നമുക്കുള്ളില്‍ ഒരു വടക്കുനോക്കിയന്ത്രം പ്രവര്‍ത്തിക്കുന്നുണ്ട്. സങ്കീര്‍ണമായ ഈ ജീവിത യാത്രയില്‍ ദിശഅറിയാന്‍ ഇത് വേണം. ഒരു വശത്ത് നമുക്ക് മാതാപിതാക്കന്മാരും അധ്യാപകരുമൊക്കെ അവരുടെ ജീവിത സാഹചര്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കുറേ വിലയേറിയ ഉപദേശങ്ങള്‍ തരുന്നു. ഓ! ഈ ഉപദേശങ്ങള്‍ കേട്ടുകേട്ട് ചെവി മരവിച്ചു എന്ന് ചിലപ്പോഴെങ്കിലും നിങ്ങള്‍ക്കു തോന്നിയിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റൊന്നുമില്ല. നിങ്ങള്‍ക്കുള്ളിലെ വല്ലഭത്വവും സാമര്‍ഥ്യവും മികവുകളും മറ്റാരേക്കാളും ഏറെ നന്നായി അറിയുന്നത് നിങ്ങള്‍ തന്നെയല്ലേ?

സ്വയംകൃതമായവും സത്യസന്ധവും അകൃത്രിമവുമായ ആശയങ്ങള്‍ ഉള്‍ക്കാമ്പില്‍നിന്ന് പുറത്തെടുക്കാനായാല്‍ അതില്‍പരംമെച്ചമായി മറ്റൊന്നുമില്ല തന്നെ. ഏറെക്കാലം അധ്യാപകനായും ഫാക്കല്‍റ്റി ആയും പ്രവര്‍ത്തിക്കുന്നതിനിടെ ഏറെയുവാക്കളുമായി ഹൃദയമടുപ്പിക്കുവാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അവിടെയൊക്കെ തന്റെ സ്വപ്നങ്ങള്‍ താന്‍ തന്നെതെരഞ്ഞെടുക്കാന്‍ തത്രപ്പെടുന്നവരെ കണ്ടിട്ടുണ്ട്. കുറേപ്പേരെങ്കിലും ബാഹ്യ സമ്മര്‍ദങ്ങളാല്‍ ആ സ്വപ്നങ്ങള്‍ കാറ്റില്‍ പറത്തുന്നുമുണ്ട്. നാം ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന അഭിലാഷങ്ങള്‍പൂവണിയിക്കാനാകാതെ, നാം ഇഷ്ടപ്പെടുന്നത് പിന്‍തുടരാനാകാതെ ജീവിതനൗകമറ്റേതോ ദിശയിലൊക്കെ വഴിതിരിച്ചു വിടുന്നത് ശരിയല്ല. നമ്മുടെ ആന്തരിക ഹര്‍ഷത്തോട് വിലയിച്ചുകൊണ്ട് നാം നമ്മുടെ പന്ഥാവ് കണ്ടെത്തണം, സ്വയംപരിവര്‍ത്തനപ്പെടണം, മുമ്പോട്ടു പോകാനുള്ള ആര്‍ജവം സൃഷ്ടിക്കണം.

ഒരു 17-കാരിയുടെ ആവേശകരമായ കഥ

തന്റെ 17-ാം വയസ്സില്‍ ഫ്‌ളയിങ് അക്കാദമിയില്‍ പൈലറ്റ് ആകാന്‍ ഒരു പെണ്‍കുട്ടി എത്തുന്നു. അതൊരു താരപ്രഭയിലേക്കുള്ള കാല്‍വയ്പ്പായിരുന്നു. അതിനു മുമ്പ് അവള്‍വിമാനം എന്ന സാധനം ഒന്ന് അടുത്ത് കണ്ടിരുന്നുപോലുമില്ല. പക്ഷേ അവള്‍ക്കൊരുസ്വപ്നമുണ്ടായിരുന്നു. പുരുഷന്മാരുടെ ഈ കോട്ടയിലേക്ക് കടന്നു ചെന്ന് അവിടെ ഒന്ന് പയറ്റി നോക്കാന്‍. അവള്‍ ഡിഫെന്‍സ് പൈലറ്റ് ആയി. അങ്ങനെ ആനി ദിവ്യ ഒടുവില്‍ ബോയിങ് 777 പറത്തുന്ന ലോകത്തിലെ ഏറ്റവും ആദ്യത്തെ പൈലറ്റായി പട്ടമണിഞ്ഞു.

