ഇനി നിങ്ങള്‍ സ്വഭവനങ്ങളില്‍ തന്നെ കഴിയണം. പുറത്തിറങ്ങരുത് എന്ന് കേന്ദ്രം. ഉത്തരവ് ലംഘിച്ചു പുറത്തിറങ്ങിയവര്‍ക്ക് പെരുവഴിയില്‍പണിഷ്‌മെന്റ് കൊടുത്ത ഉദ്യോഗസ്ഥര്‍. അനുസരണക്കേടു കാണിച്ചവര്‍ക്കെതിരെ നടപടി കടുപ്പിച്ച് മുഖ്യന്‍.

ചില തല്ലുകൊള്ളികള്‍ പ്രതികരിച്ചതുംപ്രവര്‍ത്തിച്ചതും ഈ രീതിയിലാണ്.”നിങ്ങള്‍ ആ ഓഫീസിലിരുന്ന് എന്തൊക്കെ പറഞ്ഞാലും ബ്രോ ഞങ്ങള്‍ ഇറങ്ങി നടക്കും.”We don’t care…!” ഇതിനിടയില്‍ വിദഗ്ധപരിശോധനയ്ക്ക് അന്യസംസ്ഥാനത്തേക്കു രോഗിയുമായി പോയ വാഹനം അതിര്‍ത്തിയില്‍ തടഞ്ഞതിനെ തുടര്‍ന്ന് ചികിത്സകിട്ടാതെ രോഗി മരിക്കുന്നു. ഉത്തരം നിസ്സാരം.”അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുവാ. അതുകൊണ്ടു വാഹനങ്ങള്‍ കടത്തിവിട്ടില്ല. രോഗിക്ക് എന്ത് പറ്റിയാലും ഞങ്ങള്‍ക്ക് ഒന്നുമില്ല.” ലോക്ക്ഡൗണ്‍ കാലത്തേക്ക് ഒന്ന് ഫ്‌ളാഷ് ബാക്ക് അടിച്ചതാ. എന്തായിരുന്നുവല്ലേ ആ നാല്‍പതു ദിനരാത്രങ്ങള്‍!

കാര്യങ്ങള്‍ ഇത്രത്തോളം എത്തിച്ചതിനു ചിലരെ പഴിപറഞ്ഞുഒഴിഞ്ഞാലും അനുഭവിച്ചു തീര്‍ത്തത് ഭാരതീയ ജനത ഒന്നിച്ചാണ്. ലോകം മുഴുവനുമാണ്. ആരാണ് ശരിക്കും ഉത്തരവാദികള്‍? ചൈനക്കാരെന്നു പറയാന്‍ തിടുക്കം കൂട്ടണ്ട. ആലോചിച്ച് ഉത്തരം പറഞ്ഞാല്‍മതി. ഒന്നരാളാണ് ഇതിനൊക്കെ കാരണക്കാര്‍. അത് ആരാണെന്നു ചോദിച്ചാല്‍ -മനോഭാവം എന്നേ മറുപടി പറയാനുള്ളൂ.ഞാനുമായി നേരിട്ട് ബന്ധമില്ലാത്ത എന്തിനോടും നമുക്ക് പൊതുവില്‍ തോന്നുന്ന ശ്രദ്ധയില്ലായ്മ അഥവാ കരുതലില്ലായ്മ എന്ന മനോഭാവം. കാണുമ്പോള്‍ കെട്ടിപ്പിടിച്ചും സെല്‍ഫിയെടുത്തും സ്റ്റാറ്റസ്അപ്‌ഡേറ്റ് ചെയ്യുന്ന മില്ലേനിയം കൂട്ടുകാരെ ഈ വേഷം കെട്ടിനൊക്കെ എന്തേലും അടിസ്ഥാനമുണ്ടോ?

നാട്ടിലെ നിയമങ്ങളോട് നമുക്കൊരു പൊതുസമീപനമുണ്ട്. ‘അത്രക്ക് നിര്‍ബന്ധമാണേല്‍ അതൊന്നു തെറ്റിച്ചിട്ടുതന്നെ കാര്യം’എന്ന ആറ്റിട്യൂഡ്. ഓരോ വര്‍ഷവും റോഡില്‍ പൊലിഞ്ഞു പോയവരുടെ കണക്ക്വര്‍ഷാവസാനം മാധ്യമങ്ങള്‍ പുറത്തിറക്കുന്നത് കാണാം.

അതില്‍ ഹെല്‍മെറ്റില്ലാതെയും, മദ്യപിച്ചും,അമിതവേഗതയില്‍ വാഹനമോടിച്ചും ജീവിതം പൊലിഞ്ഞവരാണ് അധികവും എന്ന് വ്യക്തമാക്കുന്ന കൃത്യമായ അവതരണം. പത്രത്താളിലെ കണക്കു കണ്ടു കണ്ണ് തള്ളുമ്പോഴും ‘ഹോ ഇത് അവര്‍ക്കല്ലേ സംഭവിച്ചത്…” എന്ന മട്ടില്‍ ശങ്കരന്മാര്‍പിന്നെയും തെങ്ങില്‍ തന്നെയിരിക്കും. ഇവരില്‍ യോഗം കൂടുതല്‍ ഉള്ളവര്‍ തൊട്ടടുത്തവര്‍ഷത്തെ കണക്കില്‍ ഇടം പിടിക്കുകയും ചെയ്യും. ആര്‍ക്കാണ് നഷ്ടമെന്നു മനസ്സിലാക്കാതെ ഇങ്ങനെ പോകുന്നതിനുപിന്നിലെ ഔചിത്യം മനസ്സിലാകുന്നില്ല.

