എന്റെ ദൈവം ക്രിസ്ത്യാനിയല്ല എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെക്കൊണ്ട്പറയിപ്പിച്ചത്  ഈ ആത്മീയതയാണ്.മതാനുഷ്ഠാനങ്ങള്‍ക്കപ്പുറത്തുള്ള ഒരു ആന്തരിക ബോധത്തിലേക്ക് ആത്മീയതമനുഷ്യനെ നയിക്കും.ഇത് 2020 മാര്‍ച്ചുമാസം! ഒരു കുഞ്ഞു വൈറസ്, തിയറി ഒന്നും കൂടാതെ പ്രയോഗവത്ക്കരണത്തിലൂടെ ആഗോളവത്ക്കരണം എന്താണെന്ന് നമുക്ക് വ്യക്തമാക്കി. നിര്‍ഭാഗ്യവശാല്‍ അതിന്റെ ദൂഷ്യഫലങ്ങളിലൂടെയാണെന്നുമാത്രം. 2019ഡിസംബറില്‍ ചൈനയിലെ വുഹാനില്‍തുടങ്ങിയ കോവിഡ് 19 എന്ന് ലോകാരോഗ്യസംഘടന പേരുവിളിച്ച കൊറോണ വൈറസ് എന്തൊക്കെ കാര്യങ്ങളാണ് നമ്മെപഠിപ്പിച്ചത്! എന്നിട്ടും പഠിക്കാത്തവര്‍ ഈ ഭൂമിമലയാളത്തില്‍ ഇനിയുമുണ്ടാകും. പഠിച്ചതെല്ലാം പരീക്ഷ കഴിയുമ്പോള്‍ മറക്കുന്ന കുട്ടിയെപ്പോലെയാകും നമ്മള്‍. ഈ സമാധികാലത്ത് എന്റെ മനസ്സിലൂടെ കടന്നു പോയ കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കട്ടെ.

1. ജീവിക്കാന്‍ ഇത്തിരി കാര്യങ്ങള്‍ മതി

പ്രമുഖ ഭാരതീയ തത്ത്വചിന്തകനും എഴുത്തുകാരനുമായ ജിദ്ദു കൃഷ്ണമൂര്‍ത്തി ഒരിക്കല്‍ പറഞ്ഞു. എനിക്ക് ജീവിക്കാന്‍ മൂന്ന് കാര്യങ്ങള്‍ മതി. ഈ കൊറോണ പഠിപ്പിച്ച ആദ്യ പാഠം അതാണെന്നു തോന്നുന്നു.

a. തുറന്നിട്ട ഒരു ജാലകം
ഏറെ അര്‍ഥ സമ്പുഷ്ടിയുള്ള ഒരു പ്രയോഗമാണത്. മനസ്സിന്റെ ജാലകങ്ങള്‍ തുറക്കുമ്പോള്‍ ഈ ലോകത്തെ മുഴുവന്‍ എന്റെ മുറിയിലിരുന്ന് എനിക്ക് ദര്‍ശിക്കാനാവും.ഹൃദയം തുറക്കുമ്പോള്‍ അതുവരെ ദൃഷ്ടിയില്‍പ്പെടാത്തതൊക്കെ ദൃശ്യമാകാനും അതുവരെ കാതുകളില്‍ എത്താത്തതൊക്കെ മൃദുസ്വരമായി എത്താനും തുടങ്ങും. വീടിന്റെ സ്വീകരണമുറിയിലിരുന്ന് ദൃശ്യമാധ്യമങ്ങളിലൂടെ 206 രാജ്യങ്ങളിലെ കൊറോണാ ബാധിതരെക്കുറിച്ച് എനിക്ക് വിചാരമുണ്ടാകുന്നു. എന്റെ ചുറ്റുവട്ടം വികസിക്കുന്നു.

b. വായിക്കാനൊരു പുസ്തകം
അകലെയുള്ള ചിന്തകരേയും പ്രതിഭാധനരേയും നമ്മുടെ ചങ്ങാതിമാരാക്കുന്നവയാണ് പുസ്തകങ്ങള്‍. അവരുടെ ചിന്താലോകത്തിലേക്ക് നാമും അറിയാതെ നടന്നുകയറുന്നു. ജീവിതത്തിന്റെ അതിസൂക്ഷ്മ കാര്യങ്ങളെക്കുറിച്ചും സമസ്യകളെക്കുറിച്ചും നിത്യസംഭവങ്ങളുടെ അനിതര സാധാരണമായ ഭാവാത്മകതയെക്കുറിച്ചും ചിന്തിക്കാനും വിശകലനം ചെയ്യാനും അവര്‍ നമ്മളെ പ്രേരിപ്പിക്കുന്നു. ഏതെല്ലാം ലോകത്തിലേക്കാണ് അവര്‍ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. ഇവരുമായുള്ള ചങ്ങാത്തം എല്ലാ മുഷിപ്പും മാറ്റും.