ഏതോ കാറ്റില്‍ അപ്പൂപ്പന്‍താടി പോലെപറന്നു പോയി എവിടെയോ ചെന്ന്മഴ പെയ്യുമ്പോള്‍ പാഴ്മുളയായി മുളച്ചുപൊന്തുന്ന സസ്യമാകാനുള്ളതാണോനിങ്ങളുടെ ജീവിതം? ഡെയര്‍ ടു ഡ്രീം -സ്വപ്നം കാണാന്‍ ധൈര്യപ്പെടൂ എന്നാണവള്‍ നമ്മോടു പറയുക. ആദ്യം എവിടേക്ക് പോകണം എന്നാണ് നാം തീരുമാനിക്കേണ്ടത്. എങ്ങനെ എന്നൊക്കെ പിന്നീട്. നിങ്ങളുടെ ആശയങ്ങള്‍ ഉടനെ ലോകം സ്വീകരിച്ചു എന്ന് വരുകയില്ല. അവര്‍ പരിഹസിച്ചേക്കാം. മനുഷ്യര്‍ക്ക്നിങ്ങള്‍ ഒരു വിഷയം മാത്രം. അവരൊക്കെ പറയുന്നതുകേട്ട് നമുക്ക് നമ്മുടെ മനസ്സിന്റെ സ്ഥിതി മാറ്റേണ്ട ആവശ്യമില്ല. നിങ്ങളുടെ സ്വപ്നത്തില്‍ വിശ്വാസമര്‍പ്പിച്ചു ദൃഢതയോടെ മുന്നേറുക.

ആനി ദിവ്യ തന്റെ 10 സ്വപ്നങ്ങള്‍ ഒരു ഡയറിയില്‍ കുറിച്ചു കൊണ്ടായിരുന്നു ജീവിതം തുടങ്ങിയത്. അതില്‍ ഏറ്റവുംമുകളില്‍ സ്ഥാനം പിടിച്ചിരുന്ന ലക്ഷ്യമായിരുന്നു ഒരു പൈലറ്റ് ആവുക എന്നത്. ഇന്നവള്‍ ആ അഭിലാഷങ്ങള്‍ എല്ലാംനേടിയെടുത്തിരിക്കുന്നു. മറ്റുള്ളവര്‍ എന്തുപറയും എന്ന ഭീതിയാണ് നമ്മെ പലപ്പോഴുംവിലങ്ങണിയിച്ച് മുന്‍പോട്ട് പോകാന്‍അനുവദിക്കാതെ നിറുത്തുന്നത്. തന്റെപ്രസിദ്ധമായ ഒരു പ്രഭാഷണത്തില്‍ തന്നെക്കുറിച്ചു തന്നെ അവള്‍ പറയുന്നുണ്ട് -അലറുന്ന കടലിന്റെ അടിയില്‍ വസിക്കുന്ന തീജ്വാലയ്ക്ക് ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനോട് പേടി തോന്നുമോ?

ദൃഢതയുള്ള മനസ്സ്

നമുക്കുള്ളില്‍ ഊര്‍ജം വേണം. അതിന്റെഅന്തസത്തയില്‍ വേണം നാം ജീവിക്കാന്‍.ആരോടും അതൊന്നും കടമെടുക്കാന്‍പറ്റില്ല. ചില യുവാക്കള്‍ സിനിമാ നടന്മാരെയും നടികളെയും വികലമായി അനുകരിച്ചു അവര്‍ കാണിച്ചു കൂട്ടുന്നതൊക്കെയാണ് ജീവിതം എന്നു ധരിച്ചു നടക്കും. അതുകൊണ്ടൊക്കെ നമുക്ക് ജീവിതത്തില്‍ മുന്നേറാനാകുമോ? നമുക്ക് വേണ്ടത് ഒരു സ്വയംകൃതമായ സാഹസികതയുടെ മനോഭാവമാണ്. ബാഹ്യശക്തികളും സാഹചര്യങ്ങളും നിയന്ത്രിക്കുന്ന വെറും മരപ്പാവകളല്ല നാം.

