ഇന്നു ലോകം ചോദിക്കുന്നു; ഈ കോവിഡ് 19 വൈറസിനെ ദൈവമെന്തുകൊണ്ട് തടയുന്നില്ല. ഇതു ദൈവമില്ല എന്നതിന്റെ തെളിവല്ലേയെന്ന് നിരീശ്വരര്‍ ചോദിക്കുന്നു.

അപ്പോള്‍ കൊറോണ ലോകത്തെ മുഴുവന്‍ നിശ്ചലമാക്കി. ഒപ്പം, ദൈവത്തെപ്രതി വാദപ്രതിവാദം നടത്തുകയും ആക്രോശിക്കുകയും കലഹിക്കുകയുംകൊല്ലുകയും ചെയ്തുപോന്ന മതവിശ്വാസികളെയും മതതീവ്രവാദികളെയും നിരീശ്വരരെയും, അവരുടെ ആരാധനാലയങ്ങളൊക്കെ അടച്ചുപൂട്ടി. ആ പരിപൂര്‍ണ നിശ്ശബ്ദതയില്‍ ദൈവം സംസാരിച്ചു തുടങ്ങി.

ഇന്നു ലോകമെങ്ങും എന്റെ മക്കള്‍ ചോദിക്കുന്നു: ഈ കോവിഡ് 19 വൈറസിനെ ദൈവമെന്തുകൊണ്ടു തടയുന്നില്ലെന്ന്. ”ഇതുദൈവമില്ല എന്നതിന്റെ തെളിവല്ലേ?” അവരില്‍ നിരീശ്വരര്‍ ചോദിക്കുന്നു. നിരീശ്വരരുടെചോദ്യത്തിലുള്ള അജ്ഞതയെക്കാള്‍ ഗൗരവമുള്ളത് വിശ്വാസികളുടെ അജ്ഞതയാണെന്നറിയുക. വിശ്വാസികളും ഉള്ളില്‍ ചോദിക്കുന്നുണ്ട്, എന്തുകൊണ്ടു ദൈവമേ എന്ന്.

ആരാണ് ഉത്തരവാദിയെന്ന് പറയുക.

ഞാന്‍ പറഞ്ഞിട്ടാണോ ആദിമാതാപിതാക്കള്‍പാപം ചെയ്തത്? കായേന്‍ ആബേലിനെ വധിച്ചത്? സോദോം ഗോമോറയില്‍ ദുഷ്ടതയും പാപവും കുന്നുകൂട്ടിയത്? പ്രവാചകന്മാരിലൂടെ പലവുരു സംസാരിച്ചിട്ടും ജനംപാപത്തിലും ദുശ്ശാഠ്യങ്ങളിലും തുടര്‍ന്നത്?പ്രവാചകന്മാരെ വധിച്ചത്? ഒടുവില്‍ രക്ഷകനായി വന്ന ദൈവപുത്രനെത്തന്നെയുംനിഷ്ഠൂരമായി ക്രൂശിച്ചത്? അവനെപ്പോലെ ജീവിച്ച വിശുദ്ധരെ വധിച്ചത്? ഇന്നും വധിക്കുന്നത്? പിറക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങള്‍ നിസ്സഹായരായിഅമ്മമാരുടെ ഗര്‍ഭപാത്രങ്ങളില്‍ വധിക്കപ്പെടുന്നത്…?

ഞാന്‍ പറഞ്ഞിട്ടാണോ മനുഷ്യ വംശത്തിന്റെതന്നെ അന്ത്യം കുറിക്കാന്‍ കഴിവുള്ളആണവായുധങ്ങളും രാസായുധങ്ങളും വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നത്? ജനിതകമാറ്റം വരുത്തി മാരകമായ വൈറസുകള്‍ലാബുകളില്‍ സൃഷ്ടിക്കപ്പെടുന്നത്? ദാരിദ്ര്യംഅനുഭവിക്കുന്ന ലോകമെങ്ങുമുള്ള എന്റെ പ്രിയപ്പെട്ട മക്കളുടെ ആവശ്യങ്ങള്‍ക്കുള്ള സമ്പത്ത് സര്‍വനാശത്തിനുവേണ്ടി ഉപയോഗിക്കുന്നത്…?

നിങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ഞാന്‍ സൃഷ്ടിച്ച ഓസോണ്‍ പാളികളില്‍ ഞാന്‍ പറഞ്ഞിട്ടാണോ നിങ്ങള്‍ ഫാക്ടറികളില്‍ നിന്നുള്ള മാരകമായ വിഷപ്പുകകൊണ്ട് വിള്ളലുകള്‍ സൃഷ്ടിക്കുന്നതും പ്രപഞ്ചത്തിന്റെ നിലനില്പിനുതന്നെ ഭീഷണി സൃഷ്ടിക്കുന്നതും? ഫാക്ടറികളില്‍ നിന്നുള്ള വിഷമാലിന്യങ്ങളൊഴുക്കി നദികളും സമുദ്രവുംവിഷലിപ്തമാക്കുന്നതും അവയിലെഅസംഖ്യം ജീവജാലങ്ങളെ കൊന്നൊടുക്കുന്നതും? പ്രകൃതിയുടെ ശ്വാസകോശങ്ങളായ നിബിഢവനങ്ങള്‍ കൈയേറി തീയിട്ട്നിങ്ങള്‍ക്കു ശ്വസിക്കുന്നതിനുള്ള ശുദ്ധവായു ഇല്ലാതാക്കുന്നതും അവയിലെ പക്ഷികളുടെയും മൃഗങ്ങളുടെയും ജീവന്‍ നശിപ്പിക്കുന്നതും…?

ഞാന്‍ പറഞ്ഞിട്ടാണോ മനുഷ്യര്‍ക്കു ഭക്ഷിക്കാനായി തയ്യാറാക്കുന്ന ഭക്ഷ്യധാന്യങ്ങളുംപഴങ്ങളും പച്ചക്കറികളും മത്സ്യവും മാംസവുമെല്ലാം വിഷത്തില്‍ കുളിപ്പിച്ചെടുക്കുന്നതും അതു കഴിക്കുന്ന എന്റെ മക്കളെക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്കും മരണത്തിനും എറിഞ്ഞു കൊടുക്കുന്നതും…?

എന്നിട്ട് ഇതിന്റെയൊക്കെ പരിണിതഫലം അവരെ തേടിയെത്തുമ്പോള്‍ ഇതെല്ലാം ചെയ്യുന്നവര്‍ തന്നെ എന്റെ നേരെ വിരല്‍ ചൂണ്ടുന്നു. വിശ്വാസികള്‍ ”കര്‍ത്താവേ രക്ഷിക്കണേ” എന്നു കേണപേക്ഷിച്ചു കൊണ്ടിരിക്കുന്നു. രണ്ടും തെറ്റ്. രക്ഷിക്കണേ,രക്ഷിക്കണേയെന്ന് നിങ്ങള്‍ നിരന്തരം കേണപേക്ഷിക്കുമ്പോള്‍ കുട്ടികളും നിരീശ്വരരും ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്നെക്കുറിച്ച് നിങ്ങള്‍ നല്‍കുന്ന ചിത്രമെന്താണ്?ഞാനാണ് ഈ ദുരിതങ്ങളൊക്കെ നല്‍കുന്നതെന്നായിരിക്കില്ലേ? മനുഷ്യരുടെ കുറ്റങ്ങളുംപാപങ്ങളും സൂക്ഷ്മതയോടെ നിരീക്ഷിച്ച്, ശിക്ഷിക്കാന്‍ കാത്തിരിക്കുന്ന ക്രൂരനായ ഒരു ദൈവം ആണെന്നായിരിക്കില്ലേ? ഈ ദൈവത്തിന് ഇവരെ രക്ഷിക്കാന്‍ കഴിവില്ല എന്നായിരിക്കില്ലേ?

അപ്പോള്‍ നിങ്ങള്‍ ചോദിക്കുന്നു, എന്നാല്‍ അങ്ങെന്താ ഇതൊന്നും തടയാത്തത്?

ഞാന്‍ മനുഷ്യമക്കളെ സൃഷ്ടിച്ചത് പാവകളോ യന്ത്രങ്ങളോ ആയിട്ടല്ല. എന്റെ സാദൃശ്യത്തില്‍, സ്വതന്ത്രമനസ്സോടെ.

