നമ്മുടെ നാട്ടില്‍ മനുഷ്യര്‍ക്കൊരു മടുപ്പ് വന്നിട്ടുണ്ടെന്നു തോന്നുന്നു. ഈ ബഹളവും തിരക്കും ആവലാതികളും എങ്ങനെ മടുക്കാതിരിക്കും. രാഷ്ട്രീയത്തിന്റെ പരമ്പരാഗതമായ അലമ്പ് എങ്ങനെയെങ്കിലും സഹിക്കാം. മതങ്ങളും അതേവഴിക്കായാലോ. അതുംപോരാഞ്ഞിട്ട് ഓരോതവണ ഇരുണ്ടുവെളുക്കുമ്പോള്‍ ഓരോ പുതിയ ആള്‍ദൈവവും. തീര്‍ന്നില്ല, സാമാന്യബോധമെന്ന ആശയത്തെപ്പോലും വെല്ലുവിളിക്കുന്ന ഉപദേശങ്ങളും ആചാരങ്ങളും. കാലം പിന്നോട്ടു പായാന്‍ ഇതില്‍ക്കൂടുതല്‍ എന്തുവേണം ? പിന്നെ ജി.ഡി.പി കുറയുന്നു, തൊഴിലില്ലായ്മ കൂടുന്നു, സമൂഹത്തെ അസ്വസ്ഥപ്പെടുത്തുന്ന കല്‍പനകള്‍ ഒന്നൊന്നായി വരുന്നു. എന്തിന് സന്ധ്യയ്ക്ക് അല്‍പം വാര്‍ത്ത കേള്‍ക്കാമെന്നു വിചാരിച്ചാലോ, ചര്‍ച്ചകള്‍കൊണ്ടു തലപെരുക്കുന്നു.

ജീവിക്കാന്‍ ഏതെങ്കിലും നല്ലതീരത്തേക്ക് നീങ്ങുകയേ നിവൃത്തിയുള്ളൂവെന്ന് ചിലര്‍ ചിന്തിച്ചുപോകുകയാണ്. കുടുംബം പുലര്‍ത്താനായി തൊഴില്‍തേടി ഗള്‍ഫിനോ അമേരിക്കയ്‌ക്കോ പോകുന്നതല്ല ഉദ്ദേശിച്ചത്. അത്തരം കുടിയേറ്റക്കാരിലും ഏറ്റവുമധികം ഇന്ത്യക്കാരാണെന്നത് സ്വാഭാവികം. (വേള്‍ഡ്മൈഗ്രേഷന്‍ റിപ്പോര്‍ട്ട് 2020 അനുസരിച്ച് 17.5 മില്യന്‍).ഇപ്പോള്‍ ജീവിതനിലവാരവും സന്തോഷവും തേടിപ്പോകുന്നതിനെക്കുറിച്ചാണ് പുതുതലമുറ പറയുന്നത്. യു.എസ്.എ, കാനഡ, അയര്‍ലന്‍ഡ്,ന്യൂസീലാന്‍ഡ് എന്നിവിടങ്ങള്‍ക്കുപുറമേ മറ്റുചില രാജ്യങ്ങളെക്കുറിച്ചും നമ്മള്‍ സ്വപ്‌നം കാണാന്‍തുടങ്ങിയിട്ടുണ്ട്. വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് അനുസരിച്ച് മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍.വ്യക്തമായി പറഞ്ഞാല്‍ കൂടുതല്‍ സന്തോഷമുള്ള രാജ്യങ്ങള്‍. നോര്‍ഡിക് രാജ്യങ്ങളാണ് പൊതുവേആദ്യ സ്ഥാനങ്ങളില്‍. എന്നുവച്ചാല്‍ ഉത്തരയൂറോപ്പിലെ ഫിന്‍ലന്‍ഡ് (2019-ല്‍ ഒന്നാംസ്ഥാനം) ഡെന്‍മാര്‍ക്ക് (2), നോര്‍വേ (3), ഐസ്‌ലന്‍ഡ് (4), സ്വീഡന്‍ (7). പിന്നെ നെതര്‍ലന്‍ഡ്‌സ് (5), സ്വിറ്റ്‌സര്‍ലന്‍ഡ് (6) അങ്ങനെ പോകുന്നു ആ പട്ടിക.

