മെറിന്‍ ജോസഫ് എന്നൊരു IPS-കാരിയെക്കുറിച്ചു നിങ്ങള്‍ കേട്ടിട്ടുണ്ടോ? പുരുഷന്മാര്‍ക്കു മാത്രമെന്ന് കണക്കുക്കൂട്ടിയിരുന്ന കുറ്റാന്വേഷണ രംഗത്ത് അതിസാഹസികമായി തന്റെ കഴിവുകള്‍ കൊച്ചുപ്രായത്തില്‍തന്നെ തെളിയിച്ച ഒരു പെണ്‍കുട്ടിയാണിത്.ഒരു പതിമൂന്നുകാരിയെ മൃഗീയമായി ബലാത്സംഗം ചെയ്ത്, വലിയ സ്വാധീനങ്ങളോടെ നാടുകടന്ന് ഒളിവില്‍ കഴിഞ്ഞ പ്രതിയെ റിയാദില്‍ നിന്ന് തൂക്കിയെടുത്ത് നിയമത്തിനു മുമ്പില്‍ എറിഞ്ഞിട്ടത് ഈ ധീരവനിതയായിരുന്നു.

വെല്ലുവിളികളെ നേരിടാന്‍ തയ്യാറായിക്കൊണ്ട് ധീരതയോടെ, ദൃഢനിശ്ചയത്തോടെ, അതിസാഹസികമായി ദൗത്യങ്ങള്‍ ഏറ്റെടുക്കുവാന്‍ മെറിന് സാധിക്കുമായിരുന്നു. അതാണ് അവളുടെ സ്വഭാവത്തിലെ പ്രത്യേക ഗുണം. ആ മികവുകള്‍ സ്വയം തിരിച്ചറിഞ്ഞതുകൊണ്ട് തന്നെയാവാം IPS എന്ന സാധാരണമല്ലാത്ത, അപകടങ്ങള്‍ നിറഞ്ഞ ഒരു പന്ഥാവ് അവള്‍ തെരഞ്ഞെടുത്തതും. നാം തൊഴില്‍ അന്വേഷിക്കുമ്പോള്‍, ഉദ്യോഗത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വയം ഒരാത്മപരിശോധനക്കു തയ്യാറാകണം. തെരഞ്ഞെടുക്കുന്ന പന്ഥാവിനു വേണ്ടുന്ന കഴിവുകളും താല്‍പര്യവും ഉണ്ടോയെന്ന് നോക്കണം. ഒരു വലിയ അധികാരം കൈയാളുന്ന, ജനസ്വാധീനമുള്ളതും അതീവ സംതൃപ്തി തരുന്നതുമായ ഒരു രംഗമാണ് കജട. പക്ഷേ നമ്മില്‍ പലരുടെയും സ്വഭാവ സവിശേഷതകളും താത്പര്യവും ആ രംഗത്തിനു പര്യാപ്തമായി എന്നു വരുകയില്ല. അപ്പോള്‍ നാം നോക്കേണ്ടത് നമ്മുടെ മികവുകളെയും നമുക്കനുയോജ്യമായതിനേയുമല്ലേ?

ജോണ്‍സനു ചെറുപ്പം മുതലേ ജീവജാലങ്ങളോടൊക്കെ വലിയ വാത്സല്യമായിരുന്നു. പട്ടിയുടെ കാല്‍ മുറിഞ്ഞപ്പോള്‍ അതവന്‍ ബാന്‍ഡേജിട്ടു കെട്ടി. പക്ഷികള്‍ക്ക് തീറ്റ കൊടുക്കാനും അവയെ ശ്രദ്ധിക്കാനും വലിയ താത്പര്യമായിരുന്നു. പന്തുകളിയില്‍ ആര്‍ക്കെങ്കിലും കാല്‍ മുറിഞ്ഞാല്‍ അവിടെ ആദ്യം ഓടിയെത്തുന്നത് ജോണ്‍സനായിരിക്കും. മറ്റുള്ളവരുടെ ആവശ്യങ്ങളറിഞ്ഞു അവര്‍ക്കു സഹായം എത്തിക്കുന്ന, അവരുടെ ക്ഷേമത്തിനായിയത്‌നിക്കുകയും ചെയ്യുന്ന അനേകരെ നിങ്ങളും ശ്രദ്ധിച്ചിരിക്കും. അത്തരം സാമൂഹ്യബോധവും ഉത്തരവാദിത്വവുമുള്ള വ്യക്തികള്‍ ഏതു രംഗത്തും പ്രശോഭിക്കും. പ്രത്യേകിച്ചു, അവര്‍ക്കു സാമൂഹ്യ സേവനവും മെഡിക്കല്‍ പ്രൊഫഷനും മാനവശേഷി വകുപ്പുമൊക്കെ അനുയോജ്യമാണ്.

