യുവജന കഴിവുകളുടെയും നേതൃവാസനയുടെയും ഉത്തമ രൂപീകരണ വേദിയാണ് ഈ മുന്നേറ്റം

“ഒരു മത്സ്യബന്ധന കുടുംബപശ്ചാത്തലത്തിൽനിന്നാണ് ഞാൻ വരുന്നത്; അതിന്റെ എല്ലാപരാധീനതകളുമായാണ് ഞാൻ വളർന്നത്. പക്ഷേ ഇതൊന്നും സ്വപ്നങ്ങൾ കാണുന്നതിന് എനിക്ക് തടസ്സമായില്ല.” സാബിൻ ഏറെ താത്പര്യത്തോടെയാണ് തന്റെ ജീവിതയാത്ര എന്നോട് വിവരിച്ചത്. ”ഒരു പുതിയ പള്ളിയിൽ ചെന്നാൽ മൂന്ന് കാര്യങ്ങൾ പ്രാർഥിക്കണം – എന്റെ അപ്പൻ എന്നോട് പറയുമായിരുന്നു”. അങ്ങനെ അവനെന്നും മൂന്ന് കാര്യങ്ങൾക്കായി പ്രാർഥിക്കുമായിരുന്നു. ഒന്ന്, വിലപിടിപ്പുള്ള ഒരു ക്യാമറ വാങ്ങിക്കണം; രണ്ട്, ഒരു ഛായാഗ്രഹകൻ ആയി തീരണം;പിന്നെ, ഒരു ഉന്നത മാധ്യമപ്രവർത്തനം ചെയ്യണം.

കടപ്പുറത്തെ ഒരു എളിയ ബാലന്റെ ഈ വലിയ സ്വപ്നങ്ങളെ കുറിച്ച് ആരെങ്കിലും കേട്ടിരുന്നെങ്കിൽ അവർ കളിയാക്കി ചിരിക്കുമായിരുന്നു. അതുകൊണ്ടുതന്നെ അവൻ ആരോടും ഇതൊന്നും പങ്കു വച്ചില്ല. ”എന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി തീർന്നത് ഒരു സജീവ ജീസസ് യൂത്ത് കൂട്ടായ്മയിലേക്കുള്ള കടന്നുവരവാണ്. ഇന്ന് എനിക്ക് 23 വയസ്സുണ്ട്. ഇതിനിടയിൽ തന്നെ വിശ്വസിക്കാക്കാനാവാത്ത രീതിയിൽ വിലപിടിപ്പുള്ള ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും, ഛായാഗ്രഹണ കഴിവിൽ മുന്നേറാനും ഉന്നത മാധ്യമ സൃഷ്ടികൾ നടത്താനും എത്ര നല്ല അവസരങ്ങൾ എനിക്ക് ലഭിച്ചിരിക്കുന്നു. ഇതെല്ലാം സംഭവിച്ചത് മനുഷ്യർക്ക് ചിന്തിക്കാൻപോലും സാധിക്കാത്ത രീതിയിൽ എനിക്ക് ഈ മുന്നേറ്റത്തിൽ ലഭിച്ച സാധ്യതകളും ഇവിടെ നിന്ന് കിട്ടിയ ബന്ധങ്ങളും കൊണ്ടുതന്നെയാണ്.”

