”നമ്മുടെ യുവജന ഗ്രൂപ്പുകളില്‍ കളികളും തമാശകളുമെല്ലാം അത്യാവശ്യമല്ലേ?” ഒരിക്കല്‍ ഫസ്റ്റ് ലൈന്‍ ഗ്രൂപ്പില്‍ വന്ന ഒരു ചര്‍ച്ചയായിരുന്നു ഇത്. എന്നാല്‍ ചിലര്‍ അതിനെ കാര്യമായി എതിര്‍ത്തു. ”അതൊരിക്കലും പാടില്ല.കാരണം നമ്മുടെ ചെറുപ്പക്കാര്‍ അല്ലാതെതന്നെ കളികള്‍ക്കും തമാശകള്‍ക്കുമായി കാത്തിരിക്കുകയാണ്. നമ്മള്‍ ഒന്നിച്ചു വരുന്നത് പ്രാര്‍ഥനയ്ക്കും സുവിശേഷവത്ക്കരണത്തിനുമാണ്. തമാശകളും കളികളും ആയാല്‍ നമ്മുടെ യഥാര്‍ഥ ചൈതന്യം നഷ്ടപ്പെട്ടു പോകാന്‍ ഇടയുണ്ട്. മറ്റേതൊരു യുവജന ഗ്രൂപ്പുകളെ പോലെ നമ്മളും ആയിത്തീരും.”

ഏറെ ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും ശേഷം അവസാനം ആ പുതിയ വഴി തേടാന്‍ തന്നെ ഗ്രൂപ്പ് തീരുമാനിച്ചു. ഞങ്ങള്‍ക്ക് തന്നെ ഈ തലത്തില്‍ ഒരു പരിശീലനം ആവശ്യമായിരിക്കുന്നു എന്ന് ഞങ്ങള്‍ മനസ്സിലാക്കി. കാരണം ഇതു പോലെ കളിയും തമാശയും ഒന്നും കരിസ്മാറ്റിക് രീതികളുടെയും പഠനങ്ങളുടെയും ഭാഗമായിരുന്നില്ല. അങ്ങനെ, ഞങ്ങളുടെ ഗ്രൂപ്പുമായി ഒരുബന്ധവും ഇല്ലാതിരുന്ന ആലപ്പുഴയില്‍
നിന്നുള്ള ഒരു ടോമിയെ ഞങ്ങളെ പരിശീലിപ്പിക്കാന്‍ ക്ഷണിച്ചു. മുന്നേറ്റത്തില്‍ മുതിര്‍ന്നവര്‍ ആയിരുന്ന ഞങ്ങളുടെ ‘ബലംപിടിത്തം’ ഒക്കെ ഒന്ന് മാറ്റി ഓടി നടക്കാനും പൊട്ടിച്ചിരിക്കാനും കളിക്കാനും കുട്ടികളെപ്പോലെ പരസ്പരമുള്ള സൗഹൃദത്തില്‍ ആനന്ദിക്കാനും ഒക്കെആ മൂന്നു ദിവസം ഞങ്ങളെ അദ്ദേഹംപരിശീലിപ്പിച്ചു. ഇത് 1983-ല്‍ ആയിരുന്നു. ഇതോടെ ഞങ്ങളുടെ വ്യക്തിജീവിതത്തിലും ഗ്രൂപ്പുകള്‍ നടത്തുന്ന ശൈലിയിലുംപരിശീലന രീതികളിലും ധ്യാനങ്ങള്‍നടത്തുന്ന കാര്യത്തിലുമൊക്കെ ഏറെ വ്യത്യാസമുണ്ടായി.

തുടര്‍ന്ന് കേരളത്തിലങ്ങോളമിങ്ങോളംനടത്തേണ്ട ഒരു നേതൃത്വ പരിശീലനംഞങ്ങള്‍ തയ്യാറാക്കി. അതിന്റെ വിഷയങ്ങളും കൊടുക്കേണ്ട രീതികളുമൊക്കെ ഞങ്ങള്‍ ഒരു ടീം കുത്തിയിരുന്ന് വിശദമായി ഒരുങ്ങി. ”സ്വയം അറിയുക” എന്ന പേരില്‍ 4 ദിവസം നീളുന്ന ആ പരിശീലനം ധാരാളം കളികളും തമാശകളും സജീവ ചര്‍ച്ചകളും ഗ്രൂപ്പുവിചിന്തനങ്ങളും ഒക്കെ ഉള്‍ക്കൊള്ളുന്നതായിരുന്നു. മറ്റൊരു സംരംഭം, 1984-ല്‍ തേവരയില്‍ വച്ച്നടന്ന ‘യുവജന ക്യാമ്പ്’ ആയിരുന്നു. അത് യഥാര്‍ഥത്തില്‍ യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു ധ്യാനമായിരുന്നു എങ്കിലും ”പുതിയ തോല്‍ക്കുടത്തില്‍” കളികളും തമാശകളും ഒക്കെ ആയിട്ട് ക്രമീകരിച്ചിരുന്നത് യുവജനങ്ങളുടെ ജീവിതം ആഴത്തില്‍ മാറിമറിയുന്നതിന് ഏറെ സഹായകരമായി. ഈയൊരു അടിത്തറയില്‍ തന്നെയായിരുന്നു മുന്നേറ്റത്തിന്റെ ഗതി മുഴുവന്‍ തിരിച്ചുവിട്ട ‘ജീസസ് യൂത്ത് 85’ എന്ന സുപ്രധാന സമ്മേളനവും.

