“സ്‌നേഹിക്കുന്നത് തെറ്റാണോ? നിങ്ങള്‍ പരസ്പരംസ്‌നേഹിക്കുവിന്‍ എന്നല്ലേ ക്രിസ്തുപറഞ്ഞിട്ടുള്ളത്? പിന്നെ പ്രണയത്തെ എല്ലാവരും എന്തുകൊണ്ടാണ് എതിര്‍ക്കുന്നത്?” ഈ ചോദ്യം ഒരിക്കലെങ്കിലും നമ്മുടെയൊക്കെ മനസ്സിലൂടെ കടന്നു പോയിട്ടുണ്ടാവില്ലേ? കാര്യം ശരിയാണ്. കര്‍ത്താവ് സ്‌നേഹിക്കാനൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ പ്രേമിക്കാന്‍ പറഞ്ഞിട്ടില്ല കേട്ടോ. വളരെ മനോഹരമായ വികാരം തന്നെയാണ് പ്രണയം. പക്ഷേ ആരോട്, എപ്പോള്‍, എങ്ങനെ, എന്നുളള കുറച്ചു കാര്യങ്ങള്‍ കൂടി ചേര്‍ത്ത് ചിന്തിക്കണം എന്ന് മാത്രം.

യഥാര്‍ഥ പ്രണയം എപ്പോള്‍

നാം ഓരോരുത്തര്‍ക്കുംവേണ്ടി ക്രിസ്തു കുരിശില്‍ സമര്‍പ്പിച്ച ബലിപോലെ വിവാഹം എന്ന കൂദാശയിലൂടെ ദമ്പതികളായി മാറുന്ന സ്ത്രീയും പുരുഷനും ആ നിമിഷം മുതല്‍ മരണം വരെ പൂര്‍ണമായുംപരസ്പരം കൈമാറേണ്ടതാണ്, ഉടമ്പടി സ്‌നേഹത്തില്‍ ആരംഭിക്കുന്നപ്രണയം. അതായത് കാലത്തിന്റെ പൂര്‍ണതയില്‍ ദൈവഹിതത്തിനു കീഴ്‌വഴങ്ങി വിവാഹ ജീവിതത്തില്‍ പകര്‍ന്നു നല്‍കേണ്ടതാണ് പ്രണയം. മാമോദീസായിലൂടെ ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളായിത്തീര്‍ന്ന സ്ത്രീയും പുരുഷനും ദൈവാലയത്തില്‍ ദൈവതിരുമുമ്പില്‍ പൂര്‍ണമനസ്സോടെ എടുക്കുന്ന കൗദാശിക ഉടമ്പടിയാണ്. ക്രിസ്തു ഭൂമിയില്‍ സ്ഥാപിച്ച ഏറ്റവും വിശിഷ്ടവും വിശുദ്ധവുമായ ബന്ധം ആണ് സ്ത്രീയും പുരുഷനും ദൈവവും ചേര്‍ന്നുള്ള ഈ ഉടമ്പടി ബന്ധം. ”അതിനാല്‍, ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പ്പെടുത്താതിരിക്കട്ടെ.” (മര്‍ക്കോ 10,9)

പരസ്പരം സ്‌നേഹിക്കുവാനും ആ സ്‌നേഹത്തില്‍ ഒരു തലമുറയെവാര്‍ത്തെടുക്കാനും ഉള്ള ശ്രേഷ്ഠമായ കര്‍ത്തവ്യം ആണ് വിവാഹത്തില്‍ പുരുഷനും സ്ത്രീയ്ക്കും ദൈവം ഏല്പിച്ചുകൊടുക്കുന്നത്. അതിനാല്‍ തന്നെ വിവാഹം സ്ത്രീയുടെയും പുരുഷന്റെയും കേവലം പരസ്പര ആകര്‍ഷണത്തില്‍ മാത്രം അടിസ്ഥാനമായി ഉള്ള കരാര്‍ അല്ല. വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന് വ്യത്യസ്ത സ്വഭാവങ്ങള്‍ ഉള്ള വ്യക്തികള്‍ ഒന്നിക്കുമ്പോള്‍പരസ്പരം മുറിയപ്പെടുവാനുള്ള വിളി കൂടിയാണത്. ഒന്നിച്ചു കുരിശെടുക്കുവാനും ബലിവേദിയോളം വഹിക്കാനുമുള്ള വിളി. ഓരോ ദൈവവിളിയും വിശുദ്ധിയിലേക്കുള്ള ദൈവിക പദ്ധതിയാണ്. ദൈവം സ്ഥാപിച്ച വിവാഹമെന്ന കൂദാശയില്‍ ദമ്പതികള്‍ സ്‌നേഹത്തിലധിഷ്ഠിതമായ ആത്മസമര്‍പ്പണത്തിലൂടെ വിശുദ്ധീകരിക്കപ്പെടുന്നു. പരസ്പരം തണലാകുവാനും വീഴ്ചകളില്‍ താങ്ങാകുവാനും കഴിയുമ്പോള്‍ ആണ് ഓരോ കുടുംബവും ഭൂമിയിലെ സ്വര്‍ഗമായി മാറുന്നത്.

