എന്റെ മക്കള്‍ എന്നെപ്പോലെതന്നെ ഫുട്‌ബോള്‍ കളിക്കാര്‍ ആകണം എന്നാണ് എന്റെ ആഗ്രഹം. പക്ഷേ, അവര്‍ക്ക് ഫുട്‌ബോള്‍ കൊടുക്കുന്നതിനു മുമ്പ് ഞാനവര്‍ക്ക് പുസ്തകങ്ങള്‍ വായിക്കാന്‍ കൊടുക്കും. കാരണം പെനാല്‍റ്റിബോക്‌സിനുള്ളില്‍ പന്ത് കിട്ടിയാല്‍ഭാവനയാണ് ഒരുവനെ നല്ല ഫുട്‌ബോള്‍ പ്ലെയര്‍ ആക്കുന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍, ടെക്‌നോളജി ഇത്രയുംവളര്‍ന്ന സാഹചര്യത്തില്‍, കൈയിലിരിക്കുന്ന മൊബൈല്‍ ഫോണില്‍ ലോകം മുഴുവന്‍ ചുരുങ്ങുന്ന വേളയില്‍ വായനയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് തന്റെ മക്കള്‍ക്ക് ഏറ്റവും നല്ല സുഹൃത്തുക്കളായി പുസ്തകങ്ങളെ പരിചയപ്പെടുത്തുകയാണ് ലോക ഫുട്‌ബോളില്‍ ആറ് തവണ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ഏക വ്യക്തിയായ ലയണല്‍ ആന്ദ്രേ മെസ്സി എന്ന കാല്‍പന്തുകളിയുടെ ഈ രാജകുമാരന്‍.’

വായിച്ചാല്‍ വളരും വായിച്ചില്ലെങ്കില്‍ വളയും” എന്ന് മലയാളത്തിന്റെ പ്രിയ കവി കുഞ്ഞുണ്ണിമാഷ്പാടുമ്പോള്‍ വായനയുടെ പ്രാധാന്യം വ്യക്തമാവുകയാണ്.

ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങള്‍ രണ്ടെണ്ണത്തിലാണ് ഏറ്റവും കുറവ് സാക്ഷരത നിരക്ക് എന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ രാജ്യങ്ങളില്‍ 61% കുട്ടികള്‍ അക്ഷരാഭ്യാസം ഇല്ലാത്തവരാണെന്നും ഈ പഠനം പറയുന്നു.

ലോകത്താകമാനമുള്ള ജയിലുകളില്‍ കഴിയുന്നവരില്‍ 71 ശതമാനവും വായന ഇഷ്ടം ഇല്ലാത്തവരാണ്, അല്ലെങ്കില്‍ വായനയോട് താത്പര്യം ഇല്ലാത്തവരാണ് എന്ന് ഇന്റര്‍നാഷണല്‍ പ്രിസണ്‍ ഫോറത്തിന്റെ സര്‍വേ വെളിപ്പെടുത്തുന്നു. ഈ രണ്ടു കണക്കുകളും നമ്മുടെ കണ്ണുകള്‍ തുറപ്പിക്കേണ്ടതാണ്.

ദാരിദ്ര്യവും കുറ്റകൃത്യങ്ങളും വായന ഇല്ലായ്മയുടെ പരിണിത ഫലങ്ങള്‍ ആയി ഐക്യരാഷ്ട്ര സംഘടന തന്നെ ചൂണ്ടിക്കാണിക്കുമ്പോള്‍ വായനയുടെ പ്രാധാന്യം എന്തെന്ന് നമുക്കൊന്ന് ചിന്തിക്കാം.

വായനയും ഭാവനയും

ലയണല്‍ മെസ്സിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക. തനിക്ക് ചുറ്റും കൂടുന്ന എതിര്‍ കളിക്കാരെ വെട്ടി ഒഴിഞ്ഞ് ഗോള്‍ പോസ്റ്റിലേക്ക് പന്ത് ഷൂട്ട്‌ചെയ്യുന്ന ഒരു ഫുട്‌ബോള്‍ ഫോര്‍വേഡിന് ഏറ്റവും ആവശ്യമായ കാര്യം നല്ല ഭാവന ശേഷിയാണ് എന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്ന വ്യക്തിയാണ് ലയണല്‍ മെസ്സി.

