മറ്റൊരു ചരിത്രനിമിഷത്തിലേക്ക് നമ്മൾ നടന്നടുക്കുകയാണ്. ജീസസ് യൂത്ത് കുടുംബത്തിന്റെ മൂന്നാമത്തെ പുരോഹിതനായി ചിക്കാഗോയിലെ മാർ തോമാശ്ലീഹ കത്തീഡ്ര ലിൽ ഡീക്കൻ തോമസ് പുളിക്കൽ (ടിമ്മി) 2020 ജൂൺ 6-ന് ദൈവഹിതപ്രകാരം അഭിഷേകം ചെയ്യപ്പെടുന്നു.

കെയ്‌റോസിലൂടെ ഈ സന്തോഷം പങ്കുവയ്ക്കുവാനും വായനക്കാർക്കായി അദ്ദേഹത്തെ പരിചയപ്പെടുത്തുവാനും ഈ അവസരം ഉപയോഗിക്കുന്നു. ഇന്ത്യയിൽ നിന്ന് യുഎസിലെ ന്യൂജേഴ്സിയിലേക്ക് കുടിയേറിയ ജോസഫും ടെസ്സിയുമാണ് ടിമ്മിയുടെ മാതാപിതാക്കൾ. ടിമ്മി ജനച്ചതും വളർന്നതുമെല്ലാം അമേരിക്കയിൽ തന്നെയാണ്. അവിടെ ടെക്‌സസിലാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്. വിവാഹിതരായ മറീന, തെരേസ എന്നിവരാണ് മറ്റു സഹോദരങ്ങൾ. രണ്ടുപേരും ജീസസ് യൂത്ത് മുന്നേറ്റത്തിൽ സജീവവുമാണ്.

ദൈവത്തെ സ്വന്തം ജീവിതത്തിൽ വ്യക്തിപരമായി കണ്ടുമുട്ടിയപ്പോൾ മുതൽ ഡീക്കൻ തോമസിന്റെ യാത്ര ജീസസ് യൂത്ത് മുന്നേറ്റത്തോടു ചേർന്നായിരുന്നു. അതുകൊണ്ടുതന്നെ നിരവധി സൗഹൃദങ്ങളാലും ആവശ്യമായ മാർഗനിർദേശങ്ങളാലും ഓരോ ദിവസവും ദൈവത്തോട് ചേർന്ന് വളരുന്നതിന് അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ജീസസ് യൂത്ത് യു.എസ് നാഷണൽ കോർഡിനേറ്റർ, ഇന്റർനാഷണൽ കൗൺസിൽ അംഗം എന്നിങ്ങനെ വിവിധ തലങ്ങളിൽ മുന്നേറ്റത്തിൽ സജീവവുമായിരുന്നു. വൈദികാന്തസ്സിലേക്കുള്ള തീരുമാനം കൈക്കൊള്ളുന്നതിനു അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.