”വിവാഹം അതിന്റെ പൂര്‍ണതയില്‍ ജീവിക്കുന്നത് മാനുഷികമായി അസാധ്യമാണ്. അതിനാലാണ് ക്രിസ്തു ഒരു കൂദാശയായി അതിനെ പുനസ്ഥാപിച്ചത്.” – ഡോ. സ്‌കോട്ട് ഹാന്‍

വിവാഹത്തിനായി തയ്യാറെടുപ്പ് ആവശ്യമാണോ

സ്വര്‍ഗീയ ജീവിതത്തിന്റെ മുന്നാസ്വാദനം തന്നെയാണ് ഓരോ കുടുംബ ജീവിതവും. ഏതെങ്കിലും ഒരു നിമിഷത്തെ തോന്നലില്‍ എടുക്കേണ്ട തീരുമാനം അല്ല അത്. ഓരോ കാലഘട്ടത്തിലും നമ്മള്‍ ചെയ്തു തീര്‍ക്കാനുള്ള കടമകളും നമ്മുടെ ഉത്തരവാദിത്വങ്ങളും അതിന്റെ പൂര്‍ണതയില്‍ നിവര്‍ത്തിക്കുക. നമ്മെക്കുറിച്ചുള്ള ദൈവിക പദ്ധതി അഥവാ ദൈവവിളി ഏതെന്ന് വിവേചിച്ചറിയുക. വിളി ഏതെന്ന് വ്യക്തമായാല്‍ അതിനുവേണ്ടി പ്രാര്‍ഥിച്ചൊരുങ്ങുക. വിവാഹ ജീവിതത്തിലേയ്ക്കാണ് വിളിയെങ്കില്‍ ഭാവിയില്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകാന്‍ പോകുന്ന വ്യക്തിക്കുവേണ്ടി പ്രാര്‍ഥിക്കാനും നമ്മള്‍ കടപ്പെട്ടവരാണ്. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് ഇങ്ങനെ പല ഘട്ടങ്ങളായുള്ള തയ്യാറെടുപ്പ് ആവശ്യമാണ്. അതിനുമുമ്പേ നമ്മുടെ മനസ്സില്‍ ഉണ്ടാകുന്ന താത്പര്യങ്ങളെ വളര്‍ത്തി അതാണ് പ്രണയം എന്ന് വിളിക്കുന്നത് ശരിയല്ലല്ലോ. ദൈവവിളി ഏതുതന്നെ ആണെങ്കിലും ഓരോ വ്യക്തിയും കൗമാരപ്രായം മുതല്‍ തന്നെ ജീവന്റെ മൂല്യവും സംരക്ഷണവും അറിഞ്ഞിരിക്കണം. കൗമാരവും യുവത്വവും ഒക്കെയും ജീവിതാന്തസ്സിലേക്കുള്ള ഓരോ ചുവടുകള്‍ ആയി മാറ്റാം. ഏറ്റവും വിശുദ്ധിയോടെ വിവാഹത്തിലേയ്ക്ക് പ്രവേശിക്കുവാനുള്ള ഒരുക്കത്തിന്റെ കാലഘട്ടം.

ആകര്‍ഷണങ്ങള്‍ പ്രണയമോ?