ഒരു ഭൂതോദയം അല്ലെങ്കില്‍ അന്തര്‍ജ്ഞാനത്തിലൂടെ നമ്മുടെ ഉള്ളുണര്‍വ് നാം തിരിച്ചറിയണം. വളരെ കൃത്യതയോടെ സ്പഷ്ടമായി അത് നമ്മോടു പറയും ഏത് ദിശയില്‍ യാത്ര ചെയ്യണമെന്ന്. ശ്രദ്ധിച്ചില്ലെങ്കില്‍ ഭയം നിങ്ങളെ കീഴടക്കും. അത് പാടില്ല, നിഷിദ്ധമാണ്, ഇത് അപകടകരമാണ് എന്നൊക്കെ തോന്നിപ്പിക്കുന്നത് ഈ ഭയമാണ്. എന്റെ കുടുംബത്തിലെ ഒരു ചേച്ചിക്കു യുവത്വത്തില്‍ തോന്നിയ ആഗ്രഹമായിരുന്നു ഒരു കന്യാസ്ത്രീ ആയി വടക്കേ ഇന്ത്യയില്‍ മിഷന്‍ പ്രവര്‍ത്തനത്തിന് പോകണമെന്ന്. ഇത് കേട്ടതേ, എന്റെ പേരപ്പന്‍ അലറിപ്പൊളിച്ചു. നിന്നെ ഞാന്‍ അങ്ങനെ ഒരിടത്തും വിടുന്നില്ല. കുടുംബത്തില്‍ പലരും എന്റെ അമ്മ ഉള്‍പ്പെടെ ചേച്ചിയെ ദിവസങ്ങള്‍ ഉപദേശിച്ചു. ഒരു ഫലവും കണ്ടില്ല. ‘യേശു തെളിക്കുന്ന പാതയാണ് എന്റെ പാത’ ചേച്ചി ദൃഢമായി പറഞ്ഞു. ആള്‍ ഇപ്പോള്‍ പഞ്ചാബില്‍ വര്‍ഷങ്ങള്‍ ഏറെയായി സേവനം അനുഷ്ഠിക്കുന്നു.ചില വ്യക്തികള്‍ക്കു സ്വന്തമായി തന്റെ മനസ്സിനിണങ്ങിയിടത്തു നിലയുറപ്പിക്കാനാകും.എന്നാല്‍, ചിലര്‍ക്ക് ആ ദിശാബോധം ഉണ്ടായെന്നുവരില്ല. അങ്ങനെയുള്ളവര്‍ എന്തു ചെയ്യണം? കൂടുതല്‍ വായിക്കുക, കൂടുതല്‍ വ്യക്തിത്വങ്ങളുമായി ഇടപഴകുക. കൂടുതല്‍ അനുഭവങ്ങള്‍ വരുന്ന മുറയ്ക്ക് അവരുടെ സ്വപ്നങ്ങളും രൂപപ്പെട്ടു വരും. ഒരിക്കല്‍ നാം ലക്ഷ്യമുറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ നാം ചെയ്യേണ്ടത് നമ്മുടെ ദിനചര്യകള്‍ അതനുസരിച്ചു ക്രമപ്പെടുത്തുക എന്നതാണ്.

നേരത്തെ പറഞ്ഞ ആനിക്ക് മാതാപിതാക്കന്മാരുടെ നല്ല പിന്തുണ ലഭിച്ചു എന്നിരുന്നാലും അവളുടെ പരിശീലന കാലത്തു ഒട്ടേറെ കഷ്ടപ്പാടുകള്‍ അവള്‍ക്കു സഹിക്കേണ്ടി വന്നു. പലരുടെയും കുറ്റംപറച്ചിലും ഏഷണിയും ഒക്കെ കേള്‍ക്കേണ്ടി വന്നു. അവള്‍ ഒട്ടും കുലുങ്ങിയില്ല. അവരുടെ ചിന്തയില്‍ വരുന്നത് അവര്‍പറയട്ടെ. എനിക്കു ചെയ്യാനുള്ളത് ഞാന്‍ ചെയ്യും. ഒടുവില്‍ വന്‍വിജയങ്ങളും സൗഭാഗ്യങ്ങളും അവള്‍ക്കു സ്വന്തമായി. ഓര്‍മയിരിക്കട്ടെ, വിജയിക്കാനുള്ള ക്ഷമതയും ഊര്‍ജവും നിങ്ങള്‍ക്കുള്ളിലുണ്ട്. ആവേശം കൂടി ഉണ്ടെങ്കില്‍ നിങ്ങള്‍ക്കു കഠിനാധ്വാനത്തിലൂടെ നിങ്ങളുടെ ഭാവി മാറ്റിമറിക്കാം. ”സ്വപ്നങ്ങളെ മുറുകെപിടിക്കൂ. എന്തുകൊണ്ടെന്നാല്‍ അവ മരിച്ചാല്‍ ജീവിതം ഒരു ചിറകൊടിഞ്ഞപറക്കാനാവാത്ത പക്ഷിയെപ്പോലെ ആണ്” എന്ന ലാസ്റ്റന്‍ ഹ്യൂഗ്‌സിന്റെ വാക്കുകള്‍നമുക്ക് ഓര്‍മവയ്ക്കാം.


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here