ഏകാന്ത പഥികര്‍

ജീവിതത്തിന്റെ ഒച്ചപ്പാടുകളില്‍ നിന്ന് ഒഴിഞ്ഞുമാറി തന്റേതു മാത്രമായ ഒരു ലോകത്തു ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ധാരാളമുണ്ട്. മനസ്സ് സ്വച്ഛമാണെങ്കില്‍, ഏകാന്തത ഇഷ്ടപ്പെട്ടതുകൊണ്ടു തെറ്റൊന്നുമില്ല. പക്ഷെ അത്തരം വ്യക്തികള്‍ ഈ സ്വഭാവം സ്വയം മാറ്റിയെടുക്കുന്നതാണ് കൂടുതല്‍ അഭികാമ്യം. ചിത്രരചനയും സാഹിത്യവും കരകൗശലവേലകളും വാസ്തുശില്പവും ഏകാന്ത പഥികര്‍ക്ക് ചേരും. സ്വയം ഉള്‍വലിയുന്ന, അധികമൊന്നും സൗഹൃദങ്ങളും ഒച്ചപ്പാടുകളും ഒന്നും ഇഷ്ടമില്ലാത്ത ഒരുപതിഞ്ഞ സ്വഭാവമുള്ളവരാണോ നിങ്ങള്‍ എങ്കില്‍ എന്ത് തൊഴിലാകും അനുയോജ്യമാവുക? നിങ്ങള്‍ക്ക് ശാസ്ത്രരംഗത്ത് റിസേര്‍ച്ച് ചെയ്യാം. അക്കൗണ്ടന്റ് ആകാം. കമ്പ്യൂട്ടര്‍ പ്രോഗ്രാമറാകാം. കലാകാരന്മാരാണെങ്കില്‍ ഇന്റീരിയര്‍ ഡെക്കറേഷന്‍, ഗ്രാഫിക് ഡിസൈനിങ്,പെയിന്റിംഗ്, സംഗീതം എന്നിങ്ങനെയുള്ള തൊഴിലുകള്‍ തിരഞ്ഞെടുക്കാം.

നേതൃത്വ പാടവം

തന്റെ കൂടെയുള്ളവരെ നയിക്കാനും അവര്‍ക്കു നിരന്തരം പ്രചോദനങ്ങള്‍ നല്‍കാനുമുള്ള ഒരു കഴിവുണ്ടെങ്കില്‍ ജീവിത വിജയത്തിലേക്കുള്ള നിങ്ങളുടെ യാത്ര അനായാസമാകും. ചിലര്‍ക്ക് ലീഡര്‍ഷിപ്പ് ക്വാളിറ്റി പരമ്പരാഗതമായിട്ടെന്നപോലെ ലഭിക്കാറുണ്ട്. എന്നിരിക്കിലും സ്വന്തം പ്രയത്‌നത്താലും നമുക്ക് ഈ കഴിവുകള്‍ പരിപോഷിപ്പിച്ചെടുക്കാം. നേതൃത്വത്തെ ഏറ്റെടുക്കാനുള്ള കഴിവുള്ളവര്‍ക്ക് എവിടെച്ചെന്നാലും എളുപ്പം മുന്നേറാം. വ്യവസായ ശാലകളിലും മെഡിക്കല്‍ മേഖലയിലും വിദ്യാഭ്യാസ രംഗത്തുമെല്ലാം നമുക്ക് നല്ല നേതാക്കന്മാരെ വേണം എക്കാലവും. ഇക്കൂട്ടര്‍ക്ക് സ്വന്തമായിത്തന്നെ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനും സാധിക്കും.