ഒന്നും നമുക്ക് ബാധകമല്ലാത്ത പ്രതിരൂപങ്ങളായി മാറിയതിന്റെ പ്രതിഫലനങ്ങള്‍ പലയിടത്തും നമ്മള്‍ കാണുന്നുണ്ട്. അപ്പന്‍ പറമ്പില്‍ അധ്വാനിക്കുമ്പോള്‍ അപ്പുറത്തിരുന്നു പാട്ടുകേട്ടും ചാറ്റ്‌ചെയ്തുംരസിക്കുന്ന മക്കള്‍ നമ്മുടെ ഇടയില്‍ ധാരാളം. ചോദിക്കുന്ന സമയത്തു ചോദിക്കുന്ന പണം കിട്ടിയില്ലേലും അതിനൊരല്പംസാവകാശം വന്നാലും തിരിച്ചുചോദിക്കുന്ന ചോദ്യമുണ്ട്. ‘എങ്ങനെ എന്നൊന്നും എനിക്കറിയണ്ട. ചോദിച്ച കാര്യത്തിന് തീരുമാനം വേണം.’ ആരെയും വകവയ്ക്കാതെയും ഒന്നിനെക്കുറിച്ചും കരുതലില്ലാതെയും കടന്നു പോകുന്ന ഒരു ജനതയുടെ ‘ഈ കരുതലില്ലായ്മ’ ഉലകം മുഴുവനും സമാധാനം പറയേണ്ടുന്ന ബാധ്യതയായി മാറുന്നില്ലേ എന്നൊരു ആശങ്ക മനസ്സിലുണ്ട്.

മിക്ക ആശുപത്രികളുടെയും വൃദ്ധമന്ദിരങ്ങളുടെയും പരസ്യവാചകങ്ങള്‍ ശ്രദ്ധിച്ചാല്‍ അതില്‍ ആവര്‍ത്തിക്കുന്ന ഒരു വാക്കേ ഉള്ളൂ. ‘ഞങ്ങളുണ്ട് കൂടെ…’ ശുശ്രൂഷയും കമ്പോളവും ഒക്കെ അവിടെയൊക്കെ ധാരാളം ഉണ്ട്. പക്ഷേ, അവര്‍ നല്‍കുന്നഉറപ്പും നിര്‍ലോഭം നല്‍കുന്ന കരുതലുമാണ്ആവശ്യക്കാരുടെ ആശ്വാസം. ഇത്തരം സ്ഥാപനങ്ങളുടെ ആപ്തവാക്യത്തില്‍ ‘ഞങ്ങളെന്തിന്?’ എന്നൊരുസൂചന ഉണ്ടെങ്കില്‍ എന്നൊന്നാലോചിച്ചു നോക്കിക്കേ…

കഴിഞ്ഞ മാസം സമൂഹമാധ്യമങ്ങള്‍ പൊങ്കാലയിട്ട റാന്നിയിലെ ഇറ്റലിക്കാരോടുള്ളനന്ദിയോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. യാതൊന്നും നിസ്സാരമായി തള്ളിക്കളയരുതെന്നു ഒരു ജനതയെ മുഴുവന്‍ബോധവാന്മാരാക്കാന്‍ അവരുടെ ഈ യാത്രകൊണ്ട് സാധിച്ചു. ഇത്തരമൊരവസ്ഥനാടിനു സംഭവിച്ചപ്പോഴും പരാതിയോ അസ്വസ്ഥതയോ തെല്ലുമില്ലാതെ അവരെ പരിചരിച്ച, ജീവിതത്തിലേക്ക് കൈപിടിച്ചെഴുന്നേല്പിച്ചആതുര സേവനരംഗത്തെ വിശുദ്ധ സംഘത്തോടുള്ള ഹൃദയത്തിന്റെ ആദരവും ചേര്‍ത്തു വയ്ക്കുന്നു.

ഓര്‍ക്കുക. എന്റെയും ചുറ്റുമുള്ളവരുടെയും ശ്വാസകോശം മാത്രമല്ല ജീവിതം തന്നെസ്‌പോഞ്ചു പോലെയാണ്. ഇനിയും കരുതിയില്ലേല്‍ വലിയ വിലകൊടുക്കേണ്ടിവരും. മാനത്തു കാര്‍മേഘം കൂടുകൂട്ടാന്‍ ഒരുങ്ങുന്നുണ്ട്. നല്ലൊരു മഴ പെയ്യട്ടെ. ഉള്ളിലെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിത്തുകള്‍ മുളപ്പിക്കുവാന്‍ ഈ മഴക്കാലത്ത് കഴിയട്ടെ.


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here