ഈ പുതുസമീപനം കൊണ്ടുവന്ന പ്രധാനമാറ്റം എന്തായിരുന്നു? യുവജന കൂട്ടായ്മകളിലും പരിശീലനങ്ങളിലും ഏറെ ഉല്ലാസവും കളികളും കടന്നു വരാന്‍ തുടങ്ങിയതോടെ മുന്നേറ്റത്തില്‍ ഏറെ ആനന്ദകരമായ ഒരു അന്തരീക്ഷവും തുറവിയും ഉണ്ടായി. അറിഞ്ഞോ അറിയാതെയോ ഞങ്ങളുടെ കൂട്ടായ്മകളും മറ്റ് ഇടങ്ങളും ഏറെ യുവജന ഹൃദ്യതയാര്‍ന്ന വേദികളായി തീര്‍ന്നു. തീവ്ര നിലപാടുകള്‍കുറഞ്ഞു; ക്രിയാത്മകത വര്‍ധിച്ചു; യുവജനങ്ങളുടെ കൊഴിഞ്ഞുപോക്ക് കാര്യമായി കുറഞ്ഞു.

എന്തിനാണീ കളിതമാശകള്‍?

ജിനോ അച്ചന്‍ നല്‍കിയ ഒരു പരിശീലനം ഈ തീരുമാനങ്ങള്‍ എടുക്കുന്നതിന് ഞങ്ങളെ ഏറെ സഹായിച്ചു; പ്രാര്‍ഥന,ആധ്യാത്മികത, മിഷന്‍ എന്നിവയെക്കുറിച്ചുള്ള ഞങ്ങളുടെ മനോഭാവം തിരുത്തുന്നതിന് അത് കാരണമായി.മുന്‍പ് സൂചിപ്പിച്ച ചര്‍ച്ചകളും ഈയൊരുപശ്ചാത്തലത്തില്‍ ആയിരുന്നു. നാമെല്ലാംധരിക്കുന്ന മുഖംമൂടികളെകുറിച്ച് അദ്ദേഹം പരാമര്‍ശിച്ചിരുന്നു. ”നല്ല അനുസരണക്കുട്ടി”,’നല്ല വിദ്യാര്‍ഥി’, ‘ഭക്തിയുള്ളവള്‍’ എന്നുതുടങ്ങി പല നാട്യങ്ങളും നമ്മള്‍ മുഖംമൂടി പോലെ ധരിച്ചു നടക്കുന്നുണ്ടാകാം.നാം ധരിക്കുന്ന മുഖംമൂടികള്‍ മിക്കവാറും മറ്റുള്ളവരെ പ്രീതിപ്പെടുത്താനാണ്. എന്നാല്‍ യഥാര്‍ഥ ഞാന്‍ മറ്റൊന്നാകാം. ഉള്ളിലുള്ള ആഗ്രഹങ്ങളോ സ്വപ്നങ്ങളോ ചിലപ്പോഴെങ്കിലും ഞാന്‍ പരിഗണിക്കാതെ പോകാം.

