വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടആദ്യത്തെ അല്‍മായ രജിസ്റ്റേര്‍ഡ് നഴ്‌സ്

വാ. ഹന്ന ഷര്‍സനോവ്‌സ്‌ക(Bl. Hanna Chrzanowska) ) -ലോകത്തിന്റെ കണ്ണില്‍വലിയ പ്രത്യേകതകളൊന്നും തോന്നിക്കാത്ത ഒരു സാധാരണ നഴ്‌സ്!എന്തെങ്കിലും പ്രത്യേക മിസ്റ്റിക്ക് അനുഭവങ്ങളോ അസാമാന്യ കഴിവുകളോ ഇല്ലാതിരുന്ന ഒരു എളിയ ക്രൈസ്തവ അല്‍മായ വനിത!എന്നാല്‍ 2018, ഏപ്രില്‍ 28-ന് ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ ഹന്ന വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, അതില്‍ ആരും അത്ഭുതം കൂറിയില്ല. അള്‍ത്താര വണക്കത്തിലേക്ക് ഉയര്‍ത്തപ്പെടാന്‍ മാത്രം യോഗ്യത ഹന്നയ്ക്കുണ്ടോയെന്ന് ആരും സംശയിച്ചുമില്ല! കാരണം, സിസ്റ്റര്‍ ഹന്നയുടെ പരിചരണം ലഭിച്ച രോഗികളും അവളുടെ കൂടെ ആതുര ശുശ്രൂഷാ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവരും തങ്ങളുടെ ‘കരുണയുടെ മാലാഖ’ യിലൂടെ ക്രിസ്തുവിന്റെ സാന്ത്വനിപ്പിക്കുന്ന മുഖവും സൗഖ്യപ്പെടുത്തുന്ന കരസ്പര്‍ശവും അനുഭവിച്ചിരുന്നു. ഹന്ന ഒരു വിശുദ്ധയാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു.

ചെറുപ്പം മുതല്‍ക്കേ പരസ്‌നേഹപ്രവര്‍ത്തനങ്ങളില്‍ ഹന്നഅതീവ താത്പര്യം പ്രകടിപ്പിച്ചിരുന്നു. പാവപ്പെട്ടവരെയും സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരെയും തന്നാല്‍ കഴിയുംവിധം സഹായിക്കാന്‍ കുഞ്ഞു ഹന്ന നന്നേ ശ്രദ്ധിച്ചിരുന്നു. വലുതായിക്കഴിഞ്ഞപ്പോള്‍ ആതുര ശുശ്രൂഷാമേഖലതന്നെ തന്റെ കര്‍മമണ്ഡലമായി തെരഞ്ഞെടുക്കാനും നഴ്‌സിംഗ്പഠിക്കാനും ഹന്നയെ പ്രേരിപ്പിച്ചത് പാവങ്ങളോടുള്ള ഈ സ്‌നേഹാനുകമ്പയാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജീവന്‍ പോലും അപായപ്പെടുത്തിക്കൊണ്ട് മുറിവേറ്റവരെയും രോഗികളെയും ദിനരാത്രങ്ങള്‍ ഹന്ന പരിചരിച്ചു; അവരുടെ ശാരീരികാര്യോഗ്യത്തിനു പുറമേആത്മാവിന്റെ പുരോഗതിക്കായും അവള്‍ ശ്രദ്ധിച്ചിരുന്നു. കുട്ടികള്‍ക്കും വൃദ്ധര്‍ക്കും അനാഥര്‍ക്കും പ്രത്യേകമായ കരുതലും സ്‌നേഹവും നല്‍കി അവള്‍ അവരെശുശ്രൂഷിച്ചു. സുവിശേഷ മൂല്യങ്ങളില്‍ അധിഷ്ഠിതമായി ജീവിക്കാനും ആത്മാര്‍ഥതയോടെ ജോലി ചെയ്യാനും തന്റെ സഹപ്രവര്‍ത്തകരെ ഹന്ന നിരന്തരം ഓര്‍മിപ്പിച്ചിരുന്നു.

ജോലിയില്‍ നിന്നു വിരമിച്ചതിനു ശേഷവും വെറുതെയിരിക്കാന്‍ ഹന്ന മുതിര്‍ന്നില്ല. അവള്‍ തന്റെ അതിരൂപതയിലെ ഇടവകകളില്‍ ശുശ്രൂഷാലയങ്ങള്‍ സ്ഥാപിക്കുകയും അര്‍ഹരായ രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. നിര്‍ധനരുംഅഭയാര്‍ഥികളുമായ കുഞ്ഞുങ്ങള്‍ക്ക് ഉല്ലാസ യാത്രകള്‍ സംഘടിപ്പിക്കുവാനുംരോഗികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അവരുടെ വേദനയില്‍ ആശ്വാസം പകരാനും ഹന്ന ശ്രമിച്ചിരുന്നു. ക്യാന്‍സറിനോടു മല്ലിടുന്ന സമയത്തുപോലും രോഗീശുശ്രൂഷയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ഹന്നയ്ക്ക് ആവുമായിരുന്നില്ല. ഒടുവില്‍ തന്റെ നല്ല ഓട്ടം പൂര്‍ത്തിയാക്കി എഴുപതാം വയസ്സില്‍ ആ ക്രിസ്തുശിഷ്യ സ്വര്‍ഗഭാഗ്യത്തിനര്‍ഹയായി.


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here