ഞാന്‍ ചോദിക്കട്ടെ, നിങ്ങള്‍ നിങ്ങളുടെ വീട്ടിലോ ഓഫീസിലോ ചെയ്യുന്ന ഓരോകാര്യങ്ങളിലും, അതു നല്ലതോ അല്ലാത്തതോആകട്ടെ, അതു പരസ്യമോ രഹസ്യമോ ആകട്ടെ, അതതു സമയത്ത് ഞാന്‍ ഇടപെടുകയും തടസ്സപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ അതു നിങ്ങള്‍ക്കിഷ്ടമാകുമോ? നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങളെ നിയന്ത്രിച്ചപ്പോള്‍ എത്രമാത്രം ഒച്ചപ്പാട് നിങ്ങളുണ്ടാക്കി? ഞാന്‍ എന്റെ മക്കള്‍ക്കു നല്‍കിയസ്വതന്ത്രമനസ്സിനെതിരെ ഞാന്‍ പ്രവര്‍ത്തിച്ചാല്‍ എന്നെത്തന്നെ എതിര്‍ക്കുകയല്ലേ ഞാന്‍ ചെയ്യുന്നത്?

ഇനി പറയുന്നത് മനസ്സിരുത്തി കേള്‍ക്കുക.

ആദിയില്‍ ഞാന്‍ ഭൂമിയെ സൃഷ്ടിക്കുമ്പോള്‍തന്നെ എന്റെ ചൈതന്യം അതിന്റെ മേലുണ്ടായിരുന്നു. മനുഷ്യന്‍ മനുഷ്യനെതിരെയോ, പ്രകൃതിക്കെതിരെയോ, ദൈവത്തിനെതിരെയോ മറുതലിക്കുമ്പോള്‍ ഈ വിശുദ്ധ കൂട്ടായ്മയുടെ പാരസ്പര്യം നഷ്ടപ്പെടുന്നു. എനിക്കു വിരുദ്ധമായി ചെയ്തപാപം ഭൂമിയ്‌ക്കെതിരെയായി ഭൂമിയും കണ്ടു.എനിക്കെതിരെ പാപം ചെയ്ത ആദത്തിനു മുമ്പില്‍ മുള്ളുകളും മുള്‍ച്ചെടികളും പുറപ്പെടുവിച്ചതു ഭൂമിയാണ് (ഉത്പ 3,18). കായേന്‍ വധിച്ച ആബേലിന്റെ രക്തം ദൈവത്തെ വിളിച്ചു കരഞ്ഞ കായേന്റെ കൃഷിയിടത്തില്‍ വിളവു നല്‍കാതിരുന്നതും ഭൂമി തന്നെ. (ഉത്പ 4,12). ഇന്നും അതേ മനുഷ്യര്‍ മനുഷ്യര്‍ക്കെതിരെയും പ്രകൃതിക്കെതിരെയും ചെയ്തുകൂട്ടുന്ന അതിക്രമങ്ങള്‍ക്കെതിരെ, പ്രകൃതി തന്നെ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നു.”സ്രഷ്ടാവായ അവിടുത്തെ സേവിക്കുന്നസൃഷ്ടി അധര്‍മികളെ ശിക്ഷിക്കാന്‍ വെമ്പല്‍കൊള്ളുന്നു”വെന്ന് തിരുവചനത്തില്‍നിങ്ങള്‍ വായിച്ചിട്ടില്ലേ? (ജ്ഞാനം 16,24)

മനുഷ്യപുത്രന്‍ ക്രൂശിക്കപ്പെട്ട് നിലവിളിച്ചുപ്രാണന്‍ വെടിയുമ്പോള്‍ ഞാനല്ല സൂര്യന്റെപ്രകാശം കെടുത്തി ഭൂമിയെ അന്ധകാരത്തിലാഴ്ത്തിയത്; മനുഷ്യന്റെ ദുഷ്ടതയ്‌ക്കെതിരെ സൂര്യന്‍ ക്ഷോഭിക്കുകയായിരുന്നു. ഞാനവിടെ പാറ പൊട്ടിക്കാന്‍ വന്നില്ല; കുഞ്ഞാടിന്റെ ബലിയര്‍പ്പണം കണ്ടിട്ടുംഹൃദയം കൂടുതല്‍ കഠിനമാക്കിയ മനുഷ്യരോടു പ്രതിഷേധിച്ച് പാറകള്‍ സ്വയം പൊട്ടിപ്പിളരുകയായിരുന്നു. ദേവാലയം തന്നെയാണ് അതിന്റെ തിരശ്ശീല നടുവേ രണ്ടായികീറുന്നത്. ”പ്രപഞ്ചം നീതിമാന്മാര്‍ക്കുവേണ്ടി പോരാടുന്ന”താണ് ഇവിടെല്ലാംനിങ്ങള്‍ കണ്ടത് (ജ്ഞാനം 16,17).

ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യുന്നുവെന്നു തിരുവചനം നിങ്ങള്‍ക്കു പറഞ്ഞു തരുന്നുണ്ടല്ലോ.. ”അങ്ങ് എല്ലാവരോടും കരുണ കാണിക്കുന്നു. അവിടത്തേക്ക് എന്തുംസാധ്യമാണല്ലോ. ”മനുഷ്യന്‍ പശ്ചാത്തപിക്കേണ്ടതിന്” അവിടന്ന് അവരുടെ പാപങ്ങളെ അവഗണിക്കുന്നു. ”എല്ലാറ്റിനെയുംഅങ്ങ് സ്‌നേഹിക്കുന്നു” (ജ്ഞാനം 11,23-24).

കടന്നു പോകുന്ന കാലത്തിന്റെ അടയാളങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്. പുറപ്പാടുയാത്ര ശ്രദ്ധിക്കുക. ”നിങ്ങളില്‍ ഇരുപതുംഅതിലേറെയും വയസ്സുള്ളവരില്‍, എനിക്കെതിരായി പിറുപിറുത്ത ഒരാള്‍ പോലും,നിങ്ങളെ പാര്‍പ്പിക്കാമെന്നു ഞാന്‍ വാഗ്ദാനംചെയ്ത ദേശത്തു പ്രവേശിക്കുകയില്ല. യഫുന്നയുടെ മകന്‍ കാലെബും നൂനിന്റെമകന്‍ ജോഷ്വയും മാത്രം അവിടെ പ്രവേശിക്കും” (സംഖ്യ (14,30). ദൈവവുമായുള്ള കൂട്ടായ്മ നഷ്ടപ്പെടുത്തിയ ആ തലമുറ 40 വര്‍ഷം മരുഭൂമിയില്‍ അലയുന്നു. ഒടുവില്‍ വാഗ്ദത്ത ഭൂമി അവര്‍ക്കു പ്രവേശനവുംനിഷേധിക്കുന്നു. വാഗ്ദത്ത ഭൂമിയുടെനീതിനിര്‍വഹണമാണിത്!

”അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ സന്തതികളുടെ മേലും ആയിക്കൊള്ളട്ടെ” (മത്താ 27,25) എന്നാക്രോശിച്ച് യേശുവിനെ വധിച്ച യേശുവിന്റെ കാലത്തെ തലമുറയെയും അവരുടെ മക്കളെയും ഏതാണ്ട് 40 വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തദേശം തന്നെ തിരസ്‌കരിക്കുന്നു. ലോകമെങ്ങും ചിതറിക്കുന്നു. അവരുടെ അഭിമാനമായ ദേവാലയം യേശു പ്രവചിച്ചതുപോലെ കല്ലിന്‍മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടുന്നു.

1970-കളില്‍ ശക്തിപ്രാപിച്ച ഭൗതികതയുംദൈവനിഷേധവും എതിര്‍സാക്ഷ്യങ്ങളും യൂറോപ്പില്‍ എത്രമാത്രം ദേവാലയങ്ങള്‍ അടച്ചു പൂട്ടുന്നതിനിടയാക്കി. എന്നിട്ടവയെല്ലാം പബ്ബുകളും മ്യൂസിയങ്ങളുമാക്കി ലോകത്തിനു മുമ്പില്‍ എന്റെ സഭയെ,എന്നെത്തന്നെ നിന്ദിച്ചു. പൊതുസമൂഹത്തില്‍നിന്നും കുടുംബങ്ങളില്‍ നിന്നും അവര്‍എന്നെ പുറത്താക്കി! അന്നത്തെ യുവതലമുറ 40 വര്‍ഷങ്ങള്‍ കഴിഞ്ഞ് വാര്‍ധക്യത്തിലെത്തി നില്‍ക്കുമ്പോള്‍ തങ്ങള്‍ ആശ്രയിച്ച ഭൗതിക സൗകര്യങ്ങളോ സമ്പത്തോ തങ്ങളെ സഹായിക്കാനില്ലാതെ കൊറോണയില്‍ ശ്വാസം മുട്ടുന്നു. ഓക്‌സിജന്‍പോലും നിഷേധിക്കപ്പെടുന്നു. 2020-ലും പ്രകൃതി അതിന്റെ അധ്യാപനം തുടരുകയാണ്.