അനുയോജ്യമായ തൊഴില്‍

”ഒരു മനുഷ്യനെ മുടിചൂടിക്കുന്ന സൗഭാഗ്യം, തന്റെ യാത്രയില്‍ തനിക്കാനന്ദം പകരുന്നഒരു തൊഴില്‍ കണ്ടെത്തുന്നതിലാണ് – തൊഴില്‍ എന്തുമാകട്ടെ – കുട്ടയോ കനാലുകളോപ്രതിമകളോ ഗാനങ്ങളോ സൃഷ്ടിക്കുന്നതായിക്കൊള്ളട്ടെ.” എന്നാണ് റാല്‍ഫ് എമേഴ്‌സണ്‍ പറയുക. നമ്മുടെ സവിശേഷതകള്‍ക്കും അഭിരുചികള്‍ക്കും അനുസരിച്ചായിരിക്കണംനാം തൊഴില്‍ കണ്ടെത്താനും അതിനനുയോജ്യമായ ബിരുദങ്ങളോ ഡിപ്ലോമകളോനേടാനും. നമ്മുടെ സഹപാഠികള്‍ കുറേപ്പേര്‍ ഒരു കോഴ്‌സ് തെരഞ്ഞെടുത്തതുകൊണ്ട് നമ്മളും അതുതന്നെ ചെയ്യണമെന്നില്ല.

സൗഹൃദം സൃഷ്ടിക്കുന്നവര്‍

പെട്ടെന്ന് മുന്‍കൈയെടുത്തു സൗഹൃദം സൃഷ്ടിക്കുന്നതാണ് ചിലരുടെ പ്രകൃതം. എപ്പോഴും ആളുകള്‍ക്കിടയില്‍ മിണ്ടിയും പറഞ്ഞുമിരിക്കാനാണ് അവര്‍ക്കു താത്പര്യം. ചങ്ങാത്തങ്ങള്‍ക്കു വലിയ പ്രാധാന്യം കൊടുക്കുന്നവരാണിവര്‍. ചില കാര്യങ്ങളൊക്കെ ചെയ്യാന്‍ അവര്‍ മുന്‍കൈയെടുക്കും. ഈ പ്രകൃതം വാസ്തവത്തില്‍ ഏതൊരു രംഗത്തും ഫലപ്രദമായ ഒരു സിദ്ധിയായി പരിണമിക്കുന്നു. ചിലര്‍ക്ക് ഇതൊരു നൈസര്‍ഗികമായ സ്വഭാവ വിശേഷമാണ്. എങ്കിലും ആര്‍ക്കും അല്‍പം പരിശ്രമിച്ചാല്‍ ഈ രീതിയിലേക്ക് കൂറ് മാറാം. ഈ സ്വഭാവക്കാര്‍ക്കു മാര്‍ക്കറ്റിംഗ് മാനേജരായും പൊതുജന സമ്പര്‍ക്ക മേധാവിയായുമൊക്കെ നന്നേ തിളക്കമാര്‍ജിക്കാം.

നിരീക്ഷണ പാടവം

അപഗ്രഥിക്കാനും നിരീക്ഷിക്കുവാനും സൂക്ഷ്മദര്‍ശനങ്ങള്‍ നടത്താനുമൊക്കെ ചുരുക്കം ചിലര്‍ക്ക് കൂടുതല്‍ കഴിവുണ്ടാകും. ആരും ശ്രദ്ധിക്കാത്ത ചില കാര്യങ്ങള്‍ അവര്‍ക്കെളുപ്പം കാണാനും മനസ്സിലാക്കാനും കഴിയും. യുക്തിപരമായ വിശകലനത്തിനും കണ്ടെത്തലിനുമൊക്കെ ഒരു പ്രത്യേക സാമര്‍ഥ്യമുള്ള, ഉയര്‍ന്ന നിലവാരമുള്ള അത്തരം കുട്ടികളെ നാം കാണാറുണ്ട്. മെഡിക്കല്‍ പഠനങ്ങളിലും ശാസ്ത്ര ഗവേഷണ മേഖലയിലും വിദ്യാഭ്യാസ രംഗത്തും IT-യിലുമൊക്കെ അവര്‍ക്കു ഇഷ്ടംപോലെ അവസരങ്ങള്‍ ലഭിക്കും.

