നിങ്ങള്‍ മറ്റുള്ളവരില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു വാക്ക് എതാണ് ? ‘തൂലിക’ എന്ന എഴുത്തുകളരിയിലെ ഒരു ചര്‍ച്ചാ വേദിയില്‍ മോഡറേറ്റര്‍ ചോദിച്ചു. ചിലര്‍ പെട്ടെന്നുംമറ്റുചിലര്‍ ചിന്തിച്ചും ഉത്തരം പറഞ്ഞുതുടങ്ങി: ‘ഞാന്‍ മിടുക്കനാണ് എന്ന് മറ്റുള്ളവര്‍ പറയുന്നതാണ് എനിക്കിഷ്ടം.’ ‘നീ നന്നായി ചെയ്തു’, ‘സുഖമല്ലേ’, ‘ഞാനുണ്ട് കൂടെ’, ‘ധൈര്യമായിരിക്കുക’… ഓരോരുത്തരും അവരവരെ സ്വാധീനിക്കുന്ന വാക്കുകള്‍ പറഞ്ഞു.

”നിങ്ങള്‍ പറഞ്ഞ എല്ലാ വാക്കുകളും ഒരു പ്രത്യേക കാര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്; നമ്മുടെ ഹൃദയത്തില്‍ ഇടംപിടിക്കുന്ന മറ്റുള്ളവരുടെ വാക്കുകള്‍ നമുക്കെപ്പോഴും ഹൃദ്യമായിരിക്കും. വാക്കുകള്‍ മാത്രമല്ല, ചെറിയ തലോടല്‍, മൃദുസ്പര്‍ശനം, കണ്ണുനീര്‍ത്തുള്ളികള്‍ എല്ലാം നമ്മെ ശക്തിപ്പെടുത്തുന്നു.”

കൂടെ ഞാനുണ്ട് എന്നൊരുറപ്പാണ്, മറ്റൊരാള്‍ക്ക് നല്‍കാവുന്ന ഏറ്റവും മനോഹരമായ സമ്മാനം. ഓരോ സമ്മാനങ്ങളും ആശംസകളും ഇതുതന്നെയാണ് നമ്മോടു പറയുന്നതും. ഇപ്രകാരമല്ലാത്തതെല്ലാം നിരര്‍ഥകമായി തോന്നും. കാന്‍സര്‍ ബാധിതനായി തല മുണ്ഡനം ചെയ്യേണ്ടിവന്ന ഒരു ഫുട്‌ബോള്‍ കളിക്കാരനെ അയാള്‍ താമസിക്കുന്ന തെരുവിലെ സുഹൃത്തുക്കള്‍ സ്വീകരിച്ചത് അവരുടെ തലയും മുണ്ഡനം ചെയ്തിട്ടാണെന്ന ഒരു കഥ എവിടെയോ വായിച്ചിട്ടുണ്ട്. നമ്മോടൊപ്പമുള്ളവരുടെ ഹൃദയവ്യഥയോട് താദാത്മ്യപ്പെടുക എന്നതാണിത്. ഇംഗ്ലീഷില്‍ ഇതിനെ Empathy എന്ന് പറയും.

കൂടെയുണ്ടെന്ന തോന്നല്‍ ഇല്ലാതാകുമ്പോഴാണ് ബന്ധങ്ങളില്‍ ഉലച്ചിലുണ്ടാകുന്നത്. ഇണയുടെ തുണനഷ്ടമായി എന്ന തോന്നലാണ് ഒരുപരിധിവരെ ദാമ്പത്യത്തിലെ തകര്‍ച്ചയ്ക്ക് കാരണം. ആത്മാര്‍ഥതയില്ലാത്ത കൂട്ടാണ് സൗഹൃദങ്ങളെ അകറ്റുന്നത്. കരുതലിന്റെ കരുത്ത് ചോരുമ്പോഴാണ് കുടുംബ ബന്ധങ്ങളില്‍ താളപ്പിഴകളുണ്ടാകുന്നത്. വാക്കുകൊണ്ടും സാമീപ്യം കൊണ്ടും സഹായങ്ങള്‍കൊണ്ടും കൂടെ നില്‍ക്കുന്നുവെന്ന ഹൃദയത്തിന്റെ ഭാഷ, ചുറ്റുമുള്ളവരില്‍ പകര്‍ത്താനാണ് ഓരോദിനത്തിലും ശ്രദ്ധിക്കേണ്ടത്.ഓരോ വിശുദ്ധവാരവും ഇതാണ്
നമ്മെ ഓര്‍മിപ്പിക്കുന്നത്.

അകന്നുപോയ ബന്ധങ്ങളെ അടുപ്പിക്കാനാണ് ദൈവം മനുഷ്യനായി പിറന്നത്,പീഢകള്‍ക്ക് വിധേയനായത്. ഒപ്പമുണ്ടെന്ന ബോധ്യം നല്‍കാനാണ് അവിടന്ന് ഉയിര്‍ത്തെഴുന്നേറ്റത്.


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here


 

എഡിറ്റര്‍-ഇന്‍-ചീഫ്
jjadvocatesjy@gmail.com