‘ഭീതിയല്ല ജാഗ്രത’ എന്ന ആപ്തവാക്യം മറക്കാതെ, കാലത്തിന്റെ അടയാളങ്ങളെ ആത്മീയമായി തിരിച്ചറിഞ്ഞ് പ്രാര്‍ഥനയുടെയും ക്രൈസ്തവ സ്‌നേഹത്തിന്റെയും സാക്ഷ്യമായി നമുക്ക് മാറാനാവണം.

1980, റുവാണ്ടയിലെ ഒരു ചെറിയ പട്ടണമായ കിബേഹോയില്‍ ചില കുട്ടികള്‍ക്ക് പരിശുദ്ധ കന്യാകാ മറിയത്തിന്റെ ദര്‍ശനങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. ആഫ്രിക്കന്‍ ജനതയുടെ ധാര്‍മികമായ തകര്‍ച്ചയെ നോക്കി ദിവ്യകന്യക പറഞ്ഞു ”പണത്തിനും മനുഷ്യപ്രീതിക്കുമല്ല പ്രത്യുത ദൈവിക സ്‌നേഹത്തിനുവേണ്ടി നിങ്ങള്‍ ദാഹിക്കുക.”

നതാലീ മൂകാമാസിംപക്കാ (Nathalie Mukamazimpaka) ) എന്ന ദര്‍ശനക്കാരി പരിശുദ്ധ അമ്മയുടെ സന്ദേശങ്ങളെ വിവരിച്ചതിങ്ങനെയാണ്: ”ഉണരുക, എഴുന്നേല്‍ക്കുക, നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക. പ്രാര്‍ഥനക്കായി നിങ്ങളെ സമര്‍പ്പിക്കുകയും, കാരുണ്യവും എളിമയും പരിശീലിപ്പിക്കുകയും ചെയ്യുക.” സമയം കടന്നു പോവുന്നതിനു മുന്‍പേ മാനസാന്തരപ്പെടാനും ലൗകികതയില്‍നിന്ന് പിന്തിരിയാനുമുള്ള പരിശുദ്ധ അമ്മയുടെ ആഹ്വാനത്തെ, ഇന്നത്തെ സാമൂഹ്യ മാധ്യമ അന്ധകാരംകൊണ്ടും ദൈവത്തേക്കാള്‍ താന്‍ വലുതാണെന്ന അഹങ്കാര തിമിരംകൊണ്ടും ‘എല്ലാം തികഞ്ഞവരായ’ നമ്മെപ്പോലുള്ള അന്നത്തെ ജനവും പുച്ഛിച്ചുതള്ളി.

നമ്മുടെ തലമുറ കണ്ടിട്ടില്ലാത്തതും, കേട്ടിട്ടില്ലാത്തതുമായ അതീവ ഭീതിജനകമായ ദിനരാത്രങ്ങളിലൂടെ നാം കടന്നു പോവുകയാണ്. ഒരുപക്ഷേ ഈ ദിവസങ്ങളില്‍ മനുഷ്യര്‍ ഏറ്റവുമധികം ഉരുവിട്ടത് കൊറോണ, കോവിഡ് 19 എന്നീ പദങ്ങള്‍ആയിരിക്കും. ദൃഷ്ടിഗോചരമല്ലാത്ത ഒരു വൈറസ് അക്ഷരാര്‍ഥത്തില്‍ നമ്മുടെ ലോകത്തെ സ്തംഭിപ്പിച്ചിരിക്കുന്നു. ഒന്നോര്‍ത്തു നോക്കൂ… സാങ്കേതിക വളര്‍ച്ചയുടെ ഉത്തുംഗശൃംഗത്തില്‍ നിന്ന് എല്ലാം തികഞ്ഞവരെന്നും, എല്ലാംനിയന്ത്രിക്കുന്നവരെന്നുമൊക്കെ അഹങ്കരിച്ചിരുന്നവര്‍ നിമിഷനേരംകൊണ്ട് തങ്ങള്‍ വെറും ഇത്തിരിപ്പോന്ന മനുഷ്യന്‍ മാത്രമാണെന്ന് തിരിച്ചറിയുന്നു. ശക്തരായ രാഷ്ട്രത്തലവന്മാര്‍പോലും പരിശോധനയും ഐസൊലേഷനുമൊക്കെയായി. സ്വന്തം ജീവന്റെ സംരക്ഷണത്തിനായി പോരാടുന്നു.