തനിക്ക് നൈസര്‍ഗികമായി കിട്ടിയഈ ഭാവനാശേഷി തന്റെ കുട്ടികള്‍ക്കുണ്ടാവുന്നത് വായനയിലൂടെ ആണ് എന്ന് അദ്ദേഹം തിരിച്ചറിയുന്നു. ഇതു തന്നെയാണ്വായനാശീലം നമുക്ക്തരുന്ന ഒന്നാമത്തെ ഗുണം. വായന നമ്മുടെഭാവനകളെ ഉണര്‍ത്തുന്നു. പെട്ടെന്നൊരു പ്രശ്‌നമുണ്ടാകുമ്പോള്‍, ജീവിതത്തില്‍ പകച്ചു നില്‍ക്കുന്നവരാണ് ഭൂരിപക്ഷം യുവജനങ്ങളും. ഒരു ദുരന്തത്തെ എങ്ങനെ നേരിടണംഎന്നറിയാതെ നമ്മുടെ യുവത്വം പകച്ചു നില്‍ക്കുന്നതിന് പ്രധാനപ്പെട്ട കാരണം വായന കുറഞ്ഞു പോയതാണ്.

ഭാവനയെ ഉണര്‍ത്തുന്ന കഥാകാരന്മാരും ചെറുകഥാകൃത്തുക്കളും ധാരാളമുള്ളനാടാണ് നമ്മുടെ കൊച്ചു കേരളം.

വൈക്കം മുഹമ്മദ് ബഷീര്‍, തകഴി, എം.ടി. വാസുദേവന്‍ നായര്‍ മുതലായവരൊക്കെ തുറന്നിടുന്ന ജാലകങ്ങളിലൂടെ ഒരുനോക്ക് പുറംലോകത്തേക്ക് നോക്കുവാന്‍ നമ്മുടെ യുവത്വം തയ്യാറായിരുന്നെങ്കില്‍?

വായനയും വികാരങ്ങളും

വായന ഏറ്റവും വലിയ സ്‌ട്രെസ്സ് റിലീസറാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.6 മിനിറ്റ് നേരത്തെ വായന 68% മാനസിക സമ്മര്‍ദവും ലഘൂകരിക്കുന്നുവെന്ന് മനഃശാസ്ത്ര പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.

പരീക്ഷകളുടെയും ജോലി ഭാരത്തിന്റെയും തൊഴിലില്ലായ്മയുടെയും ബന്ധങ്ങളുടെയുമൊക്കെ വൈകാരിക സമ്മര്‍ദത്തില്‍ അടിപ്പെട്ട് കേരള യുവത്വത്തില്‍ 72% പേര്‍ഡിപ്രഷന് വശംവദരാണെന്ന് കേരള ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു.

അങ്ങനെയെങ്കില്‍ വായനയില്ലാത്ത ഒരു യുവത്വമാണ് നമ്മുടെ മുന്‍പിലുള്ളത് എന്ന് തുറന്നു സമ്മതിക്കേണ്ടിവരും!

തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ അല്പസമയം ഏറ്റവും ഇഷ്ടമുള്ള ഒരു വിഷയം പ്രതിപാദിക്കുന്ന പുസ്തകവുമായി അല്പമൊന്നിരിക്കാന്‍ നമ്മുടെ യുവജനങ്ങള്‍ തയ്യാറായിരുന്നെങ്കില്‍?

വായനയും കരിയറും

172 പൊതുപരീക്ഷകള്‍ എഴുതുകയും കൂടുതല്‍ തവണ ഒന്നാം റാങ്കില്‍ പാസ്സാവുകയും ചെയ്ത മുന്‍ ഐ.പി.എസ് ഓഫീസര്‍ ശ്രീ.അലക്‌സാണ്ടര്‍ ജേക്കബ് ഉദ്യോഗാര്‍ഥികളോട് പറയുന്ന വിജയരഹസ്യം, നിത്യേനയുള്ള തന്റെ വായനാശീലമാണ്.