അന്നീസ് കണ്മണി

അന്നീസ് കണ്മണി എന്നൊരു കര്‍ഷക പെണ്‍കുട്ടിയുടെ കഥകൂടി കേട്ടോളൂ. പാമ്പാക്കുടഎന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ചു. തന്റെ കൂര്‍മ ബുദ്ധിയും പഠിക്കുവാനുള്ള സാമര്‍ഥ്യവും കൊണ്ടവള്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ നിന്ന് B.SC` നഴ്‌സിംഗ് പാസ്സായി.മത്സരബുദ്ധിയോടെ ജീവിതത്തില്‍ ഇനിയും വലിയ കാല്‍വയ്പുകള്‍ സാധ്യമാക്കണം എന്നവള്‍ നിശ്ചയിച്ചു. അവള്‍ IAS-നുള്ള പഠനം തുടങ്ങി.കഠിനമായ ശ്രമത്തിലൂടെ അവള്‍നേടിയത് അറുപത്തഞ്ചാമത്തെ റാങ്കാണ്. ഐ.എ.എസ്. നേടിയ ആദ്യത്തെ മലയാളി നഴ്‌സ്! ”പഠിച്ചു മിടുക്കിയാകണമെന്നും ഉയരത്തിന്റെ കൊടുമുടി കയറണമെന്നും വലിയൊരഭിലാഷം അവള്‍ക്കു ചെറുപ്പം മുതലേയുണ്ടായിരുന്നു. അതിനുള്ള കഠിനാധ്വാനത്തിനും അവള്‍ തയ്യാറായിരുന്നു” എന്നാണവളുടെ അമ്മയുടെ വാക്കുകള്‍. അഭിലാഷങ്ങള്‍ പൂവണിയിക്കാന്‍ നാംഒരു വില നല്‍കേണ്ടതുണ്ട്. അതാണ് കഠിനാധ്വാനം.

കൂടിക്കാഴ്ച

നാം തെരഞ്ഞെടുക്കുന്നതു ഏതു തൊഴിലായാലും അതിനു വേണ്ടുന്ന യോഗ്യതകള്‍നമുക്ക് സമ്പാദിക്കേണ്ടതുണ്ട്. എന്നിട്ടുവേണം ഇന്റര്‍വ്യൂവിനു പോകാന്‍. ആവശ്യമായ യോഗ്യതകള്‍ നിങ്ങള്‍ക്കുണ്ടെന്നു തൊഴില്‍ ദാതാക്കള്‍ക്കു പൂര്‍ണമായും ബോധ്യപ്പെട്ടില്ലെങ്കില്‍ അത്തരമൊരു കൂടിക്കാഴ്ചക്ക് പോയിട്ട് കാര്യമില്ല. ഇന്റര്‍വ്യൂ എങ്ങനെ നേരിടണമെന്ന് പഠിപ്പിക്കുന്ന പുസ്‌കങ്ങളില്‍ പറയുന്ന ഒരു സാധാരണ തത്ത്വമുണ്ട്:നാം ടെക്സ്റ്റ് ബുക്കുകളില്‍ കാണുന്നതു പോലെയുള്ള, റോബോട്ടിനു സമാനമായ ഉത്തരങ്ങള്‍ കേട്ട് ഇന്റര്‍വ്യൂ നടത്തുന്നവരുടെ ചെവികള്‍ മരവിച്ചിരിക്കുകയാണ്. ചിന്തിച്ച് നമ്മുടെ സ്വന്തം കൈയൊപ്പുള്ള, കുറിക്കു കൊള്ളുന്ന ഉത്തരങ്ങള്‍ നല്‍കാന്‍ കഴിയണം എന്നാണവര്‍ ഉപദേശിക്കുക.

