല ബ്രോഡ്കാസ്റ്റ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയും മറ്റു WhatsApp ഗ്രൂപ്പുകളിലും Instagram, Twitter, YouTube, GroupMe, Snapchat തുടങ്ങി എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പുതിയ അക്കൗണ്ടുകള്‍ ഉണ്ടാക്കി ലേഖനങ്ങളും അനുഭവക്കുറിപ്പുകളും മറ്റും എല്ലാ ദിവസവും തന്നെ ഷെയര്‍ ചെയ്യാന്‍ തുടങ്ങി. ആദ്യമൊക്കെ മറ്റുള്ളവര്‍ എന്തുവിചാരിക്കുമെന്ന ചിന്ത എന്നെ പുറകോട്ടു വലിച്ചിരുന്നുവെങ്കിലും ആരോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത, ”മനുഷ്യരുടെ മുന്‍പില്‍ എന്നെ ഏറ്റു പറയുന്ന ഏവനെയും എന്റെ പിതാവിന്റെ മുന്‍പില്‍ ഞാനും ഏറ്റു പറയും” എന്ന ബൈബിള്‍ വചനം എനിക്ക് കൂടുതല്‍ ബോധ്യവും ഊര്‍ജവും നല്‍കി.

”വളരെ ഡിപ്രഷനിലൂടെ കടന്നു പോയപ്പോളാണ് നീ ഇന്നലെ ഫേയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത ലേഖനം വായിച്ചത്; അത് സൂപ്പറായിരുന്നു, ഞാന്‍ ഉഷാറായി” തുടങ്ങിയ അനേകംപോസിറ്റീവ് ഫീഡ്ബാക്കുകള്‍ പിന്നീട് ലഭിച്ചു തുടങ്ങി. ഇത്തരം ഷെയറിങ്ങിലൂടെ പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നുവെന്ന ബോധ്യം കൂടുതല്‍ ഷെയര്‍ ചെയ്യുവാന്‍ എന്നെ പ്രചോദിപ്പിച്ചു.പാലായില്‍ കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ കെയ്റോസ് മാസികയുടെ വലിയൊരു ആരാധകനാണ് ഞാന്‍. ജീസസ് യൂത്തില്‍ കൂടുതല്‍ സജീവമാകാനുംക്യാമ്പസ് ടീമിന്റെ ഭാഗമാകാനും അന്നെന്നെഏറെ പ്രചോദിപ്പിച്ചത് കെയ്റോസ് മാസികയില്‍ വന്ന ലേഖനങ്ങളും അനുഭവക്കുറിപ്പുകളുമാണ്. ഒറ്റയിരിപ്പിനു മുഴുവന്‍ വായിച്ചു തീര്‍ക്കാറുള്ള ഏക മാസികയും കെയ്റോസ്തന്നെ. അമേരിക്കയില്‍ വന്നതിനുശേഷവും കെയ്റോസ് മാസിക വരുത്തുകയും ഇവിടത്തെ പ്രെയര്‍ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ‘നിങ്ങള്‍ എവിടെയാണോ, അവിടെ ശോഭിക്കുക, അഥവാ നട്ടിരിക്കുന്നിടത്ത് പുഷ്പിക്കുക’ എന്നപ്രചോദനം കെയ്റോസ് മാസികയില്‍നിന്നു ലഭിച്ചതിനാലാണ്, ഇവിടത്തെപല ജീസസ് യൂത്ത് ഗ്രൂപ്പുകള്‍ക്കും മിനിസ്ട്രികള്‍ക്കും തുടക്കം കുറിക്കാനായത്.