ഡീക്കൻ തോമസിന്റെ വാക്കുകളിൽ: ”ജീസസ് യൂത്ത് മുന്നേറ്റം അതിന്റെ പ്രവർത്തന ശൈലികൊണ്ടുതന്നെ സഞ്ചാരപഥങ്ങളിൽ ഇക്കാലമത്രയും ധാരാളം ഫലമുളവാക്കിയിട്ടുണ്ട്. ഇനിയും അത് തുടരുമെന്ന് എനിക്ക് ബോധ്യവുമുണ്ട്. ഈ ലോകത്തിനു അനേകം നന്മകൾ സമ്മാനിക്കാൻ ഇനിയും സാധിക്കുമെന്ന് എന്റെ ഉള്ളിന്റെ ഉള്ളിൽ ആഴമായ വിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ ഒരു പുരോഹിതനെന്ന നിലയിൽ അതിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിച്ചു. മുന്നേറ്റത്തിന്റെ ഒരു വിളിപ്പാടകലെ ശുശ്രൂഷയ്ക്ക് ഇറങ്ങുന്ന ഓരോ വൈദികരുംതങ്ങളുടെ സാധാരണ കടമകൾക്കുമപ്പുറം സ്വയം സമർപ്പിച്ചാണ് അതിലേക്കിറങ്ങുന്നതും അശ്രാന്തം ശുശ്രൂഷ ചെയ്യുന്നതും. എന്നാൽ, ഈ ലക്ഷ്യത്തിനായി പ്രത്യേകമായി സമർപ്പിതരായ പുരോഹിതന്മാർ ഉണ്ടാവുന്നതുവഴി അവരുടെ മുഴുവൻ സമയ ശുശ്രൂഷ, സഭയാകുന്ന ക്രിസ്തുശരീരത്തെ കൂടുതൽ പ്രവർത്തനനിരതമാക്കുവാൻ നിമിത്തമാകുമെന്നും ഞാൻ വിശ്വസിക്കുന്നു. ആ ബോധ്യമാണ് മുന്നേറ്റത്തിന്റെ വഴിയിലൂടെ തന്നെ ക്രിസ്തുവിന്റെ നിത്യ പൗരോഹിത്യത്തിൽ പങ്കുചേരാനുള്ള നിയോഗമായി മാറിയത്. ദീർഘമേറിയ പരിശീലനത്തിനൊടുവിൽ, പ്രസ്ഥാനത്തിന്റെ പിന്തുണയിലൂടെ കിട്ടിയ ദൈവകൃപയാൽ, വന്ദ്യ പിതാവിന്റെ കൈവയ്പ് വഴി ഒരു പുരോഹിതനെന്ന നിലയിൽ ജീസസ് യൂത്ത് കുടുംബത്തെയും രൂപതയെയും സേവിക്കാനവസരം കൈവരുന്നു എന്നതിൽ ഞാൻ നന്ദിയുള്ളവനാണ്.”അദ്ദേഹത്തിന്റെ ഈ വാക്കുകളെ ആഴമായ വിശ്വാസ പ്രഖ്യാപനം പോലെ കാണുന്നത്തിന്റെ സൗന്ദര്യം വേറെ തന്നെയാണ്. ഡീക്കൻ തോമസ് പുളിക്കലിന്റെ ഓർഡിനേഷൻ തീയതി ആദ്യം നിശ്ചയിച്ചിരുന്നത് ജനുവരിയിൽ നടത്തുവാനായിരുന്നു.പിന്നീട് കോറോണയുടെ പ്രത്യേക പശ്ചാത്തലത്തിൽ ഇത് കുറച്ചു മാസത്തേക്ക് മാറ്റിവയ്ക്കണമെന്ന് നിർദേശം ലഭിച്ചതനുസരിച്ച് തീയതിയിൽ മാറ്റം വന്നതാണ്.നിലവിൽ നിശ്ചയിച്ചിരിക്കുന്ന തീയതിയിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക്പോലും ഓർഡിനേഷനിൽ പങ്കെടുക്കാൻ കഴിയുമെന്ന് ഉറപ്പില്ലാത്തതിനാൽ വീണ്ടുംഒരു തീയതിയിലേക്ക് കൂടി മാറ്റിവക്കുന്നതിനു നിർദേശിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അതേ തീയതിയിൽ തന്നെ ഓർഡിനേഷൻ വേണമെന്ന് അഭ്യർഥിക്കാൻ മുൻകൈയെടുത്തതും ഡീക്കൻ തോമസാണ്. ആ തീരുമാനത്തിന് പിന്നിലും വ്യക്തമായ ബോധ്യം അദ്ദേഹത്തിന് ഉള്ളതായി ജീസസ് യൂത്ത് കുടുംബത്തിനും ബോധ്യമായിട്ടുണ്ട്.