c. സ്‌നേഹിക്കാന്‍ ഒരാള്‍
തന്റെ ഭാര്യയെയോ, കാമുകിയെയോ, സുഹൃത്തിനെയോ, ബന്ധുവിനെയോ ആരെയെങ്കിലുമായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്. ഒരാളല്ല ഒരായിരം പേര്‍ നമുക്കു ചുറ്റുമുണ്ട് സ്‌നേഹിക്കാന്‍. ആദ്യചുവട് ആരെടുക്കും എന്ന ഒരു ചോദ്യമുണ്ട്. അതു ഞാന്‍ തന്നെയായാല്‍ എല്ലാം എളുപ്പമായി. ജീവിക്കാന്‍ എന്തെല്ലാം വേണം എന്ന് നമ്മള്‍ തിരിച്ചറിയുകയായിരുന്നു. ആവശ്യങ്ങള്‍ പരിമിതപ്പെടുത്തുമ്പോഴും ജീവിതം സന്തോഷകരമായിത്തന്നെ മുന്നോട്ടു പോകുംഎന്ന പാഠവും നമുക്കുമുന്നിലുണ്ട്.

2. ഗ്രാമങ്ങളെ തിരിച്ചു പിടിക്കണം

ജീവിക്കാന്‍ കൊച്ചുകൊച്ചു കാര്യങ്ങള്‍ മതി എന്ന് ഗുരുവായ ‘വൈറസ്’ നമ്മെ പഠിപ്പിക്കുന്നു. ഗ്രാമീണത എന്നൊക്കെ പറയുന്നതിന് ഇന്ന് കൂടുതല്‍ അര്‍ഥവ്യാപ്തിയുണ്ടായിരിക്കുന്നു. ഗ്രാമത്തിലാകുമ്പോള്‍ കപ്പയും ചക്കയും മാങ്ങയും പേരക്കയും ചീനിയും കോവലും…ഒക്കെയുണ്ടാവും. അങ്ങനെ കുടുംബ ബജറ്റ് താളം തെറ്റിക്കാതെ മുന്നോട്ടു കൊണ്ടുപോകാം. മക്കള്‍ക്കുവേണ്ടി സമ്പാദിക്കുന്നതു തന്നെ ശരിയല്ല എന്ന തത്ത്വം അംഗീകരിച്ചാല്‍ സ്വരുക്കൂട്ടല്‍ കുറയും. അവര്‍ക്കു ജീവിക്കാനുള്ള വഴി കാണിച്ചു കൊടുക്കുക, അത്രമാത്രം. സ്വച്ഛമായ ജീവിതത്തിന് ഗ്രാമംതന്നെഇപ്പോഴും മെച്ചം. മഹാത്മജിയുടെ ‘ഗ്രാമസ്വരാജിന്’ ഇപ്പോള്‍ കൂടുതല്‍ പ്രസക്തി ഉണ്ടെന്നു തോന്നുന്നു. ഇപ്പോഴത്തെ വികസനത്തിന്റെ ഫലങ്ങളോ, മുന്തിയ വിദ്യാഭ്യാസസ്ഥാപനങ്ങളോ വേണ്ടന്നല്ല; പുറംരാജ്യങ്ങളുമായുള്ള ബന്ധവും നല്ലതുതന്നെ. പക്ഷേ വേരുകള്‍ ഗ്രാമത്തില്‍ തന്നെയാകണം. ഇത് ഉട്ടോപ്യന്‍ ചിന്താഗതി അല്ലേ? അല്ല. ബൗദ്ധരും ജൈനരും മഹര്‍ഷിമാരും ഗാന്ധിജിയും ഗാന്ധി അനുയായികളും ജീവിച്ച നാടിന് ഇത് അന്യമല്ല. സാധ്യത തന്നെയാണ്.