കോവിഡ് 19-ന്റെ ലോക്ഡൗണിനിടെയാണ് സാബിനെ ഞാൻ പരിചയപ്പെട്ടത്. അതിന്റെ പശ്ചാത്തലത്തെക്കുറിച്ച് പറഞ്ഞാൽ, കുറെ മാസങ്ങളായി കേരളത്തിലെ ജീസസ് യൂത്ത് നേതൃത്വത്തിന് ഒരു ആഗ്രഹം. വിവിധ താലന്തുകളുമായി ബന്ധപ്പെടുന്ന ജീസസ് യൂത്ത് ഗ്രൂപ്പുകൾക്ക് ഒരു വളർച്ച പദ്ധതി തയ്യാറാക്കണം. ഇതിനായിസംഗീതം, നാടകം, കല, മാധ്യമം എന്നീ മേഖലകളിലുള്ള ജീസസ് യൂത്ത് നേതൃത്വം ചർച്ചകൾക്കായി ഒന്നിച്ചു കൂടാൻ തുടങ്ങി. ഏറെ രസകരമായ ഈ എമ്മാവൂസ് കൂട്ടായ്മകളിൽ മുടങ്ങാതെ പോകാൻ ഞാനും കഴിയുന്നത്ര ശ്രദ്ധിച്ചിരുന്നു.ഏപ്രിൽ അവസാനത്തേക്ക് ഒരു ”ടാലൻറ് മീറ്റ്” ഞങ്ങൾ തയ്യാറാക്കി. അതിനിടെയാണ് ആ ഇടിത്തീ വീണത്, ”കൊറോണ വൈറസ്”. പിന്നെ കുറേ അവ്യക്തതയും പരിഭ്രാന്തിയും ഒക്കെ ആയിരുന്നു. സാവധാനത്തിൽ ചർച്ചകൾ വീണ്ടും ആരംഭിച്ചു, പക്ഷേ ഓൺലൈൻ ആയി.പഴയ തിരക്കും ആവേശവും ഒന്നുകൂടെ തിരിച്ചുവന്നു. ആദ്യമായി നേതൃത്വത്തിൽഉള്ളവർ ഒത്തുകൂടി; പിന്നെ ഓരോ താലന്ത്മേഖലകളിൽ പ്രവർത്തിക്കുന്നവരും, എല്ലാം ഓൺലൈൻ ആയി. ഇതിൽ മാധ്യമമേഖലയിലെ മുൻനിരക്കാരൻ ആയിരുന്നുഈ സാബിൻ. അങ്ങനെ ഒരു ഒരു മീറ്റിങ്ങിനു ശേഷം തന്റെ ജീവിതപശ്ചാത്തലം വിവരിച്ചുകൊണ്ട് താലന്തുകളുടെ രൂപീകരണം ജീസസ് യൂത്തിൽ എത്രമാത്രംപ്രധാനപ്പെട്ടതാണെന്ന് എന്നോട് വിവരിക്കുകയായിരുന്നു ഈ ചെറുപ്പക്കാരൻ.

നഴ്‌സറിയിൽ വളരുന്ന ചെറുതൈ പോലെ

പഴയ ചില ഓർമകൾ: 1978 ഫെബ്രുവരിയിലായിരുന്നു ആദ്യത്തെ ഒരു വലിയ നേതൃപരിശീലനം. അതിൽ പങ്കെടുക്കുന്നവർ എല്ലാം പ്രത്യേക ഒരുക്കത്തോടെ കൂടിവരണം എന്നുള്ള ഒരു നിർദേശവും ഞങ്ങൾ മുന്നോട്ടുവച്ചു. അന്ന് 16 സോണുകളാണ്. ഓരോ സോണിൽ നിന്ന് വരുന്ന നേതാക്കളും ഒത്തുകൂടി എന്തെങ്കിലും ക്രിയാത്മക അവതരണവുമായി വരണംഎന്നായിരുന്നു നിർദേശം. എറണാകുളത്തു നിന്ന് പോയ ഞങ്ങൾ ‘എന്റെ വിളി’ എന്ന പേരിൽ ഒരു ലഘു സംഗീത നാടകം തന്നെ ഒരുക്കി. എല്ലാ സോണുകളിൽ നിന്നുള്ളവരും എന്തെങ്കിലും ഒക്കെ അവതരണങ്ങളുമായി അവിടെയെത്തി. അത് വളരെ ചെറിയൊരു കാൽവയ്പ്ആയിരുന്നിരിക്കാം, പക്ഷേ ഭാവിയിലേക്കുള്ളഒരു സുപ്രധാന സൂചനയായി തീർന്നു. മറ്റു പല നവീകരണ കൂട്ടായ്മകളും പ്രാർഥന,പ്രഘോഷണം എന്നിവയിൽ മാത്രം ശ്രദ്ധിക്കുമ്പോൾ ജീസസ് യൂത്ത് പ്രവർത്തനങ്ങളിൽ താലന്തുകൾക്കും ഒരു പ്രത്യേക സ്ഥാനമുണ്ട്. ഇതിന്റെ പുറകിലുള്ള ദർശനംഎന്താണ്? ദൈവദത്തമായ ദാനങ്ങൾ തിരിച്ചറിഞ്ഞ് വളർത്തുക എന്നുള്ളത്പ്രാർഥനയിലും വിശുദ്ധിയിലും വളരുന്നതു
പോലെ തന്നെ പ്രധാനപ്പെട്ടതാണ്.