അമേരിക്കയിലെ ഓരോ ജീസസ് യൂത്തും ഈ പൗരോഹിത്യത്തെ മനംനിറഞ്ഞ ആനന്ദത്തോടെയാണ് കാത്തിരിക്കുന്നത്. സ്വന്തം കുടുംബത്തിൽ നിന്നും ദൈവവേലയ്ക്കായി ഇറങ്ങുന്ന ടിമ്മിയെന്ന സഹോദരനെ സ്വന്തമെന്നുകണ്ടു സ്‌നേഹിച്ചവരാണ് അമേരിക്കയിലെ ജീസസ് യൂത്ത് കുടുംബം. അദ്ദേഹം തിരിച്ചും.

ഈ അവസരത്തിൽ ഡീക്കൻ തോമസിനു മുന്നേറ്റത്തോടുള്ള നന്ദിയും സ്‌നേഹവും മുന്നേറ്റത്തോട് മുഴുവനായി അദ്ദേഹം പങ്കുവയ്ക്കുന്നുമുണ്ട്: ”വാക്കുകൾക്കപ്പുറം ഞാൻ നന്ദിയുള്ളവനാണ്. ഈ നടപടികൾ ഞാൻ ഒറ്റയ്ക്ക് സ്വീകരിച്ചില്ല. അനുഗൃഹീതരും വിശുദ്ധരുമായ നിരവധി ആളുകൾ എനിക്ക് ചുറ്റുമുണ്ടായിരുന്നു (ഒരുപക്ഷേ അവർക്കറിയില്ലെങ്കിലും!) കണ്ടുമുട്ടിയ ഓരോ ജീസസ് യൂത്തും അവരുടെ വിശുദ്ധമായ വഴികളിലൂടെ എന്നെയും കൂട്ടിക്കൊണ്ടു നടന്ന് ക്രിസ്തുവിന്റെ പാതയിൽ സുരക്ഷിതമായി നിലയുറപ്പിച്ചു. ജീവിതത്തിലെ ഈ സുപ്രധാന നിമിഷത്തിൽ ഇതുവരെ തുടർന്ന മധ്യസ്ഥപ്രാർഥനയ്ക്ക് ഞാൻ എല്ലാവരോടും നന്ദി പറയുന്നു. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം!”

പ്രിയപ്പെട്ടവരേ, ഈ നിമിഷം നമ്മുടെ മുന്നേറ്റത്തിന്റെ പരിണാമത്തിലെ ഒരു നാഴികക്കല്ലാണ്. അമേരിക്കയിലെ ഓരോ ജീസസ് യൂത്തിനും ഇത് അഭിമാനകരമായ നിമിഷം കൂടിയാണ്. യുഎസിലെ മുന്നേറ്റത്തിന്റെ ശുശ്രൂഷയുടെ തിളക്കമുള്ള ഫലങ്ങളിലൊന്നായി ഡീക്കൻ തോമസിന്റെ പൗരോഹിത്യ വിളിയെ നമുക്ക് സ്വീകരിക്കാം. സ്വർഗീയമായ ഈ സമ്മാനത്തിന് നമ്മുടെ കർത്താവിന് നന്ദി പറയാം! അതോടൊപ്പം സഭയുടെയും പ്രസ്ഥാനത്തിന്റെയും സേവനത്തിനായി പൂർണമായും സമർപ്പിതരാകാൻ അത്തരമൊരു അത്ഭുതകരമായ ചെറുപ്പക്കാരനെ സമ്മാനിച്ചതിന് അമേരിക്കയിലെ ഓരോ ജീസസ് യൂത്തിനോടും ഈ വലിയ കുടുംബത്തിന്റെ ആത്മാർഥമായ നന്ദി അറിയിക്കുന്നു.

വരും ദിവസങ്ങളിൽ ഡീക്കൻ തോമസിനെ നമ്മുടെ പ്രാർഥനയിൽ ഓർക്കാം. പ്രാർഥനയിൽ തീർത്ത പൂച്ചെണ്ടുകൾ കൊണ്ട് നവ വൈദികനെ സ്വീകരിക്കാം


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here