3. മതാത്മകതയും ആത്മീയതയും ഒരു പുനര്‍വായന

അനുഷ്ഠാനപരവും ആചാര ബദ്ധവുമാണ് മതം. അതുകൊണ്ടാണ് പള്ളികളിലേയും അമ്പലങ്ങളിലേയും മോസ്‌കുകളിലേയും അനുഷ്ഠാനകര്‍മങ്ങള്‍ അവസാനിക്കുമ്പോള്‍ മതം ഉപയോഗശൂന്യമാണ്, എന്നൊക്കെ തത്പരകക്ഷികള്‍ പ്രസ്താവനയിറക്കുന്നത്. ഒരു മൗലിക ദര്‍ശനത്തെ – മനോഭാവത്തെ – ജീവിതചര്യയെ, അനുഷ്ഠാനമാക്കി ചുരുക്കിയതിന്റെയും സ്ഥാപനവത്ക്കരിച്ചതിന്റെയും പ്രശ്‌നമാണിത്. – കുര്‍ബാനയും കുമ്പസാരവുമൊക്കെ അനുഷ്ഠാന കര്‍മത്തില്‍ മാത്രം ചുരുക്കിയതിന്റെ പ്രശ്‌നം. ആമസോണ്‍ സിനഡിനെക്കുറിച്ചുള്ള നിരീക്ഷണങ്ങളും വിലയിരുത്തലുകളും ശ്രദ്ധിച്ചാല്‍ മനസ്സിലാകും, എത്രയോവിഭിന്നമായ രീതിയിലാണ് അവിടെ ക്രൈസ്തവജീവിതം മുന്നേറുന്നത്. ഒമ്പത് രാജ്യങ്ങളും 400 ഗോത്രവംശങ്ങളും 240-തിലധികം ഭാഷകളുമുള്ള ആമസോണ്‍ പ്രദേശത്ത് നീണ്ട മാസങ്ങളോളം പുരോഹിത കേന്ദ്രീകൃതമായ അനുഷ്ഠാനങ്ങളില്ല. ഒന്നും രണ്ടും നൂറ്റാണ്ടുകളിലേ സഭ ക്രിസ്തുവിന്റെ ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ കുടുംബ കേന്ദ്രീകൃതവും സമൂഹകേന്ദ്രീകൃതവുമായ ഒരു ജീവിതചര്യയായിരുന്നു. അനുഷ്ഠാന രീതികളെല്ലാം വ്യത്യസ്തമായിരുന്നു.

2019 ഓഗസ്റ്റ് 21 ബുധനാഴ്ച പൊതുദര്‍ശനവേളയില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ്മാര്‍പാപ്പ, അപ്പസ്‌തോല പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള തന്റെ വ്യാഖ്യാനത്തില്‍ ഒരുപദപ്രയോഗം നടത്തി. ‘ആത്മീയ വിനോദസഞ്ചാരി’ ആരാണിയാള്‍. പങ്കുവയ്ക്കലില്‍ ഉള്‍പ്പെടാത്തയാള്‍! അയാള്‍ക്ക് അനുഷ്ഠാനങ്ങള്‍ മാത്രം മതി. അത്തരം അനുഷ്ഠാനങ്ങള്‍ കപടഭക്തിയായിമാറുന്നു. ആത്മീയവിനോദ സഞ്ചാരമാണ് തങ്ങള്‍ ക്രൈസ്തവരാണെന്ന് വിശ്വസിക്കുന്നതിലേക്ക് ഇത്തരക്കാരെ നയിക്കുന്നത്. മതത്തിന്റെ ആത്മീയതയിലേക്ക് നടന്നുകയറാനുള്ള അവസരമായി ഈ കൊറോണക്കാലത്തെ കാണുന്നതാണ് നന്മയുടെ വശം.

അപരനുവേണ്ടി ജീവന്‍ ബലികൊടുത്ത എത്രയെത്ര അനുഭവങ്ങള്‍ ഈ ദിവസങ്ങളില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുംനാം കേട്ടു. അതില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും വൈദികരും സിസ്റ്റേഴ്‌സും മറ്റുള്ളവരും ഉള്‍പ്പെടും. അവരാരും അപരന്റെവിശ്വാസം നോക്കിയല്ല ജീവിത ബലിയര്‍പ്പിച്ചത്. തിരിച്ച് ഒന്നും പ്രതീക്ഷിച്ചുകൊണ്ടുമല്ല.അതാണ് ആത്മീയത. എന്റെ ദൈവം ക്രിസ്ത്യാനിയല്ല എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെക്കൊണ്ട് പറയിപ്പിച്ചത് ഈ ആത്മീയതയാണ്. മതാനുഷ്ഠാനങ്ങള്‍ക്കപ്പുറത്തുള്ള ഒരു ആന്തരികബോധത്തിലേക്ക് ആത്മീയത മനുഷ്യനെ നയിക്കും.