നമ്മുടെ ദീര്‍ഘദൂര മിസൈലുകള്‍, ശത്രുവിനെ നിമിഷ നേരംകൊണ്ട് ചിന്നഭിന്നമാക്കുന്ന പടക്കോപ്പുകള്‍, വായുവേഗത്തില്‍ പറക്കുന്ന വിമാനങ്ങള്‍, നൂതന ശാസ്ത്ര-സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍, വളര്‍ച്ചകള്‍, മെഡിക്കല്‍ സയന്‍സിന്റെ അത്യാധുനിക സന്നാഹങ്ങള്‍ എല്ലാറ്റിനേയും അല്പനേരത്തില്‍നിഷ്പ്രഭമാക്കികൊണ്ടാണ് രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് പ്രയാണം ചെയ്യുന്ന ഒരു രോഗാണു നമ്മെ ഞെട്ടിച്ചിരിക്കുന്നത്. ഇത്തരം അനിശ്ചിതത്വത്തിന്റെ ഒരു കാലത്ത് ഉത്തരങ്ങള്‍ തേടിസാമൂഹ്യ മാധ്യമങ്ങളില്‍ പരതുന്നതിനേക്കാള്‍ ഒരു ദൈവപൈതല്‍ ആശ്രയിക്കേണ്ടത് തിരുവചനത്തെയാണ്.

കാരണം, ആകാശവും ഭൂമിയും കടന്നുപോയാലും കടന്നു പോകാത്ത ഒന്നാണ് തന്റെ തിരുവചനമെന്ന് ഈശോ പറഞ്ഞിട്ടുണ്ട് (മത്താ 24,35). പഴയനിയമ ഗ്രന്ഥമായപ്രഭാഷകന്റെ പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം ധ്യാനപൂര്‍വം നമുക്ക് വായിക്കാം.

”പൊടിയും ചാരവുമായ മനുഷ്യന്അഹങ്കരിക്കാന്‍ എന്തുണ്ട് ? ജീവിച്ചിരിക്കെത്തന്നെ അവന്റെ ശരീരം ജീര്‍ണിക്കുന്നു.നിസ്സാര രോഗമെന്നു ഭിഷഗ്വരന്‍ പുച്ഛിച്ചുതള്ളുന്നു; എന്നാല്‍, ഇന്നു രാജാവ്; നാളെജഡം! മരിച്ചുകഴിഞ്ഞാല്‍ പുഴുവിനും കൃമിക്കും വന്യമൃഗങ്ങള്‍ക്കും അവകാശം! അഹങ്കാരം തുടങ്ങുമ്പോള്‍ കര്‍ത്താവില്‍ നിന്ന് അകലുന്നു; ഹൃദയം അവന്റെ സ്രഷ്ടാവിനെ പരിത്യജിച്ചിരിക്കുന്നു. അഹങ്കാരത്തോടൊപ്പം പാപവും മുളയെടുക്കുന്നു; അതിനോട്ഒട്ടിനില്‍ക്കുന്നവന്‍ മ്ലേച്ഛത വമിക്കും. അതിനാല്‍, കര്‍ത്താവ് അപൂര്‍വമായ പീഢകള്‍ അയച്ച് അവനെ നിശ്ശേഷം നശിപ്പിക്കുന്നു (പ്രഭാ 10,9-13).

ഏകദേശം 60,000 ത്തിലധികം വൈദികരും നിരവധി മെത്രാന്മാരും അംഗമായിരുന്ന മരിയന്‍ പ്രസ്ഥാനത്തിന്റെ (MMP) സ്ഥാപകനും പരി. അമ്മയുടെ സന്ദേശങ്ങള്‍ സ്വീകരിച്ചിരുന്ന വൈദികനുമായിരുന്നു ഫാ. സ്റ്റെഫാനോ ഗോബി. അദ്ദേഹത്തിനു ലഭിച്ചിരുന്ന മാതാവിന്റെ സന്ദേശങ്ങളാണ് ‘നമ്മുടെ ദിവ്യനാഥ വൈദികരോട് സംസാരിക്കുന്നു’ എന്ന ഗ്രന്ഥം.പറഞ്ഞു വരുന്നത് ഈ അപൂര്‍വ പീഢകളൊക്കെ ദൈവമയയ്ക്കുന്ന ശിക്ഷയാണെന്നോ, കര്‍ത്താവിന്റെ രണ്ടാമത്തെ വരവിന്റെ ലക്ഷണമാണെന്നോ ആണോ? അല്ല; എത്ര വലിയമനുഷ്യനും താന്‍ വെറും പൊടിയും ചാരവുമാണെന്നും, ഇന്ന് രാജാവായവന്‍ നാളെ ജഢമായി മാറി മണ്ണിനും കീടങ്ങള്‍ക്കും തന്നെ അവകാശമായി നല്‍കി കടന്നു പോകുമെന്നുംഅഹങ്കാരംകൊണ്ട് ഹൃദയം ദൈവത്തില്‍നിന്ന് അകലരുതെന്നും നമുക്ക് മറക്കാതിരിക്കാം.ഒപ്പം കാലത്തിന്റെ സൂചനകളെ, പ്രവചനങ്ങളെ നമ്മള്‍ നിസ്സാരമായി കണ്ടുകൂടാ.