ഒന്നും മറച്ചു വയ്ക്കാതെ ഉള്ളു തുറന്ന് സംസാരിക്കുന്നവരെയാണ് എല്ലാവര്‍ക്കുമിഷ്ടം. തന്റെ മിടുക്കു കാണിക്കുവാന്‍ പണിപ്പെട്ട് ഭാവാഭിനയമൊന്നും കാഴ്ചവയ്‌ക്കേണ്ട കാര്യമില്ല. അതുപോലെ കൂടിക്കാഴ്ചകളില്‍ സെലക്ഷന്‍ കിട്ടാതെ വന്നാല്‍ നിരാശപ്പെടാനും പാടില്ല. നഷ്ടപ്പെട്ട അവസരങ്ങളെയോര്‍ത്തുനെടുവീര്‍പ്പിടുകയും വേണ്ട. നിരാശപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്നവരെല്ലാവരും തന്നെക്കാള്‍ കഴിവുള്ളവരാണെന്ന് ചിന്തിക്കുന്നതു മൗഢ്യമാണ്. പരാജയങ്ങള്‍ നിങ്ങള്‍ക്ക്കൂടുതല്‍ ഊര്‍ജവും കരുത്തുമാണ് നല്‍കേണ്ടത്. മാര്‍ട്ടിന്‍ യേറ്റ് തന്റെ ‘അള്‍ട്ടിമേറ്റ് ജോബ് സെര്‍ച്ച് ഗൈഡി’ല്‍ പറയുന്നതൊന്നു ശ്രദ്ധിക്കാം. ”തെരഞ്ഞെടുക്കുന്ന തൊഴിലോ അധികാര സ്ഥാനമോ ഏതുമായിക്കൊള്ളട്ടെ, അവര്‍ നമ്മെ നിയമിക്കുന്നത് കര്‍ത്തവ്യങ്ങള്‍ ശരിയായി നിര്‍വഹിക്കാനാണ്. നമുക്ക് ഉത്തരവാദിത്വത്തോടെ പ്രശ്‌നങ്ങള്‍പരിഹരിക്കാനുണ്ട്. നമുക്ക് വേതനം തരുന്നത് പ്രശ്‌നങ്ങളെ മുന്‍കൂട്ടി കാണാനുംതിരിച്ചറിയാനും ഒഴിവാക്കാനും പ്രതിരോധിക്കാനുമാണ്. അതിനുള്ള പാടവമാണ്നമുക്ക് സൃഷ്ടിക്കേണ്ടത്. ഇത് ലോകത്തിലെവിടെയും ഏതുതരം സ്ഥാപനത്തിലായാലും ബാധകമാണ്. ഈ ബോധ്യം തൊഴില്‍ തേടുന്നവര്‍ക്കും വിജയം വരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും
നിശ്ചയമായും ഉണ്ടാവണം”.

ഈ ലേഖനത്തില്‍ വിവരിച്ച കാര്യങ്ങള്‍ ഒന്നുകൂടി പരിശോധിക്കാം. മികവുകള്‍ സ്വയം കണ്ടെത്തി അതിനെ പൂര്‍ണമാക്കാനാവട്ടെ നിങ്ങളുടെ ശ്രമങ്ങള്‍. മിഥ്യാനുകരണങ്ങള്‍ ഒഴിവാക്കി തനിക്കനുയോജ്യമായ കോഴ്‌സ് മാത്രം തെരഞ്ഞെടുക്കുക, കഠിനാധ്വാനം ചെയ്യുക. ഉദ്യോഗത്തിന് അപേക്ഷിക്കുന്നതിനു മുന്‍പ് അതിനുള്ളഅര്‍ഹത സ്വയം ഉറപ്പാക്കുക. അഭിമുഖങ്ങളില്‍ സ്ഥിരം പല്ലവികള്‍ ഒഴിവാക്കി, ഉത്തരങ്ങള്‍ സ്വന്തം ശൈലിയില്‍ ബുദ്ധിപൂര്‍വം പറയുക. നക്ഷത്രത്തിളക്കമാര്‍ന്ന ഒരു ഭാവി നിങ്ങളെ കാത്ത് നില്‍ക്കുന്നുണ്ട്‌.


Are you inspired by this article?

Subscribe : Print Edition | Audio Edition| | Apple podcast | Google podcast | Sound Cloud

Donate Now : Click here

Send Feedback : Click here