നാലഞ്ചു വര്‍ഷം മുന്‍പ് മാസികയിലെ ഒരു ലേഖനം ഫേയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്യുവാന്‍ നോക്കിയപ്പോളാണ്, ഏതാണ്ട് ഇരുപതോളം വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കെയ്റോസ് മാസികയ്ക്കു ഒരു വെബ്‌സൈറ്റില്ല എന്ന കാര്യം ശ്രദ്ധിച്ചത്. കെയ്‌റോസ് മാസികയുടെ ചീഫ് എഡിറ്റര്‍ ഡോ. ചാക്കോച്ചന്‍ ഞാവള്ളിയെ വിളിച്ച് മാസികയ്ക്ക് വെബ് സൈറ്റ് എന്ന ആശയം ഞാന്‍ പങ്കുവയ്ക്കുകയും അദ്ദേഹത്തിന്റെ അനുവാദത്തോടെ അതിന്റെ ജോലികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍,വെറും രണ്ടാഴ്ചകൊണ്ട് എന്റെ ഇടവകപള്ളിക്കുവേണ്ടി ഒരു വെബ്‌സൈറ്റ് പൂര്‍ത്തിയാക്കിയ എനിക്ക്, വിചാരിച്ചതിന് വിപരീതമായി ഓരോരോ തടസ്സങ്ങള്‍ കാരണം ഏതാണ്ട് ഒരു വര്‍ഷമായിട്ടും വെബ്സൈറ്റ്പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അപ്പോളാണറിയാന്‍ സാധിച്ചത് മുമ്പ് പലരും കെയ്‌റോസിനുവേണ്ടി ബ്ലോഗുകളും വെബ്‌സൈറ്റുംഉണ്ടാക്കാന്‍ ശ്രമിക്കുകയും പാതിവഴിയില്‍നിന്നുപോകുകയും ചെയ്തുവെന്ന്. വെബ്‌സൈറ്റ് പണി പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമോയെന്നും എല്ലാ മാസവുംഅപ്‌ഡേറ്റ് ചെയ്യുവാന്‍ സാധിക്കുമോയെന്നുമുള്ള ആകുലത എന്നെ വല്ലാതെ പിടികൂടി. പരിശുദ്ധ കന്യകാമറിയത്തിന്റെനാമധേയത്തില്‍ പുതിയതായി പണിതഞങ്ങളുടെ ഇടവക പളളിയുടെ വെഞ്ചിരിപ്പ്ദിവസം പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിനു മുമ്പില്‍ മുട്ടുകുത്തി നിന്നുകൊണ്ട് കെയ്‌റോസ് മാസികയും പുതിയ വെബ്‌സൈറ്റിനെയും അമ്മയുടെ വിമല ഹൃദയത്തിനു സമര്‍പ്പിച്ചു പ്രാര്‍ഥിച്ചു. അപ്പോള്‍ കര്‍ത്താവ് ഇങ്ങനെ ഒരു വചനം സന്ദേശമായി തന്നു. ”ഒരു വര്‍ഷം മുമ്പേ നിങ്ങള്‍അഭിലഷിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയ ഈ കാര്യം ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത് ഉത്തമമായിരിക്കുമെന്നു ഞാന്‍ഉപദേശിക്കുന്നു” (2 കൊറി 8,10). അത്ഭുതമെന്നുപറയട്ടെ, കുറച്ചു ദിവസങ്ങള്‍ക്കകം അമേരിക്കയില്‍ ഹൂസ്റ്റണ്‍ കേന്ദ്രീകൃതമായി കെയ്‌റോസ് മാസികയ്ക്ക് ഒരു വെബ്ടീമിന് രൂപം കൊടുക്കുവാനും വെബ്‌സൈറ്റ്പണി അതിവേഗം പൂര്‍ത്തിയാക്കുവാനും സാധിച്ചു.