മനുഷ്യര്‍ക്കെതിരെ മനുഷ്യന്‍ സ്വരുക്കൂട്ടുന്ന ആയുധങ്ങള്‍ കോവിഡ് 19 പോലെപല പേരുകളില്‍ തങ്ങളെത്തന്നെ ശിക്ഷിക്കുന്നു. സ്‌നേഹവിരുദ്ധവും ക്രൂരവുമായതങ്ങളുടെ ചെയ്തികളില്‍നിന്നു മനം തിരിഞ്ഞ് പശ്ചാത്താപത്തിലേക്കും നിത്യസ്‌നേഹമായ എന്നിലേക്കും തിരികെവരാന്‍ പ്രപഞ്ചം തന്നെ ഈ തലമുറയെഒരുക്കുകയാണ്. ഞാനുമത് എത്രയധികമായി ആഗ്രഹിക്കുന്നു!

ഇതെല്ലാം കേട്ട് പ്രാര്‍ഥിക്കാന്‍ വരട്ടെ. അതിനു മുമ്പ് ചെയ്യേണ്ടത് ഒന്നുണ്ട്. ”അന്ധകാരത്തിന്റെ നിഷ്ഫലമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരരുത്, പകരം അവയെ കുറ്റപ്പെടുത്തുവിന്‍” (എഫേ 5,11).

രാസവിഷങ്ങളിട്ടുണ്ടാക്കിയ വിളകള്‍ മനുഷ്യനു ഭക്ഷിക്കുന്നതിനായി വില്പനശാലയില്‍ എത്തിക്കുന്ന കര്‍ഷകരും ലബോറട്ടറികളില്‍ മനുഷ്യനെ കൊല്ലാന്‍ വൈറസുകളുണ്ടാക്കുന്നവരും ഒരേ പാപത്തിലാണു പങ്കുചേരുന്നത് എന്നറിയുക. രോഗികളാക്കുന്നവരുടെയും കൊല്ലുന്നവരുടെയും എണ്ണത്തില്‍ മാത്രമേ വ്യത്യാസമുള്ളു. ആദ്യമേ കര്‍ഷകന്‍ തന്റെ കൃഷിയിടം പവിത്രമായി കാത്തുസൂക്ഷിക്കട്ടെ. മനുഷ്യനെതിരെ പരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ ഭാരിച്ച ശമ്പളം വേണ്ടെന്നുവച്ച് മറ്റു ജോലികളിലേക്കു തിരിയട്ടെ. അതുപോലെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും തിരുത്തലുകള്‍ സംഭവിക്കട്ടെ.

തീര്‍ന്നില്ല, കുറ്റപ്പെടുത്തേണ്ടവയെ കുറ്റപ്പെടുത്തണം. പരിസ്ഥിതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയ സ്വീഡനിലെ ഗ്രേറ്റ തുന്‍ബെര്‍ഗ് എന്ന കൊച്ചുപെണ്‍കുട്ടിയെപ്പോലെ.

ഇനി പ്രാര്‍ഥിക്കാം: സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യര്‍ക്കുവേണ്ടി; അവരെ സഹായിക്കുന്നതിനുള്ള ഉദാരമനസ്സിനുവേണ്ടി; സ്‌നേഹരഹിതനായി ജീവിക്കുന്ന മനുഷ്യന്റെ മനസ്സു മാറുന്നതിന്; (ദൈവത്തിന്റെ മനസ്സു മാറാനല്ല). ദൈവവുംമനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള സ്‌നേഹത്തിന്റെ പാരസ്പര്യം വീണ്ടെടുക്കുന്നതിന്…

പ്രാര്‍ഥിക്കുന്നതിനു മുമ്പു തന്നെ നിങ്ങളുടെആവശ്യങ്ങളറിയുന്നവനാണ് ഞാനെന്നറിയുക. അതുകൊണ്ട് അതിഭാഷണം ഒഴിവാക്കാം. വചനം ധ്യാനിക്കുക. പ്രപഞ്ചത്തില്‍അതിന്റെ തുടര്‍ച്ച നിങ്ങള്‍ക്കു വായിച്ചെടുക്കാനാവും. സ്‌നേഹത്തിന്റെ പ്രവൃത്തികള്‍ പ്രാര്‍ഥനയ്ക്ക് ഒപ്പമുണ്ടാകട്ടെ!

സംഭവിക്കുന്ന എല്ലാറ്റിലുംനിന്ന് നിങ്ങള്‍ക്കായി ഞാന്‍ നന്മ ഉളവാക്കുന്നുവെന്ന് എപ്പോഴും ഓര്‍മിക്കുക (റോമ 8,28).

ജാഗരൂഗരായിരിക്കുക. നിങ്ങള്‍ക്കു സമാധാനം!


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here