കേരള പോലീസിലെ ഏറ്റവും സമര്‍ത്ഥനായകുറ്റാന്വേഷകന്‍ എന്ന പേരില്‍ അറിയപ്പെട്ട റിട്ടയേഡ് എസ്.പി. ശ്രീ.ജോര്‍ജ് ജോസഫ് തന്റെ കരിയറിലെ മികച്ച പ്രകടനങ്ങള്‍ക്ക് നന്ദി പറയുന്നത് തന്റെ പരന്ന വായനാ ശീലത്തോടാണ്. പത്രങ്ങളിലും പുസ്തകങ്ങളിലും ലഭിക്കുന്ന ഏത് ക്രൈം സ്റ്റോറിയും അദ്ദേഹം വിടാതെ വായിക്കുമായിരുന്നു.

കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടിഎന്ന ഗാനത്തിലൂടെ മലയാളത്തിലെ അനശ്വരമായ ഗാനരചയിതാക്കളുടെ നിരയില്‍ സ്ഥാനം നേടി, പ്രമദവനം വീണ്ടുംപുതുരാഗം ചൂടി, കളിവീടുറങ്ങിയല്ലോ, വേളിക്ക് വെളുപ്പാന്‍ കാലം, പാതിരാമഴയേതോ, വാല്‍ക്കണ്ണെഴുതിയ മകരനിലാവിന്‍… തുടങ്ങി അനേകം ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിനെകുളിര്‍മയണിയിച്ച ശ്രീ കൈതപ്പുറം ദാമോദരന്‍ നമ്പൂതിരി ന്റെ സര്‍ഗശേഷിക്ക് കടപ്പെട്ടിരിക്കുന്നത് വായനാ ശീലത്തോടാണ്. തന്റെ മനസ്സിലുള്ള ഭാവനയെ കൃത്യമായ വാക്കുകള്‍കൊണ്ട് വര്‍ണിക്കാന്‍ തനിക്ക് സാധിക്കുന്നത്, സ്‌കൂള്‍ പഠന കാലഘട്ടത്തിലെ വായനാശീലം മൂലമാണെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്.

ജാസി ഗിഫ്റ്റുമായി ചേര്‍ന്ന് ‘ലജ്ജാവതിയെ’ എന്ന ഗാനം ചിട്ടപ്പെടുത്തുമ്പോള്‍ താളത്തോളംഒപ്പം ആ വരികളും യുവമനസ്സുകളെ ഹരം കൊള്ളിക്കുന്നതില്‍, അദ്ദേഹം നന്ദി പറയുന്നത് താന്‍ വായിച്ചപുസ്തകങ്ങളുടെ എഴുത്തുകാരോടാണ്.

ഏത് ജീവിത മേഖലയിലായാലും വായനാശീലം നമ്മുടെ കരിയറിനെ കരുപ്പിടിപ്പിക്കുകതന്നെ ചെയ്യും എന്നതിന് ഉത്തമ ദൃഷ്ടാന്തങ്ങളാണിവര്‍.

വായനയും വ്യക്തിത്വ വികസനവും

സ്വയം അറിയുകയാണ് ലോകത്തിലെ ഏറ്റവും വലിയ അറിവ് എന്ന് ഗ്രീക്ക് തത്ത്വചിന്തകനായ സോക്രട്ടീസ് അഭിപ്രായപ്പെടുന്നു. നമ്മുടെ എല്ലാ അറിവുകളും നമ്മെക്കുറിച്ച് തന്നെ ഉള്ള അറിവാണ് എന്നത് ഈ ചിന്തയുടെ ഒരു മറുവശം ആണല്ലോ?

നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ സാങ്കേതിക വസ്തുക്കളും നമ്മുടെ ഇന്ദ്രിയങ്ങളുടെ വിപുലീകരണം മാത്രമാണ് എന്ന് കനേഡിയന്‍ സാമൂഹ്യ ശാസ്ത്രജ്ഞനായ മാര്‍ഷ്യല്‍ മക്‌ളൂഹന്‍ പറയുന്നു.നമ്മുടെ കാലുകളുടെ എക്‌സറ്റഷന്‍ ആണ് വാഹനങ്ങള്‍, ചെവിയുടെ വിപുലീകരണം ആണ്‌ഫോണ്‍. അങ്ങനെയെങ്കില്‍ബുദ്ധിശക്തിയുടെ വിപുലീകരണം ആണ് വായനയില്‍ നടക്കുന്നത്.

അതുകൊണ്ടാവാം ‘തലച്ചോറിന്റെ ഭക്ഷണമാണ് വായന’ എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിന് ആരോഗ്യമുള്ള ഭക്ഷണം എന്നതുപോലെതന്നെ ആരോഗ്യമുള്ള വായനാശീലം തലച്ചോറിനും അത്യന്താപേക്ഷിതമാണ്.

വായന നമ്മുടെ ഓര്‍മശക്തിയെ വര്‍ധിപ്പിക്കും.

ഒരു ദിവസം അര മണിക്കൂര്‍ സമയം ഇഷ്ടമുള്ള പുസ്തകങ്ങളുടെ വായനയ്ക്ക് ചെലവഴിക്കുന്നത്, ഏഴ് വര്‍ഷത്തിനുള്ളില്‍ആ വിഷയത്തില്‍ ഒരു പ്രഭാഷകനാവാന്‍ഒരാളെ സഹായിക്കുമെന്ന്, വായനയെക്കുറിച്ചുള്ള പഠനത്തില്‍ ഐക്യരാഷ്ട്ര സംഘടന പറഞ്ഞുവയ്ക്കുന്നുണ്ട്.

ഒരുവന്റെ ആരോഗ്യം എന്നതുപോലെ തന്നെയാണ് അവന്റെ അറിവും. രണ്ടിനുംപകരം വയ്ക്കാന്‍ പണത്തിനും ആകില്ല എന്നതാണ് വാസ്തവം.

വ്യക്തിത്വ വികസനത്തില്‍ വായനയെപോലെ നമ്മെ സഹായിക്കുന്ന മറ്റൊരുവസ്തുത ഇല്ല. മറ്റുള്ളവരോട് സംസാരിക്കാനുള്ള ആര്‍ജവവും അറിവും പ്രധാനം ചെയ്യുന്നതില്‍ വായനക്കുള്ള പ്രാധാന്യം വളരെയേറെ ആണെന്ന് ഈ വസ്തുതകള്‍ നമ്മെ പഠിപ്പിക്കുന്നു.

ഇത്രയേറെ പ്രാധാന്യം വായനാശീലത്തിന്ഉണ്ടെങ്കില്‍, ഈ നല്ല ശീലം വളര്‍ത്തിയെടുക്കാനുള്ള മൂന്നു കുറുക്കുവഴികള്‍ കൂടി കുറിക്കാം:

1. ഇഷ്ടമുള്ളത് വായിച്ചു തുടങ്ങാം, ഒപ്പം കരിയറില്‍ ഉപകാരപ്രദമായ മറ്റൊരു വിഷയം കൂടിവായിച്ചു തുടങ്ങിയാല്‍ ഏറ്റവും നല്ലത്.

2. ഏതു യാത്രയിലും ഇഷ്ടമുള്ള ഒരുപുസ്തകം കൈയില്‍ കരുതാം.

3. വായനയില്‍ ലഭിക്കുന്ന രസകരമായ വാക്കുകളും വാചകങ്ങളും മൊബൈല്‍ നോട്ടിലെങ്കിലും കുറിച്ചുവയ്ക്കുക.

വായന എന്നും വളര്‍ത്തിയിട്ടേയുള്ളൂ… തളര്‍ത്തിയിട്ടില്ല!


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here