ഇന്ന് www.kaiors.global എന്ന വെബ് അഡ്രസ്സില്‍ കെയ്‌റോസ് ഗ്ലോബല്‍ മാസികയുടെയും കെയ്‌റോസ് മലയാളം മാസികയുടെയും ഓണ്‍ലൈന്‍ എഡിഷനും ഡിജിറ്റല്‍ എഡിഷനും ലഭ്യമാണ്. കൂടാതെ Instagram, Twitter, YouTube, GroupMe, WhatsApp, Facebook, Mailchimp തുടങ്ങിയ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലും കെയ്‌റോസ് വളരെ സജീവവമാണ്. എല്ലാ ദിവസവുംതന്നെ ലേഖനങ്ങളും അനുഭവങ്ങളും അഭിമുഖങ്ങളും പിന്നെ പോസ്റ്ററുകള്‍ വീഡിയോകള്‍ എന്നിവയും പോസ്റ്റ്ചെയ്യുന്നു. തിരക്കിനിടയില്‍ മാസിക വായിക്കുവാന്‍ സമയമില്ല, ഒരോഡിയോ മാസിക ഉണ്ടായിരുന്നെങ്കില്‍ ഡ്രൈവിങിനിടയിലും ട്രാവല്‍ ചെയ്യുമ്പോഴും ജോലിയിലായാല്‍ പോലും കേള്‍ക്കാമായിരുന്നു എന്നഭിപ്രായപ്പെട്ടവര്‍ക്കായി ഇപ്പോള്‍ Apple Podcast, Google Podcast, Sound Cloud, YouTube എന്നീ പ്ലാറ്റ്‌ഫോമുകളില്‍ കെയ്‌റോസ് ഓഡിയോ മാഗസിനുകളും ലഭ്യമാണ്. കൂടാതെ Zoom, YouTube Live, FaceBook Live എന്നി പ്ലാറ്റ്‌ഫോമുകളിലൂടെ യുവജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിവിധ വിഷയങ്ങളില്‍ വെബിനാറുകളും നടത്തപ്പെടുന്നു.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാന്‍ നമുക്ക് അതിയായ ആഗ്രഹമുണ്ടെങ്കിലും ചിലപ്പോള്‍ അതിനുളള കഴിവോധൈര്യമോ എനിക്കില്ലായെന്ന തോന്നലുണ്ടാകാം. ആരോട് പറയണം എങ്ങനെ പറയണം എന്തു ചെയ്യണം എന്നൊക്കെയുള്ള കണ്‍ഫ്യൂഷനിലുമായിരിക്കാം. എന്നാല്‍ കെയ്‌റോസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നമ്മുടെ കര്‍ത്താവിന്റെ സുവിശേഷംഅനേകരിലെത്തിക്കുവാന്‍ വലിയ സാധ്യത
നമുക്ക് മുമ്പില്‍ തുറന്നു തരുന്നു. ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകള്‍ ഉപയോഗിച്ച്ഇതിലെ അനുഭവങ്ങളും ലേഖനങ്ങളുമൊക്കെ നമുക്കും ഷെയര്‍ ചെയ്യാം. നമ്മുടെ ഒരു ഷെയറിങ് അനേകരെ കര്‍ത്താവിലേക്ക് തിരിച്ചുകൊണ്ടുവരാനും അടുപ്പിക്കാനും ആത്മീയമായി ഉണര്‍ത്താനും കാരണമാകാം. തീരാദുഃഖത്തില്‍നിന്നോ കടുത്ത മാനസിക സംഘര്‍ഷത്തില്‍നിന്നോ ഒരുപക്ഷേ, ഒരബോര്‍ഷനില്‍നിന്നോ ആത്മഹത്യയില്‍ നിന്നുപോലുമോഒരാളെയെങ്കിലും രക്ഷിക്കും. അതിനാല്‍”തീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെ ആത്മാവില്‍ ജ്വലിക്കുന്നവരായി കര്‍ത്താവിനെ ശുശ്രൂഷിക്കുവിന്‍” (റോമ 12,11) എന്ന തിരുവചനമോര്‍ത്തുകൊണ്ട് പ്രത്യാശയോടെനമുക്ക് മുന്നേറാം.

Kairos Malayalam Social Media Platforms

Read Kairos Malayalam Online   : http://mal.kairos.global/

Facebook                                       : https://www.facebook.com/ReadKairos

Twitter                                             : https://twitter.com/kairosmalayalam

Instagram                                       : https://www.instagram.com/kairosmalayalam

YouTube                                         :https://www.youtube.com/c/kairosmedia

Apple Podcasts                            : Kairos Malayalam Audio Magazine  

Google Podcasts                          : Kairos Malayalam Audio Magazine

SoundCloud                                  : soundcloud.com/kairosmedia

Kairos Global Social Media Platforms

Read Kairos Global Online      : http://eng.kairos.global

Facebook                                  :  https://www.facebook.com/ReadKairosglobal

Twitter                                        : https://twitter.com/readkairos

Instagram                                   : https://www.instagram.com/readkairos

YouTube                                      : Kairos Global

Apple Podcasts                          : Kairos Global Audio Magazine

Google Podcasts                        : Kairos Global Audio Magazine

SoundCloud                                 : soundcloud.com/kairosglobal


Are you inspired by this article?

Subscribe : Print Edition | Audio Edition| | Apple podcast | Google podcast | Sound Cloud

Donate Now : Click here

Send Feedback : Click here


 

ജോഷി ജോസഫ് ഭാര്യ ബീനയോടും നാല് മക്കളോടുമൊപ്പം അമേരിക്കയില്‍ ഹൂസ്റ്റണില്‍ താമസിക്കുന്നു. സിറ്റി ഓഫ് ഹൂസ്റ്റണില്‍ ആപ്ലിക്കേഷന്‍സ് മാനേജരായി ജോലിചെയ്യുന്ന ഇദ്ദേഹം കെയ്റോസ് മീഡിയ എക്‌സിക്യൂട്ടീവ് ടീമംഗവും കെയ്റോസ് ഗ്ലോബല്‍ മാസികയുടെ മാനേജിങ് എഡിറ്ററുമാണ്.