‘ജീസസ് യൂത്ത് 85’ എല്ലാവർക്കും ഏറെ അവിസ്മരണീയമായി തീർന്നതിന് പല കാരണങ്ങൾ ഉണ്ടായിരുന്നു. രസകരമായഒരുക്കത്തോടെയാണ് അവരെല്ലാം എത്തിയത് എന്നുള്ളത് മാത്രമായിരുന്നില്ല അതിനു കാരണം. അവിടെ കാണാനായ
അപ്രതീക്ഷിതമായ നിറവും, സ്വരവും, ആനന്ദവും ഒക്കെ അതിനെ ഒരു വഴിത്തിരിവാക്കി തീർത്തു. അവിടെ ദർശിച്ച വിവിധകഴിവുകളുടെ പ്രകടനവും സ്വന്തം സാധ്യതകളുടെ ആഴത്തിലുള്ള അവബോധവും ഒക്കെ എല്ലാവർക്കും ഒരു പുത്തൻ സന്തോഷവും പ്രതീക്ഷയും നൽകി. നല്ല കാര്യങ്ങളുടെ തുടർച്ചയാണല്ലോ ജീസസ് യൂത്തിന്റെഒരു തനിമ. അന്നുമുതൽ ഓരോ ജീസസ് യൂത്ത് പരിപാടിയും വിവിധ താലന്തുകൾ ഉള്ളവരുടെ ഒന്നിച്ചുവരവിനും അവർക്ക് സ്വപ്നം കാണാനും പരിശീലനം നടത്താനുംപലതും അവതരിപ്പിക്കാനും ഒക്കെയുള്ള സുന്ദരമായ അവസരങ്ങളായി തീർന്നു.

യുവജനങ്ങൾ ജീസസ് യൂത്തിൽ കടന്നുവരുമ്പോൾ ആകർഷകമായ എന്തൊക്കെയോ
അവരവിടെ കാണാറുണ്ട്. സംഗീതത്തിൽ താത്പര്യമുള്ളവർ റെക്‌സ് ബാന്റ് തുടങ്ങി പല സംഗീത ഗ്രൂപ്പുകൾ കാണുന്നു, കല ഇഷ്ടമുള്ളവർ എക്‌സിബിഷനുകളും സുന്ദര സ്റ്റേജ് ഒരുക്കങ്ങളും ദർശിക്കുന്നു. എഴുത്തുകാർ ശ്രദ്ധേയമായ ബ്രോഷറുകളും കെയ്‌റോസ് മാസികയുമൊക്കെ കാണുന്നു, നൃത്തം അഭിനയം തുടങ്ങിയ
വയിൽ ഹരമുള്ളവർക്ക് പ്രോഗ്രാമുകൾക്കിടയിലെ സ്‌കിറ്റുകളും മറ്റും, ഓൺലൈൻ
വേദികളിൽ കയറിയാൽ അവിടെയും ക്രിയാത്മക ജെ.വൈ സാന്നിധ്യം ധാരാളം. ചുരുക്കത്തിൽ മുന്നേറ്റത്തിൽ വരുന്ന യുവജനങ്ങൾക്ക് കഴിവുകൾ വളർത്താൻ എത്രയോ വേദികൾ! അതിലുമുപരിമിഷണറി ദൗത്യമെന്ന വ്യക്തമായ ലക്ഷ്യവും.

താലന്തുകൾക്ക് നൽകുന്ന ഊന്നലുകളുടെ ഫലമോ? വർഷങ്ങളിലൂടെ കഴിവുകളിൽ വളർന്ന അനേകർ, സുന്ദരമായ എത്രയോ സംരംഭങ്ങൾ, വിവിധ മേഖലകളിൽ നേതൃത്വംതെളിയിച്ച വലിയൊരു നിര സ്ത്രീപുരുഷന്മാർ ഒക്കെ ഈ മുന്നേറ്റം സംഭാവന ചെയ്തിരിക്കുന്നു. ഒരു കാര്യം തീർച്ച, ഈ മുന്നേറ്റത്തിൽ മനുഷ്യരെ സ്വയം കണ്ടെത്താൻ സഹായിക്കുന്ന, വളർച്ചയുടെ പാതയിലേക്ക് അവരെ തൊടുത്തുവിടുന്ന എന്തോ ഒക്കെ ഉണ്ട്. അവിടെ ഉയരുന്ന ഒരു ചോദ്യം, താലന്തുകൾ പെരുകാൻ സഹായിക്കുന്ന ഈ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണ്?

< ക്രിയാത്മക രീതിയിൽ യേശുവിനെ പരിചയപ്പെടുത്തുന്നതിലൂടെയാണ് ആളുകൾ മുന്നേറ്റത്തിലേയ്ക്കു കടന്നുവരുന്നത്

< പക്വതയിൽ വളരാനും ആന്തരിക സംഘർഷങ്ങൾ മറികടക്കാനും അങ്ങനെക്രിയാത്മക സാധ്യതകൾ പുറത്തുകൊണ്ടുവരാനും സഹായിക്കുന്ന ഒരു അന്തരീക്ഷം കൂട്ടായ്മകളിൽ ലഭ്യമാക്കുന്നു

< മറ്റു സ്ഥലങ്ങളിൽ ഒരാളുടെ കഴിവും അയാളെക്കൊണ്ടുള്ള ഉപയോഗവും മാത്രം പരിഗണിക്കുമ്പോൾ, ഇവിടെ വ്യക്തിക്കും സകല വളർച്ചയ്ക്കും പ്രത്യേക ശ്രദ്ധ കിട്ടുന്നു.