ആത്മാര്‍ത്ഥതയുള്ള, കലര്‍പ്പില്ലാത്ത ഒരു വ്യക്തിത്വം വളര്‍ത്തണമെങ്കില്‍, അങ്ങനെ വിശുദ്ധിയില്‍ മുന്നേറണമെങ്കില്‍, ഞാന്‍ആരാണ്, യഥാര്‍ഥ ഞാന്‍ മുഖംമൂടികളില്ലാതെ എവിടെ നില്‍ക്കുന്നു എന്നുള്ള ഒരു അവബോധം വളരണം. അങ്ങനെ മാത്രമേ പ്രാര്‍ഥനാ ജീവിതത്തില്‍ എനിക്ക് മുന്നോട്ടു പോകാനാവുകയുള്ളൂ. ഞാന്‍ എന്റെ സുവിശേഷ ദൗത്യവുമായി ഇറങ്ങി പുറപ്പെടുമ്പോഴും യഥാര്‍ഥ എന്നെയാണ് മറ്റുള്ളവര്‍ക്ക് കാണേണ്ടത്, അതല്ലാതെ ഒരു മുഖംമൂടിയെ അല്ല. നിര്‍ഭാഗ്യകരമായ ഒരു കാര്യം നാം പലപ്പോഴും യഥാര്‍ഥ ഞാന്‍ ആര് എന്നുള്ള ഒരു അവബോധം ഇല്ലാതെ വലിയ മാതൃകകളെ, വിശുദ്ധരെ ഒക്കെ അനുകരിക്കാന്‍ ശ്രമിക്കും. പക്ഷേ,ഞാന്‍ ലളിതമായ ഒരു സ്വയാവബോധത്തില്‍ തുടങ്ങിയില്ലെങ്കില്‍ എങ്ങും എത്തില്ല. പലര്‍ക്കും, പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് മുഖംമൂടികള്‍ അഴിച്ചുവച്ച് യഥാര്‍ഥ ‘ഞാന്‍’ ആകാനുള്ള ആദ്യപടിയാണ് ചിരിക്കാനും കളിക്കാനും പറ്റുന്ന ലളിതമായ ഒരു കൂട്ടായ്മ.

ഞങ്ങളുടെ ചര്‍ച്ചകളില്‍ ഉയര്‍ന്ന ചില ചിന്തകള്‍ ഉണ്ടായിരുന്നു. ഇതല്ലേ യേശു കുട്ടികളെ പോലെയാവുക എന്ന് പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത്? ആരോ പറഞ്ഞതുപോലെ, യഥാര്‍ഥ കുട്ടികളെ കാണണമെങ്കില്‍ നമ്മള്‍ കളിസ്ഥലത്ത് ചെല്ലേണ്ടിവരും. ചിലപ്പോഴെങ്കിലും നമുക്ക് ഒരു കുഞ്ഞിനെ ഇല്ലാതാക്കണം എങ്കില്‍ കളിക്കാന്‍ അനുവദിക്കാതിരുന്നാല്‍ മാത്രം മതി. നിഷ്‌കളങ്കമായ കളിയും തമാശയും പലപ്പോഴും നമ്മില്‍ നിന്ന് ഏറെ അകലെയാണ്. എന്നാല്‍, പല പ്രായപൂര്‍ത്തിയായവരും സന്തോഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നത് മറ്റുള്ളവരെ കളിയാക്കുമ്പോള്‍ മാത്രമാണ്. ആധ്യാത്മികതയില്‍ ഏറെ വളര്‍ന്ന വളര്‍ന്നവര്‍ പോലും മറ്റുള്ളവരെ കളിയാക്കുന്നതില്‍ മുന്നിലാണ്, എന്നാല്‍ കളിയാക്കപ്പെടുന്നത് അവര്‍ക്ക് അസഹനീയവുമാണ്. ലളിതമായി മറ്റുള്ളവരുമായി പങ്കുചേരുന്ന കളിചിരി തമാശകള്‍ നമ്മുടെ അഹങ്കാരത്തെ മറികടക്കാനും സ്വയംന്യായീകരണ മനോഭാവത്തെ ഇല്ലാതാക്കി വിശുദ്ധിയില്‍ വളരാനും നല്ലൊരു വഴിയാണ്.യുവജനങ്ങളെ ഏറെ സ്‌നേഹിച്ച വിശുദ്ധ ഡോണ്‍ ബോസ്‌കോ ഇങ്ങനെ പറയുമായിരുന്നത്രേ, ”വേണ്ടപോലെ നിങ്ങള്‍ ഓടിയും ചാടിയും കളിതമാശകള്‍ നടത്തിയും ഒക്കെസമയം ചെലവഴിക്കുക, പക്ഷേ ദൈവത്തെപ്രതി നിങ്ങള്‍ പാപം മാത്രം ചെയ്യരുത്”.

ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ഒന്നുശ്രദ്ധിച്ചേ: ”നമ്മള്‍ ഒരുവ്യക്തിയുടെ ആഴങ്ങള്‍ കണ്ടെത്തണം അതായത്, നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനമായ, ഉല്ലസിക്കാനുള്ള കഴിവ്, ക്രിയാത്മകമായി കളിയില്‍ ഏര്‍പ്പെടാനുള്ള പ്രാപ്തി. ജ്ഞാനത്തിന്റെ ഗ്രന്ഥം സൂചിപ്പിക്കുന്നതുപോലെ ദൈവംഉല്ലാസത്തില്‍ മുഴുകുന്നവനായിരുന്നു. ദൈവത്തിന്റെ ജ്ഞാനം വിനോദ ശീലമുള്ളതാണ്. അതുകൊണ്ട്, അറിവിന്റെ അനുഭവമായി, ഒരു പഠനോപാധിയായി നാം കളികളെ കണ്ടെത്തേണ്ടതുണ്ട്. അങ്ങനെയായാല്‍വിദ്യാഭ്യാസം വിവരശേഖരണം മാത്രമാകില്ല,മറിച്ച് ക്രിയാത്മകതയുടെ ഉല്ലാസമാകും. ഈ ഉല്ലാസ ഭാവം കണ്ടെത്തുന്നതിലൂടെ നാം ക്രിയാത്മകതയില്‍ വളരുകയും ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നേറുകയും ചെയ്യും.” പാപ്പാ പ്രധാനപ്പെട്ട ഒരു കാര്യം സൂചിപ്പിക്കുന്നു, കുട്ടികളെയും ചെറുപ്പക്കാരെയും സന്തോഷവന്മാരായി ഇരിക്കാനും കളിതമാശകളില്‍ ഏര്‍പ്പെടാനും പ്രോത്സാഹിപ്പിക്കുക എന്നത് വളരെപ്രധാനപ്പെട്ടതാണ്. കാരണം അത് നല്ലആന്തരികതയുടെ സൂചനയാണ്, അത് സ്‌നേഹത്തിലും ശരിയായ ആധ്യാത്മികതയിലും ഒരാള്‍ വളരുന്നു എന്നതിന് ഉറപ്പു നല്‍കുകയുംചെയ്യുന്നു.

മുഖംമൂടി മാറ്റി സന്തോഷവും ഉല്ലാസവും നിറയണം

”1991-ലാണ് ഞാന്‍ ജീസസ് യൂത്തിലെ റെക്സ് ബാന്റിനെ പരിചയപ്പെട്ടത്. സ്റ്റേജിലെ അവരുടെ പരിപാടി ഏറെ മനോഹരവും ആധ്യാത്മിക നിറമുള്ളതും ആയിരുന്നു. പക്ഷേ അതേത്തുടര്‍ന്ന് അവരുമായി ഞാന്‍ ചെലവഴിച്ച ഒരു ദിവസം എന്നെഅസ്വസ്ഥനാക്കി. അവരുടെ കളിതമാശകളും സൗഹൃദവുമാണ് എന്നെ അലോസരപ്പെടുത്തിയത്.” മുംബൈയില്‍ നിന്നുള്ളഒരു യുവ കരിസ്മാറ്റിക് നേതാവിന്റെ വാക്കുകളായിരുന്നു ഇത്. പക്ഷേ കുറച്ചുദിവസംകൊണ്ട് അയാള്‍ ഈ യുവകലാകാരന്മാരുടെ ഉറ്റസ്‌നേഹിതനും വലിയ ആരാധകനുമായി തീര്‍ന്നു. അവരുടെ ആത്മാര്‍ഥതയും ദൈവത്തോടുള്ള ആഴത്തിലുള്ള പ്രതിബദ്ധതയുമാണ് അദ്ദേഹത്തെ ഒരു അഭിപ്രായമാറ്റത്തിലേക്ക് നയിച്ചത്. പിന്നീട്അയാള്‍ പങ്കുവച്ച ഒരു കാര്യം, ഈ അനുഭവത്തിനു മുന്‍പ് ആധ്യാത്മികര്‍ ഒരു പ്രത്യേകരീതിയില്‍ ഉള്ളവരാകണം എന്നാണ് അയാള്‍ കരുതിയത്. ഈ ചെറുപ്പക്കാരുടെ ‘പച്ച സ്വഭാവം’ ആദ്യമെന്നെ അത്ഭുതപ്പെടുത്തിയെങ്കിലും പിന്നീട് ആഴങ്ങള്‍ തേടാനുള്ള നല്ല വെല്ലുവിളിയായി.

ഇന്നത്തെ ഇളംതലമുറ തേടുന്നത് ആത്മാര്‍ഥത തുളുമ്പുന്ന, യുവത്വം നിറയുന്ന ഒരു ആധ്യാത്മികതയാണ്. സന്തോഷവും തമാശയും കളികളും ഒക്കെ അതിന്റെ ഭാഗമാണ്. അപ്രകാരം നാട്യങ്ങളില്ലാത്ത ഒരു സമീപനം അവരെ തീര്‍ച്ചയായും ആകര്‍ഷിക്കും, കാരണം അവരാണ് യഥാര്‍ഥത്തില്‍”പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നവര്‍” (യോഹ 4:23)


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here


 

ആദ്യ നാളുകള്‍ മുതലേ ജീസസ് യൂത്ത് മൂവ്‌മെന്റിന്റെ മുന്‍നിരയില്‍ സജീവമായുള്ള പ്രധാനിയും മികച്ച അധ്യാപകനും വാക്ചാതുര്യമുള്ള പ്രഭാഷകനും വാഗ്മിയുമാണ് ലേഖകന്‍.
edward.edezhath@gmail.com