4. പ്രതിവിധി സ്വയം പ്രതിരോധം

ശരീരം തീര്‍ക്കുന്ന സ്വയം പ്രതിരോധമാണ്വൈറസിനെ ഓടിക്കാന്‍ ഏറ്റവും എളുപ്പമായ മാര്‍ഗമെന്ന് ശാസ്ത്രജ്ഞന്മാരും ഡോക്ടര്‍മാരും ആവര്‍ത്തിച്ചു പറയുകയുണ്ടായി. ശരീരത്തിന്റെ ഇമ്മ്യൂണിറ്റി (പ്രതിരോധശക്തി) വര്‍ധിപ്പിക്കാന്‍ നിരവധിമാര്‍ഗങ്ങള്‍ വിദഗ്ധന്മാര്‍ നിര്‍ദേശിക്കുകയുണ്ടായി. മനസ്സിനെയും ആത്മാവിനെയും ബാധിക്കുന്ന വൈറസുകളെ അകറ്റാന്‍ ചില സ്വയം പ്രതിരോധ ക്രമീകരണങ്ങളും നാം ചെയ്യേണ്ടതല്ലേ? ഈ ദിവസങ്ങളില്‍ ചാനലുകളിലൂടെയും യുട്യൂബിലൂടെയും വാട്ട്‌സാപ്പിലൂടെയും നിരവധി മാര്‍ഗങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കുകയുണ്ടായല്ലോ. അതില്‍ നമുക്കു വേണ്ടത് തെരഞ്ഞെടുക്കുക എന്നേയുള്ളൂ. ഓണ്‍ലൈന്‍ അനുഷ്ഠാനക്രമങ്ങള്‍ തുടങ്ങിയതും അതിന്റെ ഭാഗമായി തന്നെയാണ്. ഒരുതരം ഇമ്മ്യൂണൈസേഷന്‍.

5. മണിമുഴങ്ങുന്നത് നിനക്കു വേണ്ടി

ഏണസ്റ്റ് ഹെമിങ്‌വേയുടെ പുസ്തകത്തിന്റെ ഈ തലക്കെട്ട് കടമെടുത്താല്‍ കൊറോണാ പാഠങ്ങള്‍ സ്വയം പ്രയോഗവത്ക്കരിക്കാന്‍ കഴിയും. ‘മനുഷ്യന്‍ ഒത്തിരിപഠിക്കാനുണ്ട് അച്ചാ’; ഈ ദിവസങ്ങളില്‍ കൂടുതലായി കേട്ട ഒരു പ്രയോഗമാണിത്. ആരാണീ മനുഷ്യന്‍! അതില്‍ ഞാനില്ലേ?എന്റെ മനോഭാവത്തില്‍ ഏതെല്ലാം മാറ്റങ്ങളുണ്ടായി? മനസ്സിന്റെ ആഴങ്ങളിലേക്ക്, ഹൃദയകോണുകളിലേക്ക് ഒരു എത്തിനോട്ടം നടത്താന്‍ ഈ മഹാമാരി എനിക്കു പ്രേരണയായോ? ഞാന്‍ ആരെന്ന് ഓര്‍മിപ്പിക്കാന്‍ വേണ്ടി ഒരു മണി എനിക്കായണ്ടി മുഴങ്ങുന്നുണ്ട്! ഞാന്‍ അതുകേട്ട് ഉണര്‍ന്നിരുന്നെങ്കില്‍.

നന്ദി കൊറോണ ബ്രോഈ ദിവസങ്ങളില്‍ നവമാധ്യമങ്ങളിലൂടെ വൈറല്‍ ആയ, ഒന്നര നൂറ്റാണ്ട് മുമ്പ് 1869-ല്‍കാത് ലീന്‍ ഒ മേറ എന്ന ഐറിഷ് – ഫ്രഞ്ച്എഴുത്തുകാരി കുറിച്ച പ്രസിദ്ധമായ ‘വീട്ടിലിരുന്നപ്പോള്‍’ എന്ന കവിതയുടെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

വീട്ടിലിരുന്നപ്പോള്‍ ചിലര്‍ പുസ്തകങ്ങള്‍ വായിച്ചു, വിശ്രമിച്ചു, കലയിലും കളിയിലുംഏര്‍പ്പെട്ടു. ചിലര്‍ ധ്യാനിച്ചു, ഉപവസിച്ചു,പ്രാര്‍ഥിച്ചു. നൃത്തംചെയ്ത് സ്വന്തം നിഴലുകളെ സന്ധിച്ചു. ജനങ്ങള്‍ വ്യത്യസ്തമായി ചിന്തിക്കാന്‍ തുടങ്ങി. മനുഷ്യര്‍ പുതിയമാര്‍ഗങ്ങള്‍ തെരഞ്ഞെടുത്തു. ജീവിതത്തിന്റെ പുതുവഴികള്‍ കണ്ടെത്തി. അവര്‍ ഭൂമിയെ പൂര്‍ണമായും സുഖപ്പെടുത്തി. സ്വയമവര്‍ സുഖപ്പെടുത്തിയ പോലെ .


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here