< തുടക്കക്കാർക്ക് പോലും വിദഗ്ധരോട് ഏറെ സ്വാതന്ത്ര്യത്തോടെ ഇടപഴകാനുംപരസ്പര സ്‌നേഹവും അംഗീകാരവും കിട്ടുന്നതിനും ജീസസ് യൂത്ത് കൂട്ടായ്മകൾ പ്രത്യേകിച്ച് വലിയ സമ്മേളന ഒരുക്കങ്ങൾ നല്ല അവസരങ്ങളാകുന്നു.

< യാതൊരുവിധ പ്രതിഫലമോ പാരിതോഷികമോ പ്രതീക്ഷിക്കാതെ പ്രൊഫഷണലുകൾ പോലും ഒന്നിച്ചുവന്നു പ്രവർത്തിക്കുന്നത് മുന്നേറ്റത്തിന്റെ ഒരു പ്രത്യേക നന്മയാണ്.

ഫോൺ സംഭാഷണം അവസാനിപ്പിക്കുന്നതിനു മുൻപ് സാബിൻ എന്നോട് പറഞ്ഞു: ”ഇന്നത്തെ യുവജനങ്ങൾ അവരുടെസ്വപ്ന പരിശീലനം നേടുന്നതിനായി എത്ര വലിയ സംഖ്യ മുടക്കാൻ തയ്യാറാകുന്നു. അതു കഴിഞ്ഞിട്ട് ഒരു എക്‌സ്‌പെർട്ട് മാർഗനിർദേശം കിട്ടാൻ, പിന്നെ ഒരു അവസരത്തിനായി എവിടെയെല്ലാം അന്വേഷിച്ചുനടക്കുന്നു. എനിക്ക് അതൊന്നും സാധ്യമാകുമായിരുന്നില്ല. പക്ഷേ, ജീസസ് യൂത്ത് ഗ്രൂപ്പുകളിൽ എത്രയോ അവസരങ്ങൾ! വളരാൻ എന്തെല്ലാം വേദികൾ! പുറത്തെല്ലാംഒരു നല്ല അവസരം കിട്ടാൻ നമ്മൾ മറ്റുള്ളവരെ എന്തുമാത്രം പ്രീണിപ്പിക്കണം. എന്നാൽ ഇവിടെ ഏറെ സമൃദ്ധമായ അവസരങ്ങൾ ഉണ്ടെന്നു മാത്രമല്ല എല്ലാവരുംനമ്മെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും; ശ്രമിച്ചു നോക്കൂ! തെറ്റുപറ്റിയാൽ സാരമില്ല!” എന്നാണ് ഇവിടെ. മറ്റൊന്ന് കൂടെ, ഇന്നത്തെ സാഹചര്യങ്ങളിൽ ഏറെ കഴിവുള്ള അനേക യുവജനങ്ങൾ ചതിക്കുഴിയിലും അടിമത്തങ്ങളിലും ചെന്നു വീഴുന്നു. അങ്ങനെ അവരുടെകരിയറും ജീവിതവും നശിക്കുന്നു. എന്നാൽ ജീസസ് യൂത്തിൽ ഉള്ളൊരു സുരക്ഷാ കവചം ഉണ്ടല്ലോ. കൂട്ടത്തിൽ ആരോഗ്യകരമായ ചില ശീലങ്ങൾ വളർത്തുന്നതിനുള്ള കുറേ അവസരങ്ങളും ഇവിടെ ലഭിക്കുന്നു.” ഒരു കാര്യംകൂടെപറഞ്ഞു സാബിൻ ആ നീണ്ട സംഭാഷണം നിറുത്തി, ”ഞാൻ കൂട്ടുകാരെ ജീസസ് യൂത്തിലേയ്ക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത് ഈ വലിയ സാധ്യത കണ്ടിട്ടാണ്. അവർ ഓരോരുത്തരും മുന്നേറ്റത്തിൽ തുടരണമെന്ന് ഞാൻ ഏറെ ആഗ്രഹിക്കുകയും ചെയ്യുന്നു.’


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here


 

ആദ്യ നാളുകള്‍ മുതലേ ജീസസ് യൂത്ത് മൂവ്‌മെന്റിന്റെ മുന്‍നിരയില്‍ സജീവമായുള്ള പ്രധാനിയും മികച്ച അധ്യാപകനും വാക്ചാതുര്യമുള്ള പ്രഭാഷകനും വാഗ്മിയുമാണ് ലേഖകന്‍.
edward.edezhath@gmail.com