‘മോനെ ഇതെല്ലം നിന്റേതാണ്. കേട് വരുത്തരുതട്ടോ.” കളിപ്പാട്ടങ്ങള്‍ ചെറുമകനെ ഏല്‍പിച്ചിട്ട് മുത്തശ്ശി തൊടിയിലേക്കിറങ്ങി. തിരിച്ചുവന്നപ്പോള്‍ കളിപ്പാട്ടങ്ങള്‍ കേടാക്കിയിരിക്കുന്നതു കണ്ട് അരിശത്തോടെ നിന്ന മുത്തശ്ശിയോട് അവന്‍ പറഞ്ഞു: ”മുത്തശ്ശീ, എന്റെ കളിപ്പാട്ടങ്ങളല്ലേ ഞാന്‍ കേടാക്കിയത്.”

കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ മുത്തശ്ശി പറഞ്ഞു: ”ഇവിടയുള്ളതൊന്നും നിന്റേതല്ല. നിന്റെയച്ഛന്റെതാണ്.” കുറച്ചു സമയം കഴിഞ്ഞു വന്ന മുത്തശ്ശി കാണുന്നത്, വീട്ടിലെ ഫോണ്‍ എടുത്തു കളിക്കുന്ന ചെറുമകനെയാണ്. അമര്‍ഷത്തോടെ നിന്ന മുത്തശ്ശിയെ നോക്കി അവന്‍ പറഞ്ഞു: ”മുത്തശ്ശി ഇതെന്റെയല്ലല്ലോ കേടുവന്നാല്‍ പിന്നെ എന്താകുഴപ്പം?”

വിവിധങ്ങളായ മൂല്യങ്ങളിലാണ് മനുഷ്യസമൂഹം പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. എന്നാല്‍ മൂല്യങ്ങളെ സ്വന്തം വീക്ഷണകോണിലൂടെ നോക്കിക്കാണാനും സ്വന്തം താത്പര്യപ്രകാരം വ്യാഖ്യാനിക്കാനുമുള്ള വ്യഗ്രതയും ഇന്ന് കൂടിവരുകയാണ്. ഈ മൂല്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മറ്റുള്ളവരോടുള്ള കരുതലാണ്. എല്ലാവരും വിശന്നിരിക്കുന്ന കാലത്ത് ഒരാള്‍ക്ക് കിട്ടുന്ന ഭക്ഷണപ്പൊതി കൂടെയുള്ളവര്‍ക്കുകൂടി പങ്കുവയ്ക്കാന്‍ കാണിക്കുന്ന മനോഭാവമാണ് ഈ കരുതല്‍. ലോക്ഡൗണ്‍ കാലത്ത് തന്റെ കൂടെ ആദ്യനാളുകളില്‍പ്രവര്‍ത്തിച്ചിരുന്നവരെ ഓര്‍ത്തെടുത്ത് അവരെ വിളിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുന്നുണ്ട്, ചലച്ചിത്ര നടന്‍ശ്രീ.മോഹന്‍ലാല്‍. ധനം പങ്കുവയ്ക്കുന്നത് മാത്രമല്ല,ഈ കരുതലിന്റെയര്‍ഥം. ഗുരുസ്ഥാനീയനായ ഡോക്ടറുടെ മൃതശരീരം മറവു ചെയ്യാന്‍ കഷ്ടപ്പാടുകള്‍ സഹിച്ചഡോക്ടര്‍ പ്രദീപ്, വൈറസ് ബാധിതരെ ആത്മാര്‍ഥതയോടെപരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, സാമൂഹിക അകലം പരിശീലിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമായി അക്ഷീണം പരിശ്രമിക്കുന്ന സേനാ വിഭാഗങ്ങള്‍ എന്നിങ്ങനെ പോകുന്നു കരുതലിന്റെ ഉദാഹരണങ്ങള്‍.

കോവിഡ് 19 എന്ന മഹാമാരിയുടെ കാലഘട്ടം നമ്മിലുള്ള ഈ മൂല്യത്തെ ഉണര്‍ത്താനുള്ള സമയം കൂടിയാണ്. സഹജീവികളോട് കരുതല്‍ കാണിക്കാന്‍ ഓരോ മനുഷ്യനുംവ്യത്യസ്ത രീതികളുണ്ട്. പക്ഷേ, അടിസ്ഥാനപരമായി വേണ്ടത് അതിനായുള്ള മനോഭാവമാണ്. മനുഷ്യരോടും ജീവജാലങ്ങളോടുമുള്ള കരുതലാണ് ഇതില്‍ പ്രധാനപ്പെട്ടത്. നമ്മളിന്നേവരെ കാണാത്തതും വിഭാവനം ചെയ്യാത്തതുമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ സാഹചര്യത്തിനനുസൃതമായി മറ്റുള്ളവരെ എങ്ങനെ സഹായിക്കാം, ക്രിസ്തുവിന്റെ കണ്ണിലൂടെ അവരെ എങ്ങനെ കാണാമെന്നുമാണ് നാമറിയേണ്ടത്. ദൈവവചനം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ടല്ലോ, ”ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്‍ പോര, മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം. യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ
മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ.”.


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here


 

എഡിറ്റര്‍-ഇന്‍-ചീഫ്
jjadvocatesjy@gmail.com