സമൂഹ മാധ്യമങ്ങളിലൂടെയും താത്ക്കാലിക നേട്ടത്തിന്നായി ക്രിസ്തീയ വിശ്വാസത്തെ വികലമായിചിത്രീകരിക്കുന്ന നവ സിനിമകളിലൂടെയും നിരീശ്വര പ്രസ്ഥാനങ്ങളിലൂടെയും നമ്മുടെ പവിത്രമായ വിശ്വാസത്തെ വികലമാക്കിയും, പരിഹസിച്ചും ചോദ്യംചെയ്തും ‘വെടക്കാക്കി തനിക്കാക്കാന്‍’ അഹോരാത്രം ചിലര്‍ ആസൂത്രിതമായി പണിയെടുക്കുന്നുണ്ട് എന്നതും മറക്കാതിരിക്കാം! ദൈവം എവിടെപ്പോയി?, പളളികള്‍ അടച്ചില്ലേ?, ധ്യാനഗുരുക്കന്മാര്‍ കൊറോണയുളളിടത്ത് പോയി പ്രാര്‍ഥിക്കാത്തതെന്ത്? (ക്രൂരമായ ക്രൂശുമരണ നേരത്ത് കുരിശിന് താഴെ നിന്നും, മരുഭൂമിയില്‍ നാല്പത്ദിനരാത്രങ്ങള്‍ ഉപവസിച്ചപ്പോഴത്തെയും ചോദ്യം പോലെ ‘നീ ദൈവപുത്രനെങ്കില്‍…?).

സ്‌നാപകയോഹന്നാന്റെ രക്തത്തിനു വേണ്ടി ആര്‍ത്തി പൂണ്ട് അട്ടഹസിച്ച ഹെറോദിയായുടെയും മുപ്പതുവെള്ളിനാണയത്തിനു വേണ്ടി ഗുരുവിനെ ഒറ്റുകൊടുത്ത് ഒടുവില്‍ ദൗര്‍ഭാഗ്യകരമായ അപമൃത്യുവിന് ഇരയായ യൂദാസിന്റെയുമൊക്കെ പുത്തന്‍ വേര്‍ഷനുകള്‍അരങ്ങുതകര്‍ക്കുകയാണ്. അവരോട് സഹതപിക്കുവാനും, കൈയകലംപാലിക്കാനുമുള്ള വിവേകം നല്ലതാണ്. ശരിയാണ് കര്‍ത്താവിന്റെ ഭ്രാന്തന്മാരായിരുന്നതിന്നാലാണല്ലോ കുഷ്ടരോഗികള്‍ക്കിടയില്‍ കിടന്ന്അവരിലൊരാളായി ഒരു വി. ഡാമിയനും, ഹിറ്റ്‌ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ തുനിയാതെ ഒരുവി. മാക്‌സ് മില്യന്‍ കോള്‍ബെയുമൊക്കെ മരണമടഞ്ഞത്. കര്‍ത്താവിന്റെ വട്ടന്മാര്‍ എന്ന വിളിയില്‍ നമുക്ക് അപമാനം തോന്നാതിരിക്കാം.

റോമാ 8,28 നമ്മെ പ്രത്യാശാഭരിതരാക്കട്ടെ, കൂടെ ഈ മഹാമാരിയുടെ കാലത്ത് വിശ്വാസത്തോടെ നമുക്ക് ഏറ്റുപറയാം: ‘അത്യുന്നതന്റെ സംരക്ഷണത്തില്‍ വസിക്കുന്നവനും, സര്‍വശക്തന്റെ തണലില്‍ കഴിയുന്നവനും കര്‍ത്താവിനോട് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും. അവിടന്നുനിന്നെ വേടന്റെ കെണിയില്‍ നിന്നും മാരകമായ മഹാമാരിയില്‍
നിന്നും രക്ഷിക്കും (സങ്കീ 91,1-3).


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here


 

യുവജനങ്ങള്‍ക്ക് ആത്മീയ അധ്യയനങ്ങളും പരിശീലനങ്ങളും നല്‍കുന്നതില്‍ ആത്മാര്‍പ്പണം ചെയ്ത നല്ലൊരു പ്രഭാഷകന്‍ കൂടിയാണ് ലേഖകന്‍ sasiimmanuel@gmail.com