മതരാഹിത്യമോ ? ഒരിക്കലുമല്ല

യുണൈറ്റഡ് നേഷന്‍സ് സസ്റ്റെയ്‌നബിള്‍ ഡവലപ്‌മെന്റ് സൊല്യുഷന്‍സ് നെറ്റ്‌വര്‍ക്ക് 2012 മുതലാണ് സര്‍വേ നടത്തി ഇങ്ങനെയൊരു റിപ്പോര്‍ട്ട് ഉണ്ടാക്കിവരുന്നത്. സന്തോഷ സൂചിക എന്ന പ്രയോഗം കൂടുതല്‍ പ്രചാരം നേടാന്‍ തുടങ്ങിയതും അങ്ങനെയാണ്. ഈ പട്ടിക വച്ചാണ് മതമില്ലാത്ത രാജ്യങ്ങളിലാണ് ഏറ്റവുമധികം സന്തോഷമെന്ന് നമ്മുടെ നാട്ടിലെ ഒരുകൂട്ടം സാംസ്‌കാരിക നായകന്‍മാരും നിരീശ്വരവാദികളും
വാട്‌സാപ് വഴി ബോധവത്ക്കരണം നടത്താന്‍ശ്രമിക്കുന്നതും. പക്ഷേ, ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ മതം ഒരു മാനദണ്ഡമായി സ്വീകരിച്ചിട്ടേയില്ല. മാത്രമല്ല മതരഹിതം എന്ന് ഏതെങ്കിലും രാജ്യം പ്രഖ്യാപിച്ചതായി എവിടെയും കണ്ടിട്ടില്ല. പിന്നെ രാജ്യത്തെ മതവിശ്വാസമില്ലാത്തവരുടെ ശതമാനത്തിലെഏറ്റക്കുറച്ചിലുകള്‍ മാത്രമാണു പറയുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഏറ്റവും മുന്നിലുള്ള രാജ്യങ്ങളില്‍ അവിശ്വാസികളുടെ ശതമാനം കൂടുതലാണ് എന്നൊരു നിരീക്ഷണം മാത്രമേ സാധ്യമാകൂ. പക്ഷേ, അപ്പോഴും മതവിശ്വാസം കുറഞ്ഞതിനാലാണ് അവയ്ക്ക് മികച്ച റാങ്ക് കിട്ടിയതെന്നു വാദിക്കാനാകില്ല. കാരണം സര്‍വേ പ്രധാനമായും സാമ്പത്തിക സ്ഥിതി കണക്കിലെടുത്തുള്ളതാണ്. ആളോഹരി ആഭ്യന്തര ഉത്പാദനം എത്രയെന്നതാണ് (ജി.ഡി.പി പെര്‍ ക്യാപിറ്റ) ആദ്യത്തെ ചോദ്യം. പിന്നെ ആരോഗ്യത്തോടെയുള്ള ശരാശരി ആയുസ്സ്, സാമൂഹികപിന്തുണ, തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള സ്വാതന്ത്ര്യം, ഉദാര മനോഭാവം, അഴിമതിയുടെ വ്യാപനം തുടങ്ങിയ സൂചികകളിലൂടെയാണ് ഹാപ്പിനസ് നിശ്ചയിക്കുന്നത്. ചുരുക്കത്തില്‍ സര്‍വേയില്‍ തെളിയുന്നത് ജനങ്ങളുടെ ജീവിതത്തിലെ സംതൃപ്തിയും ക്ഷേമവുമാണ്. ഇതാകട്ടെ വലിയൊരളവുവരെ സര്‍ക്കാരുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. മതവിശ്വാസം കുറവ് എന്നതിനേക്കാള്‍ ഈ രാജ്യങ്ങള്‍ക്ക് പൊതുവായി ഒട്ടേറെ ഘടകങ്ങളുണ്ട്. ഭൂമിശാസ്ത്രപരമായ അടുപ്പം മുതല്‍ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക രംഗത്തെ സമാനതകള്‍ വരെ.

ചില യാഥാര്‍ഥ്യങ്ങള്‍

മതരാഹിത്യം അവരെ സാമ്പത്തിക ഉന്നമനത്തിലേക്ക് എത്തിച്ചു എന്നതിനുപകരംസാമ്പത്തിക സുസ്ഥിതി അവരുടെ മതബോധത്തിന്റെ ഗൗരവം കുറച്ചു എന്നു മനസ്സിലാക്കുന്നതായിരിക്കും ഉചിതമെന്നു തോന്നുന്നു. മാത്രമല്ല, മതമില്ലായ്മയാണ് സന്തോഷത്തിന്റെ ഏറ്റവും വലിയ ഉറവിടമെങ്കില്‍ ആദ്യ റാങ്ക് ചൈനയ്ക്കു കിട്ടുമായിരുന്നല്ലോ.നിലവില്‍ ചൈനയ്ക്ക് 93 ആണ് സ്ഥാനം. മാത്രമല്ല, ഇസ്രയേല്‍ (13), യു.കെ (15), യു.എ.ഇ (21) എന്നീ രാജ്യങ്ങള്‍ പട്ടികയില്‍ താഴെപ്പോകുകയും ചെയ്യുമായിരുന്നു. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. മതത്തിന്റെ ചരട് തലതിരിഞ്ഞിവരുടെ കൈയില്‍ ഏല്‍പിച്ച രാജ്യങ്ങളെല്ലാം അനുഭവിക്കുന്നുണ്ട്.