വ്യക്തികളുടെ ഏതെങ്കിലും ചില സദ്ഗുണങ്ങളോട് തോന്നുന്ന ആകര്‍ഷണം പ്രണയമായി തെറ്റിദ്ധരിക്കപ്പെട്ട് ശരീരത്തിന്റെ ആഗ്രഹങ്ങളിലേയ്ക്കു വഴിമാറാറുണ്ട്. ഇത് ഒരിക്കലും സ്‌നേഹം അല്ല എന്ന വസ്തുത നമ്മള്‍ മനസ്സിലാക്കണം. സ്‌നേഹം ഒരിക്കലും അപരനെ ശരീരമോ മനസ്സോ ആയി മാത്രം കാണുന്നതല്ല. ഒരു വ്യക്തി എന്താണോ അത് പൂര്‍ണമായും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ട് സ്വയം സമര്‍പ്പിക്കുന്നതാണ് യഥാര്‍ത്ഥ സ്‌നേഹം. പഠനത്തിന്റെയും ജോലിയുടെയും ഭാഗമായും മറ്റും ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഒരുപാട് സമപ്രായക്കാരെ പരിചയപ്പെടാനും സൗഹൃദം സ്ഥാപിക്കാനും നമുക്ക് നിരവധി അവസരങ്ങള്‍ ലഭിക്കും. പലപ്പോഴും അവരില്‍ ചിലരോടെങ്കിലും നമ്മുടെ മനസ്സില്‍ ആകര്‍ഷണം തോന്നുന്നതും പ്രകൃതിദത്തമായ കാര്യം തന്നെയാണ്. പക്ഷേ അവയെ വിവേചിച്ചറിയാന്‍ നമുക്ക് സാധിക്കണം.

നമ്മുടെ ഇഷ്ടങ്ങള്‍ പോലെ തന്നെ ദൈവത്തിനു നമ്മെക്കുറിച്ചുള്ള മനോഹരമായ പദ്ധതികള്‍ക്ക് നമ്മുടെ ഹൃദയം തുറന്നു കൊടുത്തു കാത്തിരിക്കണം. ദൈവം ആഗ്രഹിക്കുന്ന ബന്ധം ദൈവം ആഗ്രഹിക്കുന്ന സമയത്തു നടക്കുവാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും വേണം. പലപ്പോഴും നമ്മെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നു എന്ന് നാം വിചാരിക്കുന്ന വ്യക്തികള്‍ നമ്മുടെ ക്രൈസ്തവ ജീവിതത്തിനും കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യത്തിനുംഎന്തിനേറെ ഭാവിക്കും ഭാരമാവാന്‍ സാധ്യതയുണ്ട് എന്ന് തോന്നിയാല്‍ ആ സൗഹൃദങ്ങള്‍ അവിടെ വച്ച് ഉപേക്ഷിക്കാന്‍ഉള്ള ആര്‍ജവം നമുക്കുണ്ടാവണം. പ്രണയാഭ്യര്‍ഥനകള്‍നിരസിച്ചു എന്ന കാരണം കൊണ്ട് നമ്മുടെ ചില സൗഹൃദങ്ങള്‍നഷ്ടപ്പെടാം, ഒറ്റപ്പെടലും വേദനകളും ഉണ്ടാവാം. അങ്ങനെയുള്ള അവസരങ്ങളില്‍ ക്രിസ്തുവിന്റെ കുരിശു താങ്ങുവാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ആയിക്കണ്ട് ആ വേദനകളെ ആശ്ലേഷിക്കാന്‍നമുക്കു ശ്രമിക്കാം. കാരണം വിശുദ്ധിയിലേക്കുള്ള വഴി ഒരുപാട്പ്രതിബന്ധങ്ങള്‍ നിറഞ്ഞതാണല്ലോ. പ്രലോഭനങ്ങളെ അതിജീവിച്ചവര്‍ നമുക്ക് മുന്‍പേ സ്വര്‍ഗത്തില്‍ ഇടം നേടിയിട്ടുണ്ട്. അവരുടെ കാല്‍പാടുകള്‍ നമുക്കും പിന്‍ചെല്ലാം. പരിശുദ്ധ മറിയവും വിശുദ്ധ ജോസഫും ആവട്ടെ നമ്മുടെ മാതൃകാ ദമ്പതികള്‍. അങ്ങനെ ഓരോ കുടുംബവും നസറത്തിലെ തിരുക്കുടുംബം പോലെ നിര്‍മലവും വിശുദ്ധവും ആവട്ടെ.

”മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങള്‍ക്കുനേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടന്ന് അനുവദിക്കുകയില്ല.പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍ വേണ്ട ശക്തി അവിടുന്ന് നിങ്ങള്‍ക്കു നല്‍കും.” (1 കോറി 10,13)


Are you inspired by this article?

Subscribe : Print Edition | Audio Edition| | Apple podcast | Google podcast | Sound Cloud

Donate Now : Click here

Send Feedback : Click here


 

രസതന്ത്ര ഗവേഷക & കാത്തലിക് ബ്ലോഗര്‍