Venerable Maria Teresa Gonzalez Quevedo

പരിശുദ്ധ അമ്മയോട് പ്രത്യേകമാംവിധം സ്‌നേഹവും ഭക്തിയും പ്രകടിപ്പിക്കാത്ത വിശുദ്ധര്‍ തിരുസഭയില്‍ ഇല്ലെന്നുതന്നെപറയാം! ക്രിസ്തുവില്‍ എത്തിച്ചേരാനുള്ള എളുപ്പ മാര്‍ഗം പരിശുദ്ധ അമ്മയാണെന്ന് മരിയഭക്തരായ വി.ജോണ്‍ പോള്‍ പാപ്പയും, വി. കൊച്ചു ത്രേ്യസ്യയും, വി. പാദ്രേ പിയോയും, വി. ലൂയിസ്ഡി മോണ്‍ഡ് ഫോര്‍ട്ടുമെല്ലാം അവരുടെ ജീവിതങ്ങളിലൂടെനമുക്ക് കാണിച്ചുതന്നിട്ടുണ്ട്. ധന്യ മരിയ തെരേസ ക്വവേദോയുടെ ജീവിതവും ഇതില്‍ നിന്നു വ്യത്യസ്തമല്ല.

”പരിശുദ്ധ ദൈവമാതാവേ, എന്നെ കാണുന്നവര്‍ എന്നിലൂടെ അങ്ങയെ കാണട്ടെ” – ഇതായിരുന്നു തെരേസിറ്റ എന്ന് ഓമനപ്പേരുള്ള മരിയ തെരേസയുടെ ആപ്തവാക്യം. പതിന്നാലാം വയസ്സില്‍ മരിയന്‍ സൊഡാലിറ്റിയില്‍ അംഗമായി ചേര്‍ന്നപ്പോള്‍അവളുടെ മെഡലില്‍ ആലേഖനം ചെയ്യാന്‍ അവള്‍ തെരഞ്ഞെടുത്ത ഈ വാക്യം സ്വജീവിതത്തില്‍ അവള്‍ അന്വര്‍ഥമാക്കിയതിനാലാണ് തെരേസിറ്റയുടെ ജീവചരിത്രകാരന്മാര്‍ അവളെപരിശുദ്ധ അമ്മയുടെ കണ്ണാടി/പ്രതിബിംബം എന്നു വിശേഷിപ്പിച്ചിരുന്നത്.

കുഞ്ഞു തെരേസിറ്റ ഒരു പിടിവാശിക്കാരിയും വികൃതിയും ചില നേരങ്ങളില്‍ തന്നിഷ്ടക്കാരിയും ആയിരുന്നു. തീന്‍മേശയില്‍ മിക്കപ്പോഴും അവള്‍ക്കിഷ്ടപ്പെടാത്ത ഭക്ഷണ സാധനങ്ങളെക്കുറിച്ച് പരാതി പറയുകയും പിറുപിറുക്കുകയും ചെയ്യുമായിരുന്നു അവള്‍. അവളുടെ ആഗ്രഹത്തിനെതിരായി എന്തെങ്കിലും സംഭവിച്ചാല്‍ അതുമതി തെരേസിറ്റയുടെ കണ്ണു നിറയാന്‍. ആദ്യകുര്‍ബാന സ്വീകരണത്തോടെ ഇക്കാര്യങ്ങളില്‍ കുറച്ചൊക്ക മാറ്റം വന്നെങ്കിലും ഇത്തരം സ്വഭാവം പൂര്‍ണമായും മാറ്റണമേയെന്ന് അവള്‍ പരിശുദ്ധ കന്യകാമറിയത്തോട്
നിരന്തരം മാധ്യസ്ഥം യാചിച്ചിരുന്നു. ക്രമേണ ഇത്തരം സാഹചര്യങ്ങളില്‍ വീട്ടുകാരെപ്പോലും അതിശയിപ്പിക്കുന്ന വിധത്തില്‍ വിവേകത്തോടും മുതിര്‍ന്നവര്‍ക്കടുത്ത പക്വതയോടുംകൂടെ പെരുമാറാനായി തെരേസിറ്റയ്ക്കു സാധിച്ചു. പഠനത്തിലും ബാസ്‌കറ്റ്‌ബോള്‍ കളിയിലുമെല്ലാം മികച്ചു നിന്ന തെരേസിറ്റ സ്‌കൂളിലെ അറിയപ്പെടുന്ന താരമായിരുന്നു. അതുകൊണ്ടുതന്നെ പതിനേഴാം വയസ്സില്‍ കര്‍മലീത്താ സന്യാസിനിയാവണമെന്ന് അവള്‍ തീരുമാനമെടുത്തപ്പോള്‍ ചിലര്‍ക്കെങ്കിലും അത് അമ്പരപ്പിനു കാരണമായി.

ആയിടക്കാണ് തെരേസിറ്റയ്ക്ക് വായിക്കാന്‍ ഒരു ആത്മീയ പുസ്തകം ആരോ കൊടുത്തത്. പൊതുവേ പുസ്തകം വായിക്കാന്‍ മടികാണിച്ചിരുന്ന തെരേസിറ്റ, മെയ് മാസമായതിനാല്‍പരിശുദ്ധ അമ്മയോടുള്ള സ്‌നേഹത്തെ പ്രതി ഈ കുഞ്ഞുത്യാഗം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. വിവിധ ജീവിതാന്തസ്സുകളിലേക്കുള്ള ദൈവവിളിയെക്കുറിച്ച് പ്രതിപാദിക്കുന്ന ആപുസ്തകത്തില്‍ സന്ന്യാസത്തെക്കുറിച്ചുള്ള ഭാഗം വായിച്ചുകഴിഞ്ഞപ്പോള്‍ ഇതാണ് തന്റെ ദൈവവിളി എന്ന് സന്തോഷത്തോടെ അവള്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഉപവിയുടെ കര്‍മലീത്താ സന്യാസിനിമാരുടെ സഭയില്‍ തെരേസിറ്റ ചേരുന്നത്. തെരേസിറ്റയ്ക്ക്പരിശുദ്ധ അമ്മയോടുണ്ടായിരുന്ന ഭക്തിയും ജപമാല ചൊല്ലുമ്പോള്‍ അവള്‍ കാണിച്ചിരുന്ന ഏകാഗ്രതയും മഠത്തിലെ യുവ സന്യാസിനിമാര്‍ക്ക് പലര്‍ക്കും മാതൃകയും പ്രചോദനവുമായിത്തീര്‍ന്നു.

ആയിടയ്ക്കാണ് പന്ത്രണ്ടാം പീയൂസ് പാപ്പപരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിക്കുവാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. തെരേസിറ്റ ഈ വാര്‍ത്ത അറിഞ്ഞ് അതീവ സന്തോഷവതിയായി. എന്നാല്‍ സഹസന്യാസിനിമാരോട് അവള്‍ പറഞ്ഞു: ”ഈപ്രഖ്യാപനം ഞാന്‍ പരിശുദ്ധ അമ്മയോടു കൂടെ സ്വര്‍ഗത്തിലിരുന്നായിരിക്കും വീക്ഷിക്കുക!” അവര്‍ അവളെ കളിയാക്കി, കാരണംആരോഗ്യപരമായി തെരേസിറ്റയ്ക്ക് ഗുരുതരമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അധികം വൈകാതെ കഠിനമായ തലവേദന അവളെ അസ്വസ്ഥതപ്പെടുത്താന്‍ തുടങ്ങി; ട്യൂബര്‍ക്കുലസ് മെനിഞ്ചൈറ്റിസ് ആണെന്ന് പരിശോധനാഫലത്തില്‍ നിന്നും മനസ്സിലായി. എന്നാല്‍ കഠിനമായ വേദനയിലും ബുദ്ധിമുട്ടുകളിലും പുഞ്ചിരിക്കുന്ന മുഖവുമായി പരിശുദ്ധ അമ്മയില്‍ ആശ്രയിച്ചുകൊണ്ട് സഹനങ്ങള്‍ക്ക് അവള്‍ നന്ദിപറഞ്ഞു. മരണവിനാഴികയില്‍ അവളുടെമുഖം പ്രകാശമാനമായി. മുകളിലേക്കുനോക്കി പുഞ്ചിരിച്ചുകൊണ്ട് അവള്‍ ഇപ്രകാരം വിളിച്ചു പറഞ്ഞു: ”ഓ എത്ര സുന്ദരം!മാതാവേ, അങ്ങ് അതീവ മനോഹരിയായിരിക്കുന്നു!” തന്റെ പ്രിയ മകളെ സ്വര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ പരിശുദ്ധ അമ്മ തന്നെ നേരിട്ടുവന്നതാവണം!

അധികം വൈകാതെതന്നെ മരിയ തെരേസയുടെ നാമകരണ നടപടികള്‍ക്ക് ആരംഭം കുറിച്ചു. 1983-ല്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അവളെ ധന്യയായി പ്രഖ്യാപിച്ചു.

മരിയ തെരേസയുടെ മാതൃക പിഞ്ചെന്ന്ഈ മാസത്തില്‍ നമുക്കും പരിശുദ്ധ അമ്മയോട് കൂടുതല്‍ സ്‌നേഹവും ഭക്തിയും പ്രകടിപ്പിക്കാം, നമ്മുടെ അമ്മയുടെ വിരല്‍ത്തുമ്പില്‍ പിടിച്ച് ഈശോയിലേക്ക് നടന്നടുക്കാം.


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here