ഹാപ്പിനസ് റിപ്പോര്‍ട്ടിനെതിരെ ശക്തമായ വിമര്‍ശനങ്ങളുമുണ്ട്. യാഥാര്‍ഥ്യത്തെയല്ല അതുകാണിക്കുന്നതെന്ന് ഇന്ത്യയിലെ മാധ്യമങ്ങളടക്കം കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ റാങ്ക് 140 ആണ്. ഒന്നാം റാങ്കുള്ള ഫിന്‍ലന്‍ഡിലും മറ്റു നോര്‍ഡിക് രാജ്യങ്ങളിലുമെല്ലാം മാനസികാരോഗ്യം കുറവാണെന്നകാര്യം ബി.ബി.സി അടക്കമുള്ള മാധ്യമങ്ങള്‍ എടുത്തുപറയുന്നു. (https://www.bbc.com/worklife/article/20190924-being-depressed-in-the-worlds-happiest-country). അതേസമയം, ഭൂട്ടാനില്‍ ഗ്രോസ് നാഷനല്‍ ഹാപ്പിനസ് എന്നൊരു സൂചികയുമുണ്ട്.

നോര്‍ഡിക് രാജ്യങ്ങളിലെയും ഭൂട്ടാനിലെയും ഹാപ്പിനസ് എന്തുമാകട്ടെ. ഏറ്റവും വലിയ യാഥാര്‍ഥ്യം എല്ലാവര്‍ക്കും അവിടേക്കു പോകാനാകില്ല എന്നതാണല്ലോ. ഇവിടെ, ഈ സമയം, ഈ തിരക്കിനും ബഹളത്തിനുമിടയില്‍ ജീവിക്കുന്നവര്‍ക്ക് ആനന്ദത്തിന് എന്തു വഴിയെന്നതാണു പ്രസക്തമായ ചോദ്യം. പോക്കറ്റില്‍ പണം കുറവുള്ളപ്പോള്‍, രാഷ്ട്രീയവും ജാതിയും മതവുമെല്ലാം കോലാഹലമുണ്ടാക്കുമ്പോള്‍, ഓരോവര്‍ഷവും വെള്ളപ്പൊക്ക ഭീഷണിയുള്ളപ്പോള്‍.. രാജ്യത്തെ ഭരണം നന്നാക്കുന്നതിലും വന്‍ശക്തികളെ നിലയ്ക്കുനിറുത്തുന്നതിലും ജി.ഡി.പി വളര്‍ച്ച കൂട്ടുന്നതിലും പ്രകൃതിയെ നിയന്ത്രിക്കുന്നതിലും നമുക്ക് ചെയ്യാന്‍ കഴിയുന്നതിന് പരിധിയുണ്ട്. പെട്ടെന്നൊരു ദിവസം നമ്മുടെ രാജ്യംവടക്കന്‍ യൂറോപ്പുപോലെയാകുമെന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോ. അപ്പോള്‍ സന്തോഷമെന്നത് ഓരോരുത്തരും വ്യക്തിപരമായി കണ്ടെത്തേണ്ട ഒന്നാണെന്നു സമ്മതിക്കേണ്ടിവരും.

വിശ്വാസിയും ആനന്ദവും

ക്രിസ്തുവിലേക്കു നോക്കിയാല്‍ എന്തുകിട്ടും ? എന്തായാലും ആനന്ദാനുഭവ ധ്യാനംഎന്നൊരു ഒറ്റമൂലിയൊന്നും അയാള്‍ പറഞ്ഞുതന്നിട്ടില്ല. എല്ലാ ജീവിത യാഥാര്‍ഥ്യങ്ങളെയും കണ്ടുകൊണ്ടാണു ക്രിസ്തുസംസാരിക്കുന്നത്. ആനന്ദത്തെക്കുറിച്ചുള്ളഅയാളുടെ ആശയങ്ങള്‍ ജി.ഡി.പി അടിസ്ഥാനപ്പെടുത്തിയുള്ളതല്ല എന്നതാണു വലിയൊരാശ്വാസം. അപ്പോള്‍ ഏതു മൂന്നാം ലോകരാജ്യത്തെ പൗരന്മാര്‍ക്കും പ്രതീക്ഷയുണ്ടെന്നു ചുരുക്കം. ക്രിസ്തുവിനെ സംബന്ധിച്ച് സന്തോഷം എന്നതു സ്‌നേഹവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. അല്ല, അത് സ്‌നേഹം തന്നെയാണ്. മുന്തിരിച്ചെടിയെയും ശാഖകളെയും നോക്കി അയാള്‍ പറഞ്ഞുവയ്ക്കുന്നത് അങ്ങനെയാണ്. സ്‌നേഹത്തില്‍ നിലനില്‍ക്കുക, സന്തോഷമുണ്ടാകുമെന്ന്.

മനോഭാവമല്ലേ പ്രധാനം

യോഹന്നാന്റെ 15-ാം അധ്യായം ഒന്നുകൂടിവായിച്ചുനോക്കണം അതില്‍ 17-ാമത്തെ വാക്യമുണ്ട്. രണ്ടുവാക്കുകളുള്ളൊരു കല്‍പനയാണത്. പരസ്പരം സ്‌നേഹിക്കുക. പരസ്പരം എന്നു പറയുമ്പോള്‍ ഏറ്റവും കുറഞ്ഞത് രണ്ടു വ്യത്യസ്ത വ്യക്തികളുണ്ടാകണമല്ലോ. അപ്പോള്‍ ക്രിസ്തുവിന്റെ ഭാഷയില്‍ ഹാപ്പിനസ് ഉണ്ടാകാന്‍ മറ്റുള്ളവരോടുള്ള മനോഭാവമാണ് ഏറ്റവും പ്രധാനം.മത്തായിയുടെ 7-ാം അധ്യായത്തില്‍ കുറച്ചുകൂടി ഡയറക്ടായി പറയുന്നുണ്ട്. മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്തുതരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം അവര്‍ക്കു ചെയ്തുകൊടുക്കണമെന്ന് (12). അപ്പോള്‍ മറ്റുള്ളവരെ സ്‌നേഹിക്കാന്‍ പഠിക്കുന്നവര്‍ക്കാണ് ഇവിടെ സന്തോഷത്തോടെ ജീവിക്കാനാകുന്നത്.

ഇതിന്റെ പ്രായോഗികതയില്‍ സംശയമുള്ളവര്‍ക്ക് പറഞ്ഞു പഴകിയ ചില ഉദാഹരണങ്ങള്‍ വീണ്ടും പരിശോധിക്കാം. ഏതുകുടുംബത്തിലാണ് പരസ്പര സ്‌നേഹമില്ലാതെ സന്തോഷമുണ്ടായിരിക്കുന്നത് ? അയല്‍ക്കാരുമായി കലഹിക്കുന്നവരും അവരുമായി സ്‌നേഹത്തില്‍ കഴിയുന്നവരും തമ്മിലുള്ള വ്യത്യാസം കണ്ടിട്ടില്ലേ?

കാക്കണം ബന്ധങ്ങള്‍,പ്രത്യേകിച്ച് ദൈവവുമായി

ഇനി മറ്റൊരു കാര്യം. എപ്പോഴാണ് മനുഷ്യന്റെ സന്തോഷം സത്യത്തില്‍ പെട്ടെന്നങ്ങ്
ഒലിച്ചു പോകുന്നത് ? നമ്മുടെ മാത്രം ജീവചരിത്രം വായിച്ചാല്‍ മതി. ബന്ധങ്ങളിലുണ്ടായ വിള്ളലുകളേക്കാള്‍ നമ്മളെ കരയിച്ച മറ്റൊന്നുമുണ്ടാകില്ല. ആളുകളെ അധികവും വിഷാദത്തിലേക്കു തള്ളിവിടുന്നതും ബന്ധങ്ങളിലെ ഉലച്ചിലുകളായിരിക്കും.രോഗങ്ങളും സാമ്പത്തിക നഷ്ടങ്ങളും രണ്ടാം സ്ഥാനത്തേ വരാന്‍ വഴിയുള്ളൂ. ഈ രണ്ടു സാഹചര്യങ്ങളിലും കൈപിടിക്കാന്‍ സ്‌നേഹിതരുണ്ടെങ്കില്‍ കരകയറാനാകുമെന്നു തെളിയിച്ചവരും ഏറെയാണല്ലോ.

മനുഷ്യന്റെ സന്തോഷം നശിപ്പിക്കുന്ന മറ്റൊരു കാര്യം ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണെന്നും ക്രിസ്തുവിനറിയാം. എന്തു ഭക്ഷിക്കും, എന്തുടുക്കും എന്നൊക്കെയുള്ള ചിന്തകള്‍. അവിടെയും അയാള്‍ക്ക് ഉത്തരമുണ്ട്. ദൈവപരിപാലനയിലെ ആശ്രയം. എല്ലാം ശരിയാകുമെന്ന വെറും ശുഭാപ്തിവിശ്വാസമല്ല ക്രിസ്തു പ്രചരിപ്പിക്കുന്നത്. മനുഷ്യനെ മനസ്സിലാക്കുന്ന ഒരു പിതാവുണ്ടെന്നും അവിടന്ന് മറക്കില്ലെന്നുമാണ്. മാത്രമല്ല, ഓരോ ദിനത്തിനും അതാതിന്റെ ക്ലേശം മതിയെന്ന പ്രായോഗിക യുക്തിയുമുണ്ട് ക്രിസ്തുവിന്റെ വാക്കുകളില്‍
(മത്താ 6,34).

നോക്കൂ, ഇതൊരു ഹാപ്പിനസ് റിപ്പോര്‍ട്ടല്ലേ ?

സഹനസാഹചര്യങ്ങളും ക്രിസ്തു കണ്ടില്ലെന്നു നടിക്കുന്നില്ല. പീഡനമേല്‍ക്കുന്നവരെ അവന്‍ ഭാഗ്യവാന്‍മാരെന്നു വിളിക്കുകയാണ്. നീതിക്കുവേണ്ടിയാണ് അവരുടെ സഹനമെങ്കില്‍ അതും ആനന്ദം തന്നെയെന്നാണ് ക്രിസ്തുവിന്റെ കാഴ്ചപ്പാട്. അതിനും ഒരുപാട് ഉദാഹരണങ്ങളുണ്ട്. കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള മാതാപിതാക്കളുടെ സഹനം മുതല്‍ നീതിക്കുവേണ്ടിയുള്ള വിപ്ലവകാരികളുടെസഹനങ്ങള്‍വരെ ഇത്തരത്തിലുള്ളതല്ലേ? ഇവിടെയും മറ്റുള്ളവര്‍ എന്നത് പ്രധാനം തന്നെ.

അങ്ങനെ ഒരാളുടെ ക്ഷേമം, ഭൗതികസംതൃപ്തി എന്നിവയ്‌ക്കൊക്കെ ഉപരിയായി മനുഷ്യന്റെ സന്തോഷത്തെ ക്രിസ്തു ഉയര്‍ത്തുകയാണ്. അതിന്റെ പൂര്‍ണത അയാള്‍ ഉറപ്പിക്കുന്നത് ഈ ലോകത്തിന്റെ അതിര്‍ത്തികൡലുമല്ല. നിത്യജീവിനിലാണ്. അതുകൊണ്ടാണല്ലോ ഞാന്‍ നല്‍കുന്ന സന്തോഷം ആരും നിങ്ങളില്‍നിന്ന് എടുത്തുകളയില്ല എന്നു ക്രിസ്തു പറയുന്നത്.

ക്ഷേമവും ഭൗതിക സംതൃപ്തിയുംസാമ്പത്തിക സ്ഥിതിയെ ആശ്രയിച്ചിരിക്കുന്നതിനാല്‍ എല്ലാവര്‍ക്കും എത്തിപ്പിടിക്കാനാകണമെന്നുമില്ല. എന്നാല്‍ ക്രിസ്തുവിന്റെ ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ എല്ലാവരുംഉള്‍പ്പെടുന്നുണ്ട്. തെരുവില്‍ ജീവിക്കുന്നവരും കുടിയേറ്റത്തൊഴിലാളികളും കിടപ്പായിപ്പോയവരും അടിച്ചമര്‍ത്തപ്പെട്ടവരുമെല്ലാം. അല്ലെങ്കില്‍ത്തന്നെ എല്ലാവരും ഉള്‍പ്പെടാതെയുള്ള സന്തോഷം എന്തു സന്തോഷമാണ് ? ഇനി ക്രിസ്തുവിന്റെ സന്തോഷം സ്വീകരിക്കുന്നവരെല്ലാം ലക്ഷണമൊത്ത മതവിശ്വാസികളാകണമെന്നുപോലുമില്ല. കാരണം കര്‍ത്താവേ കര്‍ത്താവേ എന്നു വിളിക്കുന്നവരല്ല,പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണല്ലോ അവന്റെ കണക്കില്‍ അര്‍ഹതയുള്ളവര്‍ (